മനാമ: മലയാളം ഒരു ആഗോള ഭാഷയാണോയെന്ന് മറ്റാര് സംശയിച്ചാലും കേരളത്തിലെ റവന്യൂ വകുപ്പിന് സംശയമില്ല. കണ്ണുമടച്ച് അവർ ബഹ്റൈനിലേക്ക് ഒരു കത്തയച്ചു; തനി മലയാളത്തിൽ വിലാസമെഴുതി. ഒട്ടും തെറ്റാതെ ആ കത്ത് കൈയിൽ കിട്ടിയപ്പോൾ സുരഭിയും പറഞ്ഞു; മലയാളം ഒരു ആഗോള ഭാഷ തന്നെ!
കാറ്റിസ് ബഹ്റൈൻ എന്ന കമ്പനിയുടെ ഡയറക്ടറും ക്വാളിറ്റി മാനേജരുമായ കോഴിക്കോട് ചെറുകുളം സ്വദേശി സുരഭിയെ തേടിയാണ് മലയാളത്തിൽ വിലാസമെഴുതിയ കത്ത് വന്നത്. റവന്യൂ വകുപ്പിൽ എൽ.ഡി ക്ലാർക്കായിരുന്ന സുരഭി അവധി എടുത്താണ് ബഹ്റൈനിൽ എത്തിയത്. ലീവ് അവസാനിപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിക്കാത്തതിനാൽ സർവീസിൽനിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ളതായിരുന്നു കത്ത്.
സുരഭി തന്നെയാണ് കത്ത് ലഭിച്ച കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വിദേശത്തേക്കായിട്ടും കത്തിന് പുറത്ത് മലയാളത്തിൽതന്നെ വിലാസമെഴുതിയ ക്ലാർക്ക് പൊളി തന്നെ എന്ന് സുരഭി കുറിപ്പിൽ പറയുന്നു.
മലയാളം ഒരു അന്താരാഷ്ട്ര ഭാഷയാണോയെന്ന് ഇനിയൊരിക്കലും സംശയിക്കില്ല. മലയാളത്തിൽ മാത്രം അഡ്രസ് എഴുതിയ കത്ത് ചുറ്റിക്കറങ്ങാതെ ഇതാ ഇവിടെ എത്തിയിരിക്കുന്നു!
നാട്ടിലെ റവന്യൂ ഡിപാർട്ട്മെന്റിൽ നിന്ന് കടൽ കടന്ന് എന്നെ തേടി ബഹ്റൈനിലെത്തിയ കത്തിലാണ് മലയാളത്തിൽ പേരും അഡ്രസും എഴുതിയിരിക്കുന്നത്. പോസ്റ്റ് ബോക്സിൽ നിന്ന് കത്തുകൾ എടുക്കാൻ പോയ കെ ടി നൗഷാദ് അവിടുന്ന് തന്നെ എന്നെ വിളിച്ചറിയിച്ചു; ‘നിനക്ക് മലയാളം വിലാസത്തിൽ ഒരു ലവ് ലെറ്റർ വന്നിട്ടുണ്ട്’ എന്ന്. ബഹ്റൈൻ എന്ന അഡ്രസ് കണ്ടിട്ടും മലയാളത്തിൽ തന്നെ അഡ്രസെഴുതി വിട്ട ക്ലാർക്ക് പൊളി തന്നെ.
എന്നാലും ആ കത്തിനകത്ത് എന്തായിരിക്കുമെന്ന് ആലോചിച്ചവർക്കായി: 15 വർഷം ലീവിന് ശേഷം ജോയിൻ ചെയ്യാത്തതു കൊണ്ട് ജോലി പോയിരിക്കുന്നു. ഇനി ഈ വഴിക്ക് വരേണ്ട എന്ന് അറിയിക്കാനുള്ള കത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.