ജുബൈൽ: താനൂരിലെ ദാരുണ ബോട്ടപകടത്തിൽ സഹോദരീ ഭർത്താവിനെയും അവരുടെ രണ്ടു മക്കളെയും നഷ്ടപ്പെട്ട താനൂർ കുണ്ടുങ്ങൽ ഉമ്മർ ഉള്ളാട്ടിന്റെ സങ്കടം ആശ്വസിപ്പിക്കാനെത്തിയ സുഹൃത്തുക്കളെയും കരയിച്ചു.
ജുബൈൽ ഡൈൻ ഗാർഡൻ ഹോട്ടൽ ജീവനക്കാരനായ ഉമ്മറിന്റെ സഹോദരീ ഭർത്താവായ ഓലപ്പീടിക സ്വദേശി സിദ്ദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), മകൻ ഫൈസാൻ (നാല്) എന്നിവരാണ് ബോട്ടപകടത്തിൽ മരിച്ചത്.
മൂന്നാമത്തെ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മക്കൾക്ക് സ്കൂൾ യൂനിഫോമും ബുക്കും വാങ്ങുന്നതിനായി ഭാര്യയെ വീട്ടിലാക്കി മക്കളെയും കൂട്ടി പോയതാണ് സിദ്ദീഖ്.
വൈകീട്ട് ആറരക്ക് ഭർത്താവിനെയും കുട്ടികളെയും കാണാത്തതിനെ തുടർന്ന് ഭാര്യ വിളിച്ചിരുന്നു. സാധനം വാങ്ങിയശേഷം കടൽ കാണാൻ വന്നതാണെന്നും ബോട്ടുസവാരി കൂടി നടത്തിയിട്ട് ഉടനെ മടങ്ങുമെന്നും പറഞ്ഞിരുന്നു.
എന്നാൽ, പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ അങ്കലാപ്പിലായി. ഇതിനിടെ താനൂരിൽ അപകടം നടന്ന ഉടൻ വാട്സ്ആപ് ഗ്രൂപ്പിൽ മരിച്ച ചിലരുടെ പേരുൾപ്പെടെ വന്നതോടെയാണ് ഉമ്മർ തന്റെ സഹോദരീ ഭർത്താവ് മരിച്ച വിവരമറിയുന്നത്. അവരുടെ മക്കളും ഉണ്ടെന്നറിഞ്ഞതോടെ തകർന്ന ഉമ്മറിനെ ആശ്വസിപ്പിക്കാൻ കെ.എം.സി.സി ഭാരവാഹികളായ ഉസ്മാൻ ഒട്ടുമ്മൽ, ഷംസുദ്ദീൻ പള്ളിയാളി, ഇബ്രാഹിംകുട്ടി, റാഫി കൂട്ടായി, അനീഷ് താനൂർ എന്നിവർ വീട്ടിലെത്തി.
കുട്ടികളുമായി വളരെ നല്ല അടുപ്പം കാണിച്ചിരുന്ന ഉമ്മറിന് അവരുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നേരത്തേ പ്രവാസിയായിരുന്ന സിദ്ദീഖ് മൂത്ത മകളുടെ ചികിത്സക്കും മറ്റുമായി നാട്ടിൽതന്നെ കൂടുകയായിരുന്നു. നാട്ടിലേക്കു തിരിച്ച ഉമ്മർ ഉള്ളാട്ടിന് അളിയന്റെയും മക്കളുടെയും മൃതദേഹങ്ങൾ വിമാനത്താവളത്തിൽ വിഡിയോയിൽകൂടി മാത്രമേ കാണാനായുള്ളൂ.
ജുബൈൽ: താനൂരിൽ 22 പേരുടെ ജീവനെടുത്ത അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ സൗദിയിലെ വ്യവസായി. സൗദി ജുബൈൽ കേന്ദ്രീകരിച്ച് 15 വർഷമായി മാൻപവർ സർവിസ് നടത്തുന്ന നാസറിന്റെ സ്ഥാപനത്തിനു കീഴിൽ സൗദിയിൽ നിലവിലുള്ള നിയോം ഉൾപ്പെടെ വിവിധ പദ്ധതികളിൽ ജീവനക്കാരുണ്ട്.
നിർമാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങൾ വാടകക്കു നൽകുന്ന ബിസിനസിനു പുറമെ നേരത്തേ ഇദ്ദേഹം സൂപ്പർമാർക്കറ്റും നടത്തിയിരുന്നു. താനൂർ സ്വദേശിയായ നാസർ ബോട്ട് സർവിസ് ഉദ്ഘാടനത്തിനായി ഇക്കഴിഞ്ഞ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതാണെന്ന് പറയപ്പെടുന്നു. പെരുന്നാൾദിനത്തിൽ ആരംഭിച്ച ബോട്ട് സവാരി ഇടക്ക് നിർത്തിവെക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച നിർത്തിവെച്ച സർവിസ് ഞായറാഴ്ച വീണ്ടും ആരംഭിക്കുകയായിരുന്നു. വൈകീട്ട് അഞ്ചു വരെയാണ് അനുവദിച്ച സമയമെങ്കിലും തിരക്കു കാരണം രാത്രിയും ബോട്ടുസവാരി തുടരുകയായിരുന്നു. ഇതാണ് മഹാ ദുരന്തത്തിന് ആക്കംകൂട്ടിയത്. കോഴിക്കോട്ടുവെച്ചാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.