മനാമ: ജാതീയതയും വർഗീയതയും ചൂഷണം ചെയ്ത് തെരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഭരണത്തിന്റെ നേട്ടങ്ങൾ പറഞ്ഞല്ല ഇടതു മുന്നണി വോട്ട് പിടിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം അവരുടെ സ്ഥാനാർഥി നിർണയമാണ്. എറണാകുളം ജില്ലയിൽ പാർട്ടിക്ക് ഉന്നതരായ നേതാക്കൾ നിരവധിയുണ്ടെങ്കിലും അവരെയെല്ലാം നോക്കുകുത്തികളാക്കി സി.പി.എമ്മിനോടോ ഇടതു മുന്നണിയോടോ ബന്ധം പുലർത്തിയിട്ടില്ലാത്ത ഒരു അപരിചിതനെ സ്ഥാനാർഥിയാക്കുകയാണ് ചെയ്തത്. പാർട്ടി നേതാവിനെ സ്ഥാനാർഥിയായി നിർത്തിയാൽ മുന്നണിയുടെ നേട്ടങ്ങളുടെ പേരിൽ വോട്ട് ചോദിക്കാൻ കഴിയില്ലെന്ന് സി.പി.എമ്മിന് ഉറപ്പാണ്. പകരം, ജനങ്ങളുടെ ലോല വികാരങ്ങൾ ചൂഷണം ചെയ്ത്, ജാതീയമായും വർഗീയമായും ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ച് തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇടതു മുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് ഇത് കാണിക്കുന്നത്. ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽതന്നെ പരാജയം സമ്മതിച്ചു എന്നതിന്റെ അടയാളമാണിത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഈ രീതിയിലാണ് ഇടതുപക്ഷം ഭൂരിപക്ഷം സീറ്റുകൾ നേടിയത്. കോൺഗ്രസില്ലാത്ത കേരളത്തിനുവേണ്ടി സി.പി.എമ്മും കോൺഗ്രസില്ലാത്ത ഭാരതത്തിനുവേണ്ടി ബി.ജെ.പിയും ഒരുമിക്കുന്ന കാഴ്ച കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. അതിന്റെ ദുര്യോഗം കേരള ജനത ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷക്കാലത്തെ തുടർഭരണത്തിനിടയിൽ ജനങ്ങൾ ഒരുപാട് പീഡനങ്ങൾ അനുഭവിച്ചു. ജനകീയ പ്രശ്നങ്ങളിലൊന്നും സർക്കാറിന് ശ്രദ്ധചെലുത്താൻ കഴിഞ്ഞില്ല. പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർധന കാരണം സാധാരണക്കാരന്റെ ജീവിതം തകർന്നിരിക്കുകയാണ്. വിലവർധന നടപ്പാക്കുന്നത് കേന്ദ്രമാണെങ്കിലും ജനങ്ങളെ സഹായിക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാറിനുണ്ട്. നികുതി കുറച്ചുകൊടുക്കാൻ സംസ്ഥാന സർക്കാറിന് സാധിക്കുമെങ്കിലും അതിന് തയാറാകുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ അത് ചെയ്ത് കാണിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ തെറ്റായ നയങ്ങളെ പിന്തുണച്ച് ജനങ്ങൾക്ക് കൂടുതൽ ഉപദ്രവമുണ്ടാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
സിൽവർ ലൈനിന്റെ പേരിൽ ജനങ്ങളെ അവരുടെ കിടപ്പാടങ്ങളിൽനിന്ന് അടിച്ചോടിക്കുകയാണ് സർക്കാർ. പൊലീസ് ബൂട്ടിട്ട് ചവിട്ടുകയും പിഞ്ചുകുട്ടികളെപ്പോലും മൃഗീയമായി വലിച്ചിഴക്കുകയും ചെയ്യുന്നു. സ്ത്രീകളെ കൈകാര്യം ചെയ്യുന്നത് പുരുഷ പൊലീസാണ്. 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. കേരളത്തിലടക്കം ഇത് നടപ്പാക്കുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതിന് 10,000 കോടി രൂപയേ ചെലവ് വരുകയുള്ളൂ.
എന്നാൽ, കേരള സർക്കാർ ഏതാണ്ട് ഒന്നരലക്ഷം കോടി രൂപ ചെലവഴിച്ച് 200 കിലോമീറ്റർ വേഗത്തിൽ ഓടുന്ന തീവണ്ടിപ്പാത കൊണ്ടുവരുകയാണ്. 40 കിലോമീറ്ററിന്റെ വ്യത്യാസത്തിനുവേണ്ടി ഒരു ലക്ഷത്തോളം ആളുകളെ തെരുവിലിറക്കണം. വീടുകൾ അടക്കം പതിനായിരക്കണക്കിന് കെട്ടിടങ്ങൾ പൊളിക്കണം. കേരളത്തിനത്തുമാത്രം യാത്രചെയ്യാൻ ഉപകാരപ്പെടുന്ന ഒരു പദ്ധതിക്കുവേണ്ടിയാണ് ഇതെല്ലാം.
ഇതിന്റെ പ്രായോഗികതയെക്കുറിച്ച് പ്രതിപക്ഷത്തോട് സംസാരിക്കാൻപോലും സർക്കാർ തയാറായിട്ടില്ല. പദ്ധതിയിൽനിന്ന് കിട്ടുന്ന സാമ്പത്തിക ലാഭം മാത്രമാണ് സർക്കാറിന്റെ ലക്ഷ്യം. ചരിത്രത്തിൽ ഒരിക്കലും കാണാത്ത തരത്തിലുള്ള പീഡനമാണ് ഇതിന്റെ പേരിൽ നടക്കുന്നത്. ബംഗാളിലുണ്ടായ അനുഭവം ഇവിടെയും പാർട്ടിയെ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ തൃക്കാക്കരയിൽ യു.ഡി.എഫ് ഉയർന്ന വിജയം നേടുമെന്നതിൽ സംശയമില്ല.
തെരഞ്ഞെടുപ്പ് സമയത്ത് സിൽവർ ലൈനിനെക്കുറിച്ച് സംസാരിക്കാത്തത് സർക്കാറിന്റെ കള്ളത്തരമാണ് തെളിയിക്കുന്നത്. പദ്ധതി ജനങ്ങൾ അംഗീകരിക്കില്ലെന്ന് അവർക്ക് ഉറപ്പാണ്. ജനങ്ങൾ അംഗീകരിക്കാത്ത ഒരു കാര്യം എന്തിനാണ് അടിച്ചേൽപിക്കുന്നതെന്നും പി.എം.എ സലാം ചോദിച്ചു.
കെ.വി. തോമസിന്റെ കൂറുമാറ്റം യു.ഡി.എഫിന്റെ വിജയസാധ്യതയെ ഒരു നിലക്കും ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇടതു മുന്നണിയിലെ വലിയൊരു വിഭാഗം വോട്ട് യു.ഡി.എഫിലേക്ക് വരാനും ഇത് ഇടയാക്കും. ജീവിതകാലം മുഴുവൻ കോൺഗ്രസിനെക്കൊണ്ട് ജീവിച്ച ആളുകൾ റിട്ടയർമെന്റ് കാലം കഴിഞ്ഞ് വീണ്ടും സ്ഥാനങ്ങൾ കിട്ടാതെ ഇറങ്ങിവരുമ്പോൾ ഇടതുമുന്നണി ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.