മനാമ: ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഓപൺ ഫോറത്തിൽ ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി. പുതുവർഷത്തെ ആദ്യ ഓപൺ ഹൗസാണ് കഴിഞ്ഞദിവസം നടന്നത്. ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങിലും വൈകീട്ട് നടന്ന വിരുന്നിലും പ്രവാസി സമൂഹത്തിന്റെ വർധിച്ച പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.
പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം നൽകിയ ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ഭാരതി അസോസിയേഷൻ, ടി.കെ.എസ്, ബി.കെ.എസ്, ഇന്ത്യൻ ക്ലബ്, ബുദൈയ്യ ഗുരുദ്വാര, ടി.എ.എസ്.സി.എ തുടങ്ങിയ സംഘടനകൾക്ക് അംബാസഡർ നന്ദി അറിയിച്ചു. കഴിഞ്ഞവർഷം പരിഗണനക്കെത്തിയ മിക്ക കോൺസുലാർ, തൊഴിൽ പ്രശ്നങ്ങളിലും വിവിധ സംഘടനകളുടെ സഹായത്തോടെ പരിഹാരം കാണാനും അർഹരായ വ്യക്തികൾക്ക് സഹായം നൽകാനും കഴിഞ്ഞു.
ഐ.സി.ആർ.എഫിന്റെ സഹകരണത്തോടെ ജയിലിൽ അഞ്ചുതവണ എംബസി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. വിവിധ ലേബർ ക്യാമ്പുകൾ സന്ദർശിക്കുകയും ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ അനുഭാവ പൂർണമായ സമീപനം സ്വീകരിക്കുന്ന ബഹ്റൈനിലെ വിവിധ സർക്കാർ അതോറിറ്റികൾക്കും അംബാസഡർ നന്ദി അറിയിച്ചു.
ഓപൺ ഹൗസിന്റെ പരിഗണനക്ക് വന്ന നിരവധി പ്രശ്നങ്ങളിൽ ഉടൻതന്നെ പരിഹാരം കണ്ടു. മറ്റുള്ളവയിൽ ഉടൻതന്നെ പരിഹാരം കാണുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.