മനാമ: നയതന്ത്ര മേഖലയിൽ ബഹ്റൈൻ വലിയ മുന്നേറ്റം നടത്തിയതായി കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് 50 വർഷത്തിനിടയിൽ നയതന്ത്ര മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടം വിലയിരുത്തിയത്. ലോകത്തെ വിവിധ രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ നയനിലപാടുകൾക്ക് ശ്രദ്ധേയ പങ്കുണ്ട്. അന്താരാഷ്ട്ര തലത്തിലും മേഖലയിലും സ്ഥാനമുറപ്പിക്കാൻ സാധ്യമായിട്ടുണ്ടെന്നും വിലയിരുത്തി.
'സുരക്ഷയും വളർച്ചയും' എന്നതാണ് ബഹ്റൈന്റെ നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാനം. എല്ലാ വർഷവും ജനുവരി 14 ബഹ്റൈൻ നയതന്ത്ര ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ വ്യക്തിത്വങ്ങൾക്കും കാബിനറ്റ് ആശംസകൾ അറിയിച്ചു. നാഷനൽ ഗാർഡ് രൂപവത്കരണത്തിന്റെ 25 വർഷം പൂർത്തിയായ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്ന നാഷനൽ ഗാർഡ് അംഗങ്ങൾക്ക് കാബിനറ്റ് ആശംസ നേർന്നു. 40,000 പാർപ്പിട യൂനിറ്റുകൾ ലഭ്യമാക്കുന്നതിന് അംഗീകരിച്ചതിൽ 2000 കൂടി അധികം ചേർക്കാനും ഫെബ്രുവരിയിൽ ഇവ അർഹരായവർക്ക് വിതരണം ചെയ്യാനും പ്രധാനമന്ത്രി നിർദേശം നൽകി. നാല് ഗവർണറേറ്റുകളിലും പാർപ്പിട യൂനിറ്റുകളുടെ വിതരണം യഥാസമയം നടത്താനുള്ള തയാറെടുപ്പുകൾ സ്വീകരിക്കുന്നതിന് പാർപ്പിടകാര്യ മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഗവ. നവീകരണ മത്സരമായ 'ഫിക്റ'യിൽ പങ്കെടുക്കാൻ മുന്നോട്ടുവന്നവരെ കാബിനറ്റ് പ്രത്യേകം അഭിനന്ദിച്ചു.
തൊഴിലിലെ മികവിനും സർഗാത്മകത ശക്തിപ്പെടുത്താനും ജനങ്ങളുടെ കഴിവ് കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരമൊരു മത്സരം. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും വാറ്റ് സമ്പ്രദായം ശരിയായ രൂപത്തിൽ നടപ്പിൽവരുത്താനും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തു. വാറ്റ് 10 ശതമാനമാക്കി വർധിപ്പിച്ച സാഹചര്യത്തിൽ അവ കൃത്യമായി സ്ഥാപനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കൂടുതൽ പരിശോധന വേണമെന്നും ആവശ്യമുയർന്നു. കസാഖ്സ്താനിലെ പുതിയ സംഭവ വികാസങ്ങൾ വിലയിരുത്തുകയും അവിടെ സമാധാനവും ശാന്തിയും സാധ്യമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. വൈദ്യുതിയുമായി ബന്ധപ്പെട്ട 10 സേവനം ഓൺലൈനാക്കുന്നതിന് ബന്ധപ്പെട്ട മന്ത്രി മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് അംഗീകാരം നൽകി. വിവിധ മന്ത്രിമാർ പങ്കെടുത്ത പരിപാടികളെ സംബന്ധിച്ച റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.