മനാമ: തണുപ്പുകാലത്തെ വരവേറ്റുകൊണ്ട് ക്യാമ്പിങ് സീസണിനൊരുങ്ങി രാജ്യം. നവംബർ 20 മുതൽ അടുത്തവർഷം ഫെബ്രുവരി 20 വരെയാണ് സീസൺ. രജിസ്ട്രേഷൻ നവംബർ 15 മുതൽ 25 വരെ ആരംഭിക്കുമെന്ന് ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ അറിയിച്ചു.
2024-2025 ക്യാമ്പിങ് സീസണിനായുള്ള സുരക്ഷാ തയാറെടുപ്പുകളുടെ ഭാഗമായി, നടന്ന കോഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ അദ്ദേഹം അധ്യക്ഷതവഹിച്ചു. അവാലിമുതൽ സാഖിർവരെയാണ് ക്യാമ്പിങ് നടക്കുക. നഗരത്തിരക്കുകളിൽനിന്ന് രക്ഷപ്പെട്ട് മരുഭൂമിയിലെ തണുത്ത അന്തരീക്ഷത്തിൽ വിശ്രമിച്ച് ക്യാമ്പിങ് നടത്താൻ ഇത്തവണയും ആയിരങ്ങൾ എത്തുമെന്നാണ് കരുതുന്നത്. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായി ക്യാമ്പിങ് നടത്താനുള്ള അന്തരീക്ഷമൊരുക്കിയിട്ടുണ്ട്.
സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. പാരിസ്ഥിതികവും സുരക്ഷാ സംബന്ധവുമായ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും ടെന്റിങ് അനുവദിക്കുക. മൊബൈൽ ഫോണുകളിൽ അൽ ജനോബിയ ആപ് ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. അറബിക്കിലും ഇംഗ്ലീഷിലും ലഭ്യമാണ്. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കില്ല. സുരക്ഷിതവും സമാധാനപരമായതുമായ ടെന്റ് സീസൺ ഒരുക്കാൻ വിവിധ വിഭാഗങ്ങളെ യോഗത്തിൽ ചുമതലപ്പെടുത്തി.
ക്യാമ്പിങ് സുരക്ഷിതവും കൂടുതൽ സുഖകരമാക്കാനും ക്യാമ്പർമാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ‘ ഖയ്യിം’ ഡിജിറ്റൽ സംരംഭം പോലുള്ള ഇലക്ട്രോണിക് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പരാതികൾ നൽകുന്നതിനുള്ള സംവിധാനവും ഓൺലൈനിൽ ഒരുക്കിയിട്ടുണ്ട്.
2024-2025 സീസണുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും campers@southern.gov.bh എന്ന ഇ-മെയിൽ വഴി നടത്താം. 17750000 എന്ന നമ്പറിലും വിവരങ്ങൾ ലഭ്യമാണ്. അൽ ജനോബിയ ആപ്പിൽ ഇൻസ്റ്റന്റ് ചാറ്റ് വഴിയും വിവരങ്ങൾ ലഭിക്കും.
ക്യാമ്പിങ് സീസൺ കോഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ഹമദ് മുഹമ്മദ് അൽ ഖയ്യത്ത്, സതേൺ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഈസ അബ്ദുൾറഹ്മാൻ അൽ സിസി അൽ ബുവൈനൈൻ, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആഴ്ചതോറും തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ടെന്റിന് കാഷ് അവാർഡ് നൽകുമെന്ന് കഴിഞ്ഞവർഷം യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ പ്രഖ്യാപിച്ചിരുന്നു.
ടെന്റുകളിൽ ക്യാമ്പിങ് നടത്തുന്നവർ ബാർബിക്യൂവും ബോൺഫയറുമൊക്കെയായി രാത്രി ആസ്വദിക്കും. സ്വന്തമായി ടെന്റുകൾ സ്ഥാപിക്കുന്നവരും വാടകക്കെടുക്കുന്നവരുമുണ്ട്. ടെന്റ് ക്യാമ്പിങ്ങിന് പുറമേ, കുതിരസവാരിയടക്കം വിനോദോപാധികളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവാസി തൊഴിലാളികൾക്കും ടെന്റിങ് സീസൺ പ്രയോജനപ്രദമാണ്. കൂടാരങ്ങൾ സ്ഥാപിക്കുന്നതും ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതും പ്രവാസി തൊഴിലാളികളാണ്. ടെന്റ് കെട്ടുന്നവർക്കുള്ള സുരക്ഷാ നിർദേശങ്ങൾ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.