മനാമ: പരീക്ഷഹാളിൽ കൊടിതോരണങ്ങളും ചെണ്ടമേളവും ആർപ്പുവിളികളും. പാട്ടു പാടിയും കവിത ചൊല്ലിയും കളിച്ചും ചിരിച്ചും നിർഭയമായി പരീക്ഷ എഴുതി പഠിതാക്കളും. പരമ്പരാഗത പരീക്ഷാരീതികളെ പൊളിച്ചെഴുതിക്കൊണ്ട് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററാണ് ‘പഠനോത്സവം’ സംഘടിപ്പിച്ചത്. സാധാരണ പരീക്ഷയെഴുതി മനസ്സും ശരീരവും തളർന്ന അവസ്ഥയിലുള്ള പഠിതാക്കൾക്ക് ‘പഠനോത്സവം’ വ്യത്യസ്തമായ പരീക്ഷാനുഭവം സമ്മാനിക്കുകയും ചെയ്തു.
ആത്മവിശ്വാസത്തോടെ പ്രായത്തിനനുയോജ്യമായി പ്രശ്ന സന്ദർഭങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. മലയാളം മിഷന്റെ ഇന്ത്യക്ക് പുറത്തെ ആദ്യ ചാപ്റ്ററായ ബഹ്റൈൻ ചാപ്റ്ററിലെ 2022 - 23 അധ്യയന വർഷത്തിൽ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ കുട്ടികളുടെ പഠനോത്സവമാണ് കഴിഞ്ഞ ദിവസം നടന്നത്.
ബഹ്റൈനിലെ പ്രമുഖ വാദ്യ കലാകാരനായ മേള കലാരത്നം സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ 25ൽ പരം കുട്ടികൾ അവതരിപ്പിച്ച ചെണ്ടമേളത്തോടെ ആയിരുന്നു പഠനോത്സവത്തിന് തുടക്കം. ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പഠനോത്സവത്തിന് കൊടിയുയർത്തി. ബഹ്റൈനിലെ വിവിധ മലയാളം മിഷൻ പഠന കേന്ദ്രങ്ങളിലെ ഭാഷാ പ്രവർത്തകരും അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട ഓൺലൈനിലൂടെ തൽസമയം ആശംസകൾ നേർന്നു.
പഠനത്തിലൂടെ നേടിയ ഭാഷാശേഷിയും നൈപുണിയും അടിസ്ഥാനമാക്കി ഭാഷാപരമായ കഴിവുകളെയും മറ്റു വിഷയങ്ങളിലുള്ള ധാരണകളെയും ആവിഷ്കരിക്കാനുള്ള അവസരമാണ് പഠനോത്സവത്തിലൂടെ ലഭിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർജിച്ച അറിവിനെയും കഴിവിനേയും സമൂഹവുമായി പങ്കുവെക്കാൻ അവസരം നൽകുക വഴി കുട്ടികൾക്ക് നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നതെന്ന് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ് പറഞ്ഞു. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ജോയൻ്റ് സെക്രട്ടറി രജിത അനി, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, മലയാളം പാഠശാല ജോയൻ്റ് കൺവീനർമാരായ സുനീഷ്, വേണുഗോപാൽ തുടങ്ങിയവർ പഠനോത്സവത്തിന് നേതൃത്വം നൽകി.
മലയാളം മിഷൻ പഠനോത്സവത്തിൽ ചോദ്യപേപ്പറിലെ കവിതാ പൂരണം എന്ന ചോദ്യത്തിനുത്തരമായി ആമ്പൽ കോഴ്സിലെ പഠിതാവായ അനാമിക അനി എഴുതിയ കവിത ശ്രദ്ധേയമായി. കവിത മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കടയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം കവിത ഓൺലൈനായി ആലപിക്കുകയും ചെയ്തു. ലോകത്ത് എവിടെയുമുള്ള മലയാളികൾ മാതൃമലയാളത്തെ നെഞ്ചോടു ചേർക്കുമ്പോൾ സ്വന്തം സർഗാത്മകത എങ്ങനെ മനോഹരമായി ഇതൾ വിടർത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അനാമികയുടെ കവിത എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ജോയന്റ് സെക്രട്ടറിയും ഭാഷാധ്യാപികയുമായ രജിത അനിയുടെയും ഭാഷാ പ്രവർത്തകനായ അനി ടി. ദാസിന്റെയും മകളാണ് ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ അനാമിക അനി.
ഇടിയും മിന്നലുമുച്ചമുതൽക്കേ
വലിയൊരു മഴയുടെ സന്നാഹം
ഇരുളു പരത്തിക്കൊണ്ടേ വരവായ്
കരിമേഘത്തിൻ സൈന്യങ്ങൾ
കരിമേഘങ്ങൾ തമ്മിലുരസി വാനിൽ യുദ്ധം മുറുകുമ്പോൾ
കാർമേഘത്തിൻ നെഞ്ചു പിളർന്ന് ചോരത്തുള്ളികൾ ചിതറുന്നു
ചിതറിയ ചോരത്തുള്ളി കളത്രയും
മഴയായ് ഭൂമിയിൽ ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.