ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ​നി​ന്ന്

ഹമദ് രാജാവിന്‍റെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേർന്നു; ലക്ഷ്യം വികസനവും വളർച്ചയും

മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ സഖീർ പാലസിൽ മന്ത്രിസഭ യോഗം ചേർന്നു. രാജ്യത്തിന്‍റെ വികസനവും വളർച്ചയും സാധ്യമാക്കുന്നതിനുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജനങ്ങൾക്കും രാജ്യത്തിനും ഗുണകരമായ രീതിയിൽ വളർച്ച കൈവരിക്കുന്നതിനും സാമ്പത്തിക മേഖലയിൽ പുരോഗതി നേടുന്നതിനുമുള്ള പദ്ധതികൾ വിജയകരമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ബഹ്റൈന്‍റെ പുരോഗതിയിലും വളർച്ചയിലും വലിയ പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്ക് രാജാവ് ആശംസകൾ അറിയിച്ചു.

അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സമിതിക്ക് മികച്ച പ്രവർത്തനം നടത്താൻ കഴിഞ്ഞു. ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ബി.ഡി.എഫ്, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ രംഗത്തുള്ളവർ തുടങ്ങിയവരുടെ സേവനങ്ങൾ മറക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ ഇന്‍റർനാഷണൽ സർക്യൂട്ടിൽ ഫോർമുല വൺ മൽസരങ്ങൾ വിജയകരമായി നടത്താൻ സാധിച്ചത് വലിയ നേട്ടമാണെന്ന് ഹമദ് രാജാവ് പറഞ്ഞു. ഇതിന്‍റെ പൂർണ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കിരീടാവകാശി അടക്കമുള്ളവരുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ബഹ്റൈനിലെ യുവ സമൂഹത്തിനും കായിക മേഖലക്കും ഉണർവ് പകരുന്ന ഒന്നായിരുന്നു മൽസരം. മേഖലയിൽ കാറോട്ട മൽസരരംഗത്ത് മികച്ച സാന്നിധ്യമായി മാറാൻ ബഹ്റൈന് സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദിയുടെ വിവിധ നഗരങ്ങൾക്ക് നേരെ ഹൂതി വിമതർ നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ അക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും നേരെ ഭീഷണിയുയർത്തുന്ന അടിക്കടിയുള്ള അക്രമണങ്ങൾ തടയുന്നതിന് സൗദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

യുക്രെയ്നിലെ സംഭവ വികാസങ്ങൾ വിലയിരുത്തുകയും യുദ്ധം തുടരുന്നതിൽ മന്ത്രിസഭ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിന് നയതന്ത്ര മാർഗങ്ങളാണ് ആവശ്യം. ഇക്കാര്യത്തിൽ അന്താരാഷ്ട്ര മര്യാദകൾ പാലിക്കാനും സുരക്ഷയും സമാധാനവും നിലനിർത്താനും സാധിക്കേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തി. മന്ത്രിസഭയിൽ പങ്കെടുക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്ത ഹമദ് രാജാവിനും കിരീടാവകാശിക്കും ഉപ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - The cabinet meeting was chaired by King Hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.