മനാമ: ആരോരും തുണയില്ലാതെ മാസങ്ങളായി പാർക്കിൽ അന്തിയുറങ്ങേണ്ടി വന്ന യുവാവിന് ഒടുവിൽ മോചനം. വിസിറ്റിങ് വിസയിലെത്തി ജോലി ലഭിക്കാതെ കഷ്ടപ്പെട്ട തമിഴ്നാട് സ്വദേശിയെയാണ് സാമൂഹികപ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ചത്. മനാമയിലെ പാർക്കിൽ ഏഴു മാസമായി ശരിയായ ഭക്ഷണവും പാർപ്പിടവുമില്ലാതെ വെട്രിവേൽ രാധാകൃഷ്ണനെന്ന തമിഴ്നാട് സ്വദേശി കഴിയുന്നുണ്ടെന്ന വിവരം തൊഴിലാളികളാണ് സാമൂഹികപ്രവർത്തകൻ അമൽദേവിനെ അറിയിച്ചത്. അമൽദേവ് ഉടൻ സ്ഥലത്തെത്തി വിവരങ്ങൾ മനസ്സിലാക്കി. അന്വേഷിച്ചപ്പോൾ വെട്രിവേൽ രാധാകൃഷ്ണന് പാസ്പോർട്ടോ മറ്റ് രേഖകളോ ഇല്ലെന്നു മനസ്സിലായി.
പാർക്കിൽ താമസിച്ചിരുന്ന സമയത്ത് പാസ്പോർട്ട് മോഷ്ടിക്കപ്പെടുകയായിരുന്നു. രണ്ടുവർഷം മുമ്പാണ് ഇദ്ദേഹം വിസിറ്റിങ് വിസയിൽ ബഹ്റൈനിലെത്തിയത്. ജോലി നൽകാമെന്നേറ്റിരുന്നയാൾ സ്ഥാപനം പൂട്ടി ബഹ്റൈൻ വിടുകയും ചെയ്തു. ഇതോടെ വെട്രിവേൽ രാധാകൃഷ്ണൻ അക്ഷരാർഥത്തിൽ തെരുവിലായി. തണുപ്പിൽ ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന് പ്രാഥമിക പ്രവർത്തനങ്ങളുടെ ഭാഗമായി അമൽദേവ് മുൻകൈയെടുത്ത് ശീതകാല വസ്ത്രങ്ങൾ, താമസസ്ഥലം എന്നിവ ഏർപ്പാട് ചെയ്തു. ശ്രീനിവാസ പുട്ട് റസ്റ്റാറന്റ് മനാമ ദിവസവും മൂന്നുനേരം ഭക്ഷണം നൽകി.
നാട്ടിലെ രാധാകൃഷ്ണന്റെ ബന്ധുക്കളുമായി ബന്ധപ്പെടുകയും അദ്ദേഹം ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്ന ഐ.ഡി പ്രൂഫ് നേടുകയും അദ്ദേഹത്തിന്റെ ഔട്ട്പാസിനും തുടർനടപടികൾക്കുമായി എംബസിയിൽ അവ സമർപ്പിക്കുകയും ചെയ്തു.
അനധികൃത താമസത്തിന് 825 ദീനാർ പിഴയുണ്ടായിരുന്നു. അത് ക്ലിയർ ചെയ്യുകയും തുടർന്ന് ഡിസംബർ 20ന് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഇമിഗ്രേഷൻ അതോറിറ്റി, സുരേൻ ലാൽ, ഇന്ത്യൻ എംബസി, ബഹ്റൈൻ സർക്കാർ അധികാരികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ പിന്തുണയോടെ യാത്രനടപടികൾ പൂർത്തിയാക്കാൻ സാധിച്ചു.
അണ്ണൈ തമിഴ് മൺട്രം ഭാരവാഹി സെന്തിൽ ഫ്ലൈറ്റ് ടിക്കറ്റ് സ്പോൺസർ ചെയ്തു. തുടർന്ന് കഴിഞ്ഞദിവസം എയർ ഇന്ത്യയിൽ വെട്രിവേൽ ചെന്നൈയിലേക്ക് തിരിച്ചു. തന്നെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണ് വെട്രിവേലും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.