മനാമ: എല്ലാവർക്കും സുസ്ഥിരമായ ഭാവി ഉറപ്പാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ബഹ്റൈൻ മുന്നേറുകയാണെന്ന് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. രണ്ടാം വളന്ററി നാഷനൽ റിവ്യൂ (വി.എൻ.ആർ) 2023 രേഖകളിലാണ് ബഹ്റൈൻ കൈവരിച്ച പുരോഗതി സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിച്ചത്. എല്ലാവർക്കും താങ്ങാവുന്ന ഊർജവില, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തുക, ദാരിദ്ര്യ നിർമാർജനം, ലിംഗവിവേചനം ഇല്ലാതാക്കുക അടക്കമുള്ളവയാണ് 2030ൽ കൈവരിക്കാനുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്.ഡി.ജി.എസ്) ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സുസ്ഥിര വികസന മന്ത്രി നൂർ അൽഖുലൈിന്റെ നേതൃത്വത്തിലുള്ള ബഹ്റൈൻ പ്രതിനിധി സംഘമാണ് ന്യൂയോർക്കിൽ സുസ്ഥിര വികസനം സംബന്ധിച്ച ഹൈ ലെവൽ പൊളിറ്റിക്കൽ ഫോറത്തിൽ പങ്കെടുക്കുന്നത്. 2018ൽ രാജ്യത്തിന്റെ ആദ്യത്തെ വി.എൻ.ആർ തയാറാക്കിയത് മുതൽ, പാരിസ്ഥിതിക വെല്ലുവിളികൾ, പുനരുപയോഗ ഊർജത്തിലെ നിക്ഷേപം, ഡിജിറ്റൈസേഷൻ, അടിയന്തരാവസ്ഥ, ദുരന്തനിവാരണ തയാറെടുപ്പുകൾ, സാമ്പത്തിക സുസ്ഥിരത വെല്ലുവിളികൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ രാജ്യം ഏറെ മുന്നിലാണെന്ന് സുസ്ഥിര വികസന മന്ത്രി പറഞ്ഞു.
ദാരിദ്ര്യനിർമാർജനം അടക്കമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി രാജ്യം 454 ദശലക്ഷം ദീനാറാണ് ചെലവഴിച്ചത്. വിവിധ സാമൂഹികക്ഷേമ പരിപാടികൾക്ക് ചെലവഴിക്കുന്ന തുകയും ഇതിൽ വരും. 2021ലെ വാർഷിക ചെലവിന്റെ 13.6 ശതമാനം വരുന്ന തുകയാണിത്. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ 11,000 അനാഥർക്ക് സഹായം നൽകുന്നുണ്ട്. 4096 സ്കോളർഷിപ്പുകളും 8311 രോഗികൾക്ക് സഹായവും നൽകുന്നു. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കാർഷിക നവീകരണമടക്കം നടത്തിവരുന്നു.
കുറഞ്ഞ മണ്ണിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ആധുനിക കൃഷിരീതികൾ വിധവകളടക്കമുള്ളവരെ പരിശീലിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് ഈ പദ്ധതികൾ നടപ്പാക്കിവരുന്നത്. വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള പദ്ധതികളും വിജയകരമായി നടപ്പാക്കുന്നു. പരിസ്ഥിതി സൗഹൃദ ക്ലാസ് റൂമുകളും മറ്റും നിർമിച്ചിട്ടുണ്ട്. പഠനവൈകല്യമുള്ള വിദ്യാർഥികൾക്കായി സ്പെഷൽ സ്കൂളുകളടക്കം പ്രവർത്തിക്കുന്നു. സ്ത്രീശാക്തീകരണത്തിലും രാജ്യം ഏറെ മുന്നേറിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കമേഴ്സ്യൽ രജിസ്ട്രേഷൻ നടത്തി ബിസിനസ് സംരംഭങ്ങൾ നടത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി.
രാഷ്ട്രീയ രംഗത്തും ഉദ്യോഗസ്ഥതലത്തിലും സ്ത്രീ പ്രാതിനിധ്യത്തിൽ മുന്നേറ്റമുണ്ടായി. എല്ലാ പൗരന്മാർക്കും താമസക്കാർക്കും ശുദ്ധജലം മിതമായ നിരക്കിൽ നൽകാൻ സാധിക്കുന്നുണ്ട്. എല്ലാവർക്കും വൈദ്യുതി ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ട്. മികച്ച വ്യവസായിക, സാമൂഹിക അന്തരീക്ഷം നിലനിർത്താനും അസമത്വങ്ങൾ കുറച്ചുകൊണ്ടുവരാനും രാജ്യത്തിന് കഴിഞ്ഞു. വിവിധ ജനവിഭാഗങ്ങൾ തമ്മിൽ സമാധാനപരമായ സഹവർത്തിത്വവും സമാധാനവും സഹിഷ്ണുതയും നിലനിർത്തുന്നതിൽ രാജ്യം പ്രത്യേക ശ്രദ്ധകൊടുക്കുന്നുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.