മനാമ: അസ്കറിലെ മാലിന്യ നിക്ഷേപ കേന്ദ്രം 2026ഓടെ ഉപയോഗിക്കാൻ കഴിയാതാകുമെന്ന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ ഗാർഹിക മാലിന്യ വകുപ്പ് ഡയറക്ടർ ലാമിയ തൽഫത്ത് വ്യക്തമാക്കി.
മാലിന്യ സംസ്കരണത്തിന് സംയോജിത പദ്ധതികൾ ആവശ്യമാണെന്നും മാലിന്യത്തിൽനിന്ന് ഊർജ ഉൽപാദന പദ്ധതികൾ നടപ്പാക്കേണ്ടതുെണ്ടന്നും അവർ പറഞ്ഞു. ഗാർഹിക മാലിന്യം ഊർജ ഉൽപാദനത്തിന് മികച്ച വസ്തുക്കളാണ്. സ്വകാര്യ മേഖലയുമായി സഹകരിച്ച് സർക്കാർ ഇതിനുള്ള പദ്ധതികൾ തയാറാക്കിക്കൊണ്ടിരിക്കുന്നതായും അവർ പറഞ്ഞു. കാപിറ്റൽ സെക്രട്ടേറിയറ്റ് കൗൺസിൽ യോഗത്തിൽ മാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ച് നടത്തിയ ശിൽപശാലയിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2019ൽ അസ്കറിൽ ആരംഭിച്ച ആധുനികവും നൂതനവുമായി മാലിന്യ സംസ്കരണ കേന്ദ്രം വഴി മാലിന്യ നിക്ഷേപ പ്രദേശത്തിെൻറ ആയുസ്സ് 2026 വരെ നീട്ടാൻ സാധിച്ചത് നേട്ടമാണ്. അസ്കറിലെ ലാൻഡ്ഫിൽ പ്രവർത്തന രഹിതമായതിനുശേഷം രണ്ട് തലത്തിലാണ് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത്.
പുതിയ സ്ഥലം തയാറാക്കുന്ന പദ്ധതിയും മാലിന്യത്തിൽനിന്നും ഊർജം ഉൽപാദിപ്പിക്കുന്ന പദ്ധതിയുമാണ് പകരമായി കാണുന്നത്. ഇത് സംബന്ധിച്ച് ഗൗരവപൂർവമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. സാമ്പത്തിക, സാങ്കേതിക പഠനം തയാറാക്കിയിട്ടുണ്ടെന്നും ബജറ്റിൽ തുക വകയിരുത്തുന്നതിനുള്ള നടപടികൾക്കായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. മാലിന്യ പുനരുപയോഗത്തിെൻറ പ്രാധാന്യവും അവബോധവും സമൂഹത്തിൽ പ്രചരിപ്പിക്കുന്നിന് പദ്ധതിയുമുണ്ട്. ഉറവിടത്തിൽനിന്നും മാലിന്യം വേർതിരിക്കുന്ന ഒന്നാം ഘട്ടം ഈ വർഷം ആദ്യപാദത്തിൽ വെസ്റ്റ് ഹിദ്ദിൽ ആരംഭിക്കുകയും രണ്ടാം പാദത്തിൽ നടപ്പാക്കുകയും ചെയ്യും.
മാലിന്യം വേർതിരിച്ച് പാക്ക് ചെയ്യുന്നതിനായുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം നബീഹ് സാലിഹ് പ്രദേശത്ത് ആരംഭിച്ചതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.