മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 ഇടങ്ങളിൽ സംഘടിപ്പിക്കുന്ന പൊതു ഈദ് ഗാഹുകളിലെ ഒരുക്കങ്ങൾ വിലയിരുത്തി സുന്നീ ഔഖാഫ് സംഘം. സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധയിടങ്ങളിൽ സന്ദർശനം നടത്തുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തത്.
ഈദ് ദിനത്തിലെ പ്രവാചകചര്യയാണ് ഈദ് ഗാഹിലെ നമസ്കാരമെന്നും അത് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമെന്ന നിലക്കാണ് ഈദ് ഗാഹുകളെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വിവിധ പള്ളികളിലും ഈദ് നമസ്കാരം നടക്കുന്നുണ്ട്. ഈദ് ഗാഹുകളിൽ ജനങ്ങൾക്ക് എളുപ്പവും സൗകര്യവും ഒരുക്കുന്നതിനായി വിവിധ ടീമുകളെ നിശ്ചയിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. കാർപറ്റ്, വെള്ളം, സൗണ്ട് സംവിധാനങ്ങൾ എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ട്രാഫിക് നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് അപേക്ഷ നൽകിയിട്ടുമുണ്ട്. പ്രവാസി സമൂഹത്തിന് മൊത്തം 15 ഈദ് ഗാഹുകളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. മുനിസിപ്പൽ, കാർഷിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, ജല, വൈദ്യുത അതോറിറ്റി, പാർപ്പിട-നഗരാസൂത്രണകാര്യ മന്ത്രാലയം, യുവജന-കായിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ബഹ്റൈൻ സാംസ്കാരിക-പാരമ്പര്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈദ് ഗാഹുകൾ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈദ് ഗാഹുകൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് സഹകരിച്ചു കൊണ്ടിരിക്കുന്ന മന്ത്രാലയങ്ങൾക്കും വളന്റിയർ ടീമിനും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.