മനാമ: ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ (എസ്.എൻ.സി.എസ്) ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24വരെ വിപുലമായി ആഘോഷിക്കും.15ന് വൈകീട്ട് 7.30ന് എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങോടുകൂടി നവരാത്രി മഹോത്സവത്തിന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദ്യാരംഭദിവസം വയലാർ ശരത് ചന്ദ്രവർമ ഗുരുവായി കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും. പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ഗുരുവിന്റെ കൈപിടിച്ച് ഹരിശ്രീ എഴുതാമെന്നത് ഈവർഷത്തെ പ്രത്യേകതയാണെന്നും ഭാരവാഹികൾ പറഞ്ഞു.
നൃത്തസംഗീതാതി കലകൾക്കും നാന്ദികുറിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം. 23ന് വൈകീട്ട് 7.30ന് അദാരി പാർക്കിലെ സീസൺ 1 ഹാളിൽ വയലാറിന്റെ പാട്ടുകൾ അണിയിച്ചൊരുക്കി ‘ഈ മനോഹരതീരത്ത്’ എന്ന ദൃശ്യവിരുന്നും നടക്കും. പ്രവേശനം സൗജന്യമാണ്. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി വിവിധ ഭാഗങ്ങളിൽനിന്ന് വാഹനസൗകര്യം ഏർപ്പെടുത്തും. വിജയദശമി നാളിൽ എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വയലാർ ശരത്ചന്ദ്രവർമ മലയാളം പാഠശാലയിലെ വിദ്യാർഥികളുമായും പൊതുസമൂഹവുമായും സംവദിക്കും. വാർത്തസമ്മേളനത്തിൽ എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ആക്ടിങ് ജനറൽ സെക്രട്ടറി പ്രസാദ് വാസു, പ്രോഗ്രാം ഡയറക്ടർ സുരേഷ് കരുണാകരൻ, കൾചറൽ സെക്രട്ടറി കൃഷ്ണകുമാർ. ഡി, സ്പോർട്സ് സെക്രട്ടറി അനിയൻ നാണു, നവരാത്രി മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ ബിജു.പി.സി എന്നിവർ പങ്കെടുത്തു. പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബിജു. പി.സി (37134323) ജയേഷ്. വി. കെ (39322860) എന്നിവരുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.