മനാമ: താനൂരിലുണ്ടായ ബോട്ടപകടത്തിൽ 22 പേരുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ, മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, എൻ.കെ. മുഹമ്മദാലി, ദിലീപ്, റഫീഖ്, കരീം മോൻ, ആദിൽ, ഖൽഫാൻ, മൻഷീർ, മജീദ്, മുഹമ്മദ് കാരി, അമൃത എന്നിവർ സംസാരിച്ചു. ഇത്രയും വലിയ ദുരന്തത്തിന് കാരണക്കാരായ മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
മനാമ: മലപ്പുറം താനൂർ വിനോദയാത്ര ബോട്ടപകടത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. വിനോദസഞ്ചാര ബോട്ടുകൾ നിയമപരമായി നിഷ്കർഷിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് പ്രവർത്തനം നടത്തുന്നതെന്ന് അധികൃതർ ശ്രദ്ധിക്കണമെന്നും കെ.പി.എ ബഹ്റൈൻ സെക്രട്ടേറിയറ്റ് കമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു.
മനാമ: കേരളത്തെ നടുക്കിയ മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ ബോട്ടപകടത്തിൽ പൊലിഞ്ഞ സഹോദരങ്ങൾക്ക് പ്രതിഭ ഹെൽപ് ലൈൻ ആദരാഞ്ജലി അർപ്പിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ കാര്യക്ഷമതയോടെ ഇടപെടണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
മനാമ: മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടം നിർഭാഗ്യകരവും അങ്ങേയറ്റം വേദനജനകവുമാണെന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് ഉടമകളും അത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താത്ത പ്രാദേശിക ഭരണകൂടവും ഒരുപോലെ കുറ്റക്കാരാണ്.
രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകിയ നാട്ടുകാരെയും സന്നദ്ധ സംഘടനാ പ്രവർത്തകരെയും പ്രവാസി വെൽഫെയർ അഭിനന്ദിച്ചു. മനുഷ്യനിർമിത ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.