കോട്ടയം സ്വദേശികളായ ദമ്പതികളെ വിമാനത്താവളത്തിൽ യാത്രയാക്കുന്നു

ബഹ്‌റൈനിൽ സമ്പാദ്യമെല്ലാം നഷ്ട​പ്പെട്ട് ബുദ്ധിമുട്ടിയ വയോധിക ദമ്പതികളെ നാട്ടിലേക്കയച്ചു

മനാമ: മകൻ ഉപേക്ഷിക്കുകയും സമ്പാദ്യമെല്ലാം നഷ്ട​പ്പെട്ട അവസ്ഥയിൽ നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയുംചെയ്ത വയോധിക ദമ്പതികളെ പ്രവാസി ലീഗൽ സെല്ലും മുഹറഖ് മലയാളി സമാജവും ചേർന്ന് നാട്ടിലേക്കയച്ചു. കോട്ടയം അകലകുന്നം സ്വദേശികളായ ദമ്പതികളാണ് ഉപജീവനത്തിന് മാർഗമില്ലാതെ കഷ്ടപ്പെട്ടിരുന്നത്.

നാട്ടിൽ ആകെയുണ്ടായിരുന്ന സമ്പാദ്യമായ വീടും വസ്തുവും അപകടത്തിൽ പരിക്കുപറ്റിയ ഭാര്യയുടെ ചികിത്സക്കുവേണ്ടി വിൽക്കുകയായിരുന്നു. ബാക്കിവന്ന 16 ലക്ഷത്തോളം രൂപയുമായി ബഹ്റൈനിലുണ്ടായിരുന്ന മകന്റെ നിർദേശപ്രകാരം ഇരുവരും ബഹ്റൈനിലെത്തി. മകന്റെ നിർദേശപ്രകാരം കഫറ്റീരിയ തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചപോലെ ബിസിനസ് മെച്ചപ്പെട്ടില്ല.

മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മകൻ പറഞ്ഞത് വിശ്വസിച്ച് മുന്നോട്ടുപോയി. ഒടുവിൽ സ്ഥാപനം പൂട്ടുകയും ചെയ്തു. അമ്മയുടെ വിസിറ്റ് വിസ പുതുക്കിയില്ല. അച്ഛൻ വേറെ ജോലിക്കുവേണ്ടി കയറിയപ്പോൾ 60 വയസ്സ് കഴിഞ്ഞതിനാൽ വിസ അടിക്കാൻ കഴിയാതെ പറഞ്ഞുവിട്ടു. ഇതിനിടെ മകൻ ഇവരെ ഉപേക്ഷിച്ച് നാട്ടിലേക്കു കടന്നു. മകന്റെ കൂട്ടുകാർ വന്ന് ഗൃഹോപകരണങ്ങൾ എടുത്തുകൊണ്ടുപോയി.

അമ്മയുടെ പാസ്പോർട്ടും ആകെയുണ്ടായിരുന്ന 5000 രൂപയും കാണാതായി. തുടർന്ന് മകന്റെ ഒരു സുഹൃത്ത് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ. സുധീർ തിരുനിലത്തുമായി ബന്ധപ്പെടുകയായിരുന്നു. അദ്ദേഹം ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തു.

ഇതിനിടെ മകന്റെ സുഹൃത്ത് എന്നു പറഞ്ഞയാളെയും കിട്ടാതായി. റൂമിന്റെ വൈദ്യുതിബന്ധംപോലും വി​ച്ഛേദിക്കപ്പെട്ട അവസ്ഥയിൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞതുമില്ല. മംഗലാപുരം സ്വദേശി മുഖേന മുഹറഖ് മലയാളി സമാജം നേതാവ് അനസ് റഹീമിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് എം.എം.എസ് പ്രതിനിധികൾ എത്തി താമസവും ഭക്ഷണവും ശരിയാക്കിനൽകി.

സുധീർ തിരുനിലത്തുമായി ബന്ധ​പ്പെട്ട് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ യാത്രാരേഖകൾ ശരിയാക്കുകയായിരുന്നു. മുഹറഖ് മലയാളി സമാജം എമിഗ്രേഷൻ ഫൈൻ അടക്കാനും നാട്ടിൽ പോയാൽ താമസിക്കാൻ ഇടമില്ലാത്ത ഇവർക്ക് താൽക്കാലിക ആശ്വാസം എന്ന നിലയിൽ സഹായം നൽകുകയും ചെയ്തു. ഔട്ട്‌ പാസും ഇവർക്കുള്ള യാത്ര ടിക്കറ്റും എംബസിയിൽനിന്ന് സുധീർ തിരുനിലത്തിന്റെ ശ്രമഫലമായി ലഭ്യമായതോടെ തിങ്കളാഴ്ച ഇരുവരും നാട്ടിലേക്കു തിരിച്ചു.

എം.എം.എസ് രക്ഷാധികാരി എബ്രഹാം ജോൺ, പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി രജീഷ് പി.സി, ട്രഷറർ ബാബു എം.കെ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം, അബ്ദുറഹ്മാൻ കാസർകോട്, മൻഷീർ കൊണ്ടോട്ടി, മുജീബ് വെളിയങ്കോട്, രതീഷ് രവി, പ്രമോദ് കുമാർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - The elderly couple who lost all their savings were sent back to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.