ബഹ്റൈനിലെ വിനോദസഞ്ചാര മേഖലയിൽ ലക്ഷ്യമിടുന്നത് വൻ കുതിപ്പ്

മനാമ: കോവിഡ് പ്രത്യാഘാതത്തിൽനിന്ന് കരകയറുന്ന ബഹ്റൈനിലെ വിനോദസഞ്ചാര മേഖല കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. അഞ്ചുവർഷം കൊണ്ട് വിനോദസഞ്ചാര മേഖലയിൽനിന്നുള്ള വരുമാനം രണ്ടു ബില്യൺ ദീനാറായി ഉയരുമെന്നാണ് പ്രതീക്ഷ. ഈവർഷം വിനോദ സഞ്ചാര മേഖലയിൽനിന്ന് ഒരു ബില്യൺ ഡോളർ വരുമാനം നേടാനാകുമെന്ന് വ്യവസായ, വാണിജ്യ, വിനോദസഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി എം.പിമാർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. കഴിഞ്ഞവർഷം നേടിയ 500 മില്യൺ ദീനാർ വരുമാനത്തിൽനിന്ന് 100 ശതമാനം വർധനയാണ് ഈ വർഷം ലക്ഷ്യമിടുന്നത്.

2022 അവസാനം ഒരു ബില്യൺ ദീനാറും 2023ൽ 1.5 ബില്യൺ ദീനാറും 2024ൽ 1.7 ബില്യൺ ദീനാറും 2025ൽ 1.9 ബില്യൺ ദീനാറും 2026ൽ രണ്ട് ബില്യൺ ദീനാറുമാണ് വരുമാനം പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2015 മുതൽ 2019 വരെ വിനോദസഞ്ചാര മേഖലയിൽ വളർച്ച കൈവരിച്ചിരുന്നു. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ കോവിഡ് മഹാമാരി രാജ്യത്തിന്‍റെ വിനോദസഞ്ചാര മേഖലയെ തളർത്തി.

2019ൽ 1.5 ബില്യൺ ദീനാർ വരുമാനം നേടിയ സ്ഥാനത്ത് 2020ൽ കേവലം 300 മില്യൺ ദീനാർ മാത്രമാണ് വരുമാനമുണ്ടായത്. അതേസമയം, രാജ്യം വളർച്ചയുടെ പാതയിലാണെന്നാണ് സൂചനകളിൽനിന്ന് വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യം കൈവരിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ, മൂല്യവർധിത നികുതി (വാറ്റ്) നിയമം ലംഘിച്ചതിന് ഈ വർഷം ഫെബ്രുവരി 20 വരെയുള്ള കണക്കനുസരിച്ച് 27 വ്യാപാര സ്ഥാപനങ്ങൾ ഒരാഴ്ച വരെ അടച്ചിട്ടതായും മന്ത്രി വ്യക്തമാക്കി. അവശ്യ വസ്തുക്കളുടെ വില അന്യായമായി വർധിപ്പിക്കുക, വാറ്റിൽനിന്ന് ഒഴിവാക്കിയ സാധനങ്ങളുടെ വിലയിൽ കൃത്രിമം കാണിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ഈ സ്ഥാപനങ്ങൾ നടപടി നേരിട്ടത്.

എല്ലാവരും നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനത്തിന് അടച്ചിട്ട സ്ഥാപനങ്ങൾ തെറ്റു തിരുത്തിയതിനെത്തുടർന്ന് തുറന്നുപ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്തു. ഇവർക്കെതിരായ കേസുകൾ കോടതിക്ക് കൈമാറിയിരുന്നില്ല.

വ്യാപാരികൾ സാധനങ്ങൾ വാങ്ങിയതിന്‍റെയും മറ്റു ചെലവുകളുടെയും രേഖകൾ പരിശോധിച്ചാണ് വിലവർധന ന്യായമാണോ എന്നു തീരുമാനിക്കുന്നത്. സ്വതന്ത്ര വിപണി എന്ന സങ്കൽപമാണ് ബഹ്റൈനിലെ വ്യാപാര മേഖലയിൽ പിന്തുടരുന്നത്.

അതായത്, വിലയിൽ ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. ആവശ്യത്തിന്‍റെയും വിതരണത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഉയർന്ന വില തീരുമാനിക്കുന്നത്. സ്വതന്ത്ര വിപണി എന്ന സങ്കൽപം ദുരുപയോഗിക്കപ്പെടുകയാണെങ്കിൽ മന്ത്രാലയം ഇടപെട്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - The big leap is aimed at the tourism sector in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.