മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ബഹ്റൈൻ ജനത, അറബ്, ഇസ്ലാമിക സമൂഹം എന്നിവർക്ക് മന്ത്രിസഭായോഗം ഈദ് ആശംസ നേർന്നു. നന്മയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അവസരമായി കടന്നു വരുന്ന ഈദ് കൂടുതൽ നല്ല നാളുകൾ സമ്മാനിക്കട്ടെയെന്ന് ആശംസിച്ചു.
ആരോഗ്യ മേഖലയിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവരുടെ വാർഷിക അവധി നീട്ടിക്കൊടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ 75 ദിവസത്തിലധികം അവധി ബാക്കിയുള്ളവർക്കാണ് ഈ ആനുകൂല്യം. പത്ര, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സുതാര്യമായും സ്വതന്ത്രമായും പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് അന്താരാഷ്ട്ര പത്ര സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാബിനറ്റ് ആശംസിച്ചു.
രാജ്യത്തിന്റെ വളർച്ചയിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് വലുതാണ്. പത്ര മൂല്യങ്ങളനുസരിച്ച് ഊർജസ്വലമായി പ്രവർത്തിക്കാൻ മുഴുവൻ മാധ്യമ പ്രവർത്തകർക്കും സാധിക്കട്ടെയെന്നും ആശംസിച്ചു.
ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ രാജ്യം നേടിയ വളർച്ചയിൽ തൊഴിലാളികളുടെ പങ്ക് ഏറെ പ്രാധാന്യമുള്ളതാണ്. തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്ന തരത്തിലേക്ക് മാറ്റാൻ സർക്കാറിന് സാധിച്ചതായും വിലയിരുത്തി. മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നു. മനുഷ്യവിഭവം, പരിശീലനം, തൊഴിൽ തുടങ്ങിയ മേഖലകളിൽ വിവിധ അന്താരാഷ്ട്ര വേദികളുമായി സഹകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി. സീ കാർഗോ സേവന മേഖലയിൽ ഈജിപ്തിനെ പങ്കാളിയാക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി. വിവിധ സമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കാളികളായ മന്ത്രിമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലാണ് മന്ത്രിസഭ യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.