മനാമ: കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അപ്രതീക്ഷിത വെള്ളക്കെട്ട് ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകി. വെള്ളക്കെട്ട് പരിഹരിക്കുന്നതിനും അടിയന്തര സാഹചര്യത്തിൽ ജാഗ്രതയോടെ പ്രവർത്തിച്ചതിനും ആഭ്യന്തര മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, മുനിസിപ്പൽ, കാർഷിക മന്ത്രാലയം എന്നിവയെ കാബിനറ്റ് അഭിനന്ദിച്ചു.
മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് വേഗത്തിലാക്കാൻ പ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ജോർഡൻ രാജാവ് അബ്ദുല്ല ആൽഥാനി ബിൻ അൽ ഹുസൈന്റെ ബഹ്റൈൻ സന്ദർശനവും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായുള്ള ചർച്ചകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആക്കം വർധിപ്പിക്കുന്നതും വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുന്നതിനും സഹായകമായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ട നിലയിലാണെന്നും വിലയിരുത്തി.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകളും ചർച്ചയായി. 2023-2024 ദ്വിവർഷ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തികകാര്യ മന്ത്രിതല സമിതി അവതരിപ്പിച്ച കരടിന് അംഗീകാരമായി. ഖലീഫ ബിൻ സൽമാൻ പോർട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്ത കമ്പനി നൽകുന്ന സേവനവും നടത്തിപ്പ് രീതിയും സംബന്ധിച്ച് സാമ്പത്തിക കാര്യ മന്ത്രിതല സമിതി അവതരിപ്പിച്ച ബില്ലിനും അംഗീകാരം നൽകി.
സാമൂഹികസുരക്ഷ മുൻനിർത്തി നിർദേശങ്ങളും അറിയിപ്പുകളും പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനുള്ള ദേശീയ സുരക്ഷാ സംവിധാനം രൂപവത്കരിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര മന്ത്രി അവതരിപ്പിച്ചു. വിദേശകാര്യ മന്ത്രിയുടെ ബ്രിട്ടൻ സന്ദർശനം, പരിസ്ഥിതി കാര്യ അറബ് മന്ത്രിതല സമിതിയിലെ ബഹ്റൈൻ പങ്കാളിത്തം, കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് 28ാമത് യു.എൻ സമ്മേളനത്തിലെ ബഹ്റൈൻ പങ്കാളിത്തം, സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രിയുടെ ബഹ്റൈൻ സന്ദർശനം, ജി.സി.സി പാർപ്പിട കാര്യ മന്ത്രിമാരുടെ 21ാമത് യോഗത്തിലെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.