മനാമ: മീലാദുന്നബിയുടെ പശ്ചാത്തലത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബഹ്റൈൻ ജനതക്കും അറബ് ഇസ്ലാമിക സമൂഹത്തിനും കാബിനറ്റ് ആശംസകൾ നേർന്നു. മുഹമ്മദ് നബിയുടെ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കാനും വിട്ടുവീഴ്ചയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും ഉജ്ജ്വല മാതൃകയാണ് പ്രവാചകൻ മാനവ സമൂഹത്തിന് കാഴ്ചവെച്ചിട്ടുള്ളതെന്നും സമാധാനപൂർണമായ ജീവിതത്തിന് ആ സന്ദേശം ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ സമൂഹത്തിന് കഴിയട്ടെയെന്നും ആശംസിച്ചു.
ടൂറിസം മേഖലയുടെ ഉണർവിനായി പ്രവർത്തിക്കുന്ന മുഴുവനാളുകൾക്കും കാബിനറ്റ് കൃതജ്ഞത രേഖപ്പെടുത്തി. ടൂറിസം മേഖലക്ക് കരുത്തുപകരുന്ന വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും സ്ഥാപനങ്ങൾക്കും നന്ദി രേഖപ്പെടുത്തി. ആതിഥ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, മാർക്കറ്റിങ് ഏജൻസികൾ, വിവിധ സമ്മേളനങ്ങൾ, എക്സിബിഷനുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയുടെ സഹകരണവും എടുത്തുപറഞ്ഞു. ടൂറിസം മേഖല പുഷ്ടിപ്പെടുത്താനാവശ്യമായ കൂടുതൽ നീക്കങ്ങളുമായി മുന്നോട്ടുപോകാൻ മന്ത്രിസഭ തീരുമാനിച്ചു. ജനങ്ങളുടെ അടിസ്ഥാന ജീവിതസൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് മുൻഗണന നൽകും. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിച്ച് ബഹ്റൈനിലെ പദ്ധതി പുതുക്കുന്നതിനുള്ള കരടിന് അംഗീകാരം നൽകി.
അഡ്മിനിസ്ട്രേഷൻ രംഗത്തുള്ളവർക്ക് വിധികളും പിഴകളും നടപ്പാക്കുന്നതിനും ബദൽശിക്ഷകൾ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയവും ഗൾഫ് യൂനിവേഴ്സിറ്റിയും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെക്കാനുള്ള നിർദേശത്തിനും അംഗീകാരമായി. ബഹ്റൈൻ യൂനിവേഴ്സിറ്റിയും പ്രാദേശിക, വിദേശ അക്കാദമിക ബോഡികളും സ്ഥാപനങ്ങളും തമ്മിൽ സഹകരിക്കുന്നതിനുള്ള കരട് അംഗീകരിച്ചു.
സൗദി-ബഹ്റൈൻ കോഓഡിനേഷൻ കൗൺസിൽ യോഗത്തിന്റെ മുന്നൊരുക്കം വിലയിരുത്തി. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ സിജില്ലാത്, തവാസുൽ, ബിനായാത് തുടങ്ങിയ സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. അവ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം കൈവരിച്ചിട്ടുണ്ട്. സേവന മേഖലകളിൽ ഗുണനിലവാരം മെച്ചപ്പെടുത്താനും വാണിജ്യ, നിക്ഷേപ സംരംഭങ്ങൾക്ക് ഇത് ഗുണകരമാകും.
ജി.സി.സി തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിലെ ബഹ്റൈൻ പങ്കാളിത്തം, കാലാവസ്ഥ അഭിലാഷ ഉച്ചകോടിയിലെ പങ്കാളിത്തം, ജി.സി.സി രാജ്യങ്ങളിലെ പരിസ്ഥിതികാര്യങ്ങളുമായി ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലുള്ള പങ്കാളിത്തം, ജി.സി.സി രാജ്യങ്ങളിലെ സാമൂഹികക്ഷേമകാര്യ മന്ത്രിതല സമിതി ഒമ്പതാമത് യോഗ പങ്കാളിത്തം, എജുക്കേഷൻ ആൻഡ് ട്രെയിനിങ് ക്വാളിറ്റി പ്രതിനിധി സംഘത്തിന്റെ യു.കെ സന്ദർശനം, സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് നടന്ന ഉച്ചകോടിയിലെ പങ്കാളിത്തം, വിദേശകാര്യമന്ത്രി, മറ്റു മന്ത്രിമാരുടെ വിദേശരാജ്യ സന്ദർശനവും പരിപാടികളിലെ പങ്കാളിത്തവും തുടങ്ങിയവയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.