ഭൂമിയിൽ ജ്വലിച്ചുനിന്നിരുന്ന ആ പൊൻതാരകം വിണ്ണിലേക്ക് ഉയർന്നു പോയി. പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ സാഹിബിെൻറ നിര്യാണവാർത്ത ഏറെ പ്രയാസത്തോടെയും കടുത്ത ദുഃഖത്തോടെയുമാണ് ശ്രവിച്ചത്. ഇപ്പോഴും അദ്ദേഹത്തിെൻറ വിയോഗവാർത്ത പൂർണമായും ഉൾക്കൊള്ളാനാവുന്നില്ല.
മരണം സുനിശ്ചിതമായ പ്രപഞ്ചസത്യമാണെങ്കിലും ചിലരുടെ മരണം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിക്കളയും. ഇത്രമാത്രം സഹജീവികളോട് സ്നേഹവും കാരുണ്യവും കരുതലും ഹൃത്തിൽ കാത്തു സൂക്ഷിച്ച മറ്റൊരു മനുഷ്യസ്നേഹിയെയും ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. മരണശേഷം അദ്ദേഹത്തെ കുറിച്ച് സമൂഹത്തിെൻറ വിവിധ തുറകളിലുള്ള നാനാമതസ്ഥരായ നേതാക്കളും സാധാരണ മനുഷ്യരും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന സ്നേഹവും അവരുടെ ഓർമക്കുറിപ്പുകളും അദ്ദേഹത്തിെൻറ മഹത്വത്തെ തിരിച്ചറിയാൻ ഉതകുന്നതാണ്. പീഡിതരും പിന്നാക്കക്കാരുമായവർക്കുവേണ്ടി കേവല അധര വ്യായാമം നടത്തിയിരുന്ന ഒരു നേതാവായിരുന്നില്ല അദ്ദേഹം. അക്ഷരാർഥത്തിൽ അവർക്കുവേണ്ടി ജീവിതം സമർപ്പിക്കുകയായിരുന്നു അദ്ദേഹം. തെൻറ മനസ്സിൽ രൂപപ്പെടുന്ന ആശയങ്ങളുടെ സാക്ഷാത്കാരത്തിന് ആരോഗ്യം പോലും വകവെക്കാതെ കർമരംഗത്തേക്കിറങ്ങുകയായിരുന്നു അദ്ദേഹം.
മുഖത്ത് എപ്പോഴും ഗൗരവഭാവമായതുകൊണ്ട് അൽപം പേടിയോടെയാണ് അദ്ദേഹത്തോട് സംസാരിച്ചുതുടങ്ങുക. എന്നാൽ, പെട്ടെന്ന് തന്നെ ആ ചെറിയ ഭയം സ്നേഹമായി മാറും. 1993ലോ മറ്റോ ഇസ്ലാമിക പ്രസ്ഥാനം നടത്തിയ 'ഏക് ഖുദാ, ഏക് ഇൻസാൻ' (ഒരു ദൈവം, ഒരു മനുഷ്യന്) എന്ന ദേശീയ കാമ്പയിനിെൻറ ഭാഗമായി കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. എല്ലാ പ്രവർത്തകരുടെയും ഒപ്പം വരിയിൽനിന്ന് ഉച്ചഭക്ഷണം വാങ്ങി കഴിക്കുന്ന 'അമീർ' ഒരത്ഭുതം തന്നെയായിരുന്നു. പഠനത്തിനായി ലഖ്നോവിലേക്ക് പോയതിനുശേഷം അവധിക്ക് നാട്ടിൽ വരുമ്പോൾ ഇടക്കൊക്കെ അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു.
വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ചേർത്തുനിർത്തുകയും ഒരു പിതാവിനെപോലെ വാത്സല്യം നൽകുകയും ചെയ്യുമായിരുന്നു അദ്ദേഹം. അദ്ദേഹം കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിെൻറ മാത്രം 'അമീർ' ആയിരുന്നില്ല. മറ്റു പല സംഘടനകളുടെയും നേതാക്കളും അദ്ദേഹത്തെ ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇതേ പേരിൽ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. കേരളത്തിൽ എന്നും മതസൗഹാർദം പൂത്തുലയണമെന്ന അദ്ദേഹത്തിെൻറ അദമ്യമായ ആഗ്രഹത്തിെൻറയും ഡിപ്ലോമസിയുടെയും തെളിവായി മാറാട് സംഭവത്തിലെ ഇടപെടലുകളെ ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞദിവസം മുൻ മുഖ്യമന്ത്രി എ.കെ. ആൻറണിയും മിസോറം ഗവർണർ പി. ശ്രീധരൻ പിള്ളയും മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാനും തുടങ്ങി പലരും അനുസ്മരിച്ചിരുന്നു. മുഴുവൻ മനുഷ്യരെയും സഹോദരീസഹോദരന്മാരായി കാണാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. ഡൽഹി, ബിഹാർ, അസം, ബംഗാൾ തുടങ്ങി ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിലുള്ള മനുഷ്യർക്ക് വരെ ഏറെ പ്രിയപ്പെട്ടവനായിത്തീരുന്നത് അതുകൊണ്ടാണല്ലോ.
വിഷൻ 2016 എന്നത് അദ്ദേഹത്തിെൻറ ഒരു സ്വപ്ന പദ്ധതിയായിരുന്നു. ജീവിതത്തിെൻറ നിറങ്ങളും പകിട്ടുകളും നഷ്ടപ്പെട്ടുപോയ ഉത്തരേന്ത്യയിലെ അധഃസ്ഥിത വിഭാഗത്തെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാഹസികമായ ഒരു പുറപ്പാടായിരുന്നുവല്ലോ അത്. ആ മഹത്തായ ആശയത്തിെൻറ പല പ്രാഥമിക ചർച്ചകളും നടന്നത് ബഹ്റൈനിലും കൂടിയായിരുന്നു. ഇവിടത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. സമീർ ഫഖ്റുവിനെ പോലെയുള്ളവരുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തെ സന്ദർശിക്കുന്ന അവസരത്തിലൊക്കെ സിദ്ദീഖ് ഹസൻ സാഹിബിനെ കുറിച്ച് വളരെ താൽപര്യപൂർവം അന്വേഷിക്കാറുമുണ്ടായിരുന്നു. അറബി പത്രങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും അദ്ദേഹത്തിെൻറ മരണവാർത്ത കണ്ട് നിരവധി സ്വദേശി പ്രമുഖരാണ് അനുശോചനം അറിയിക്കാൻ വേണ്ടി കഴിഞ്ഞദിവസങ്ങളിൽ നേരിട്ടും അല്ലാതെയും വിളിച്ചത്. അതിൽ പലർക്കും അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു.
അൽ നൂർ ഇൻറർനാഷനൽ സ്കൂൾ ചെയർമാനും ബഹ്റൈനിലെ പൗരപ്രമുഖനുമായ അലി കെ. ഹസനുമായും മികച്ച വ്യക്തിബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ബഹ്റൈൻ സന്ദർശിക്കുന്ന വേളയിലൊക്കെ അദ്ദേഹവുമായി സിദ്ദീഖ് ഹസൻ സാഹിബ് ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നു.
മറ്റു പലയിടത്തും പോവാറുള്ളതുപോലെ പലപ്പോഴായി അദ്ദേഹം തെൻറ സ്വപ്നങ്ങളുടെ പങ്കുവെക്കലുകൾക്കുവേണ്ടിയും പ്രചാരണത്തിന് വേണ്ടിയും ബഹ്റൈനും സന്ദർശിക്കാറുണ്ടായിരുന്നു. 2012ലാണ് അവസാനമായി അദ്ദേഹം ബഹ്റൈൻ സന്ദർശിച്ചത്. അന്നിവിടെ വന്നപ്പോൾ ഒരുമിച്ചായിരുന്നു താമസിച്ചത്. പ്രഭാത നമസ്കാര ശേഷമുള്ള അദ്ദേഹത്തിെൻറ വ്യായാമം ഏറെ കൗതുകമുണർത്തിയിരുന്നു. അദ്ദേഹം തുടങ്ങിവെച്ച പദ്ധതികൾ ഇനിയും കുറെ മുന്നോട്ടുപോവേണ്ടതുണ്ട്. വിഷൻ 2016 എന്നത് ഇന്ന് വിഷൻ 2026 ആയി മാറിയിട്ടുണ്ട്. സമൂഹത്തെ എങ്ങനെ സുസ്ഥിരവും സമഗ്രവുമായ പുരോഗതിയിലേക്ക് നയിക്കാമെന്ന പ്രായോഗിക പദ്ധതികളാണ് അദ്ദേഹം രാജ്യത്തിന് മുമ്പാകെ സമർപ്പിക്കുകയും പ്രായോഗികമായി വിജയിപ്പിച്ചുകാണിക്കുകയും ചെയ്തത്. ഒരുവേള സർക്കാറുകൾക്കുപോലും പല കാരണങ്ങൾ കൊണ്ട് സാധ്യമാകാത്ത കാര്യങ്ങൾ തെൻറ ഇച്ഛാശക്തിയിലൂടെ നടപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നമുക്കും അദ്ദേഹത്തിെൻറ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ അതിെൻറ കൂടെ സഞ്ചരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.