മനാമ: ടെന്റ് സീസണിനുള്ള രജിസ്ട്രേഷൻ തുടങ്ങി ആദ്യ മണിക്കൂറിനുള്ളിൽ തന്നെ 1850 അപേക്ഷകൾ ലഭിച്ചതായി ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ വ്യക്തമാക്കി. ആഴ്ച തോറും തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ടെന്റിന് കാഷ് അവാർഡ് നൽകുമെന്ന യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ പ്രഖ്യാപനത്തെയും ഗവർണർ സ്വാഗതം ചെയ്തു.
നവംബർ 10 മുതൽ 2024 ഫെബ്രുവരി 29 വരെയുള്ള ഓരോ ആഴ്ചയിലുമാണ് വിലയിരുത്തലിലൂടെ മികച്ച ടെന്റുകൾ തിരഞ്ഞെടുക്കുക. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ആദ്യഘട്ടത്തിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ നാല് വർഷമായി മുടങ്ങിക്കിടന്നിരുന്ന ടെന്റ് സീസൺ കോവിഡിന് ശേഷം ഇതാദ്യമായാണ് ഈ വർഷം പുനരാരംഭിക്കുന്നത്.
ടെന്റ് കെട്ടുന്നവർക്കുള്ള സുരക്ഷാ നിർദേശങ്ങളും സ്ഥലവും നമ്പറും ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനമാണുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മുഴുവൻ ഇടപാടുകളും ഓൺലൈനാക്കാൻ സാധിച്ചതും നേട്ടമാണെന്ന് ഗവർണർ വിലയിരുത്തി.
പരാതികൾ നൽകുന്നതിനുള്ള സംവിധാനവും ഓൺലൈനിൽ ഒരുക്കിയിട്ടുണ്ട്. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായി ക്യാമ്പിങ് നടത്താനുള്ള അന്തരീക്ഷമൊരുക്കിയിട്ടുണ്ട്. സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. പാരിസ്ഥിതികവും സുരക്ഷ സംബന്ധവുമായ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും ടെന്റിങ് അനുവദിക്കുക. മൊബൈൽ ഫോണുകളിൽ അൽ ജനോബിയ ആപ് ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം.
അറബിക്കിലും ഇംഗ്ലീഷിലും ലഭ്യമാണ്. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കില്ല. സുരക്ഷിതവും സമാധാനപരമായതുമായ ടെന്റ് സീസൺ ഒരുക്കാൻ വിവിധ വിഭാഗങ്ങളെ യോഗത്തിൽ ചുമതലപ്പെടുത്തി.
സതേൺ ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയം, ബാപ്കോ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഇത്തവണ സീസൺ ഒരുക്കുന്നത് 2019 -2020 കാലയളവിലാണ് അവസാനമായി ക്യാമ്പിങ് നടന്നത്. അന്ന് 2000 പേരാണ് ഓൺലൈനായി രജിസ്റ്റർ ചെയ്തത്. അവാലി മുതൽ സാഖിർ വരെയാണ് ക്യാമ്പിങ് നടക്കുക.
തണുത്ത കാലാവസ്ഥ ആസ്വദിച്ച് ക്യാമ്പിങ് നടത്താൻ ഇത്തവണയും ആയിരങ്ങൾ എത്തുമെന്നാണ് കരുതുന്നത്.
നഗരത്തിരക്കുകളിൽ നിന്ന് രക്ഷപ്പെട്ട് മരുഭൂമിയിലെ തണുത്ത അന്തരീക്ഷത്തിൽ വിശ്രമിക്കാനായാണ് ആയിരങ്ങൾ സീസണിൽ എത്തുന്നത്. campers@southern.gov.bh എന്ന ഇ-മെയിലിലും 17750000 എന്ന നമ്പറിലും വിവരങ്ങൾ ലഭ്യമാണ്. അൽ ജനോബിയ ആപ്പിൽ ഇൻസ്റ്റന്റ് ചാറ്റ് വഴിയും വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.