മനാമ: ദക്ഷിണ കൊറിയയും ബഹ്റൈനും തമ്മിൽ ദൃഢമായ ബന്ധമാണുള്ളതെന്ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. ബഹ്റൈൻ സന്ദർശനത്തിനെത്തിയ ദക്ഷിണ കൊറിയൻ നാഷനൽ അസംബ്ലി സ്പീക്കർ പാർക്ക് ബയോങ് സ്യൂഗിനെ അൽ സഫരിയ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗതി പ്രാപിക്കുന്നതായി ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. സാമ്പത്തിക, നിക്ഷേപ, വികസന, സാംസ്കാരിക മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് സന്ദർശനം ഉപകരിക്കും. ദക്ഷിണ കൊറിയയുമായുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള താൽപര്യവും രാജാവ് പങ്കുവെച്ചു. ഏഷ്യയിലും അന്താരാഷ്ട്ര തലത്തിലും ദക്ഷിണ കൊറിയ വഹിക്കുന്ന നിർണായക പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച് അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ച ബഹ്റൈനെ ദക്ഷിണ കൊറിയൻ സ്പീക്കർ പ്രശംസിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ ഉടമ്പടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലുമുള്ള വിവിധ വിഷയങ്ങളും കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന നടപടികളും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.