മനാമ: യമനിൽ ഹൂതി വിമതർ മോചിപ്പിച്ച രണ്ട് മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ ഞായറാഴ്ച നാട്ടിലെത്തും. ശനിയാഴ്ച രാവിലെ 12.45ന് യമനിലെ ഏദൻ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട സംഘം വൈകീട്ട് 6.45ണ് ദുബൈയിൽ എത്തി. ഇവിടെ തങ്ങുന്ന സംഘം ഞായറാഴ്ച രാവിലെ 9.30ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മുംബൈക്ക് പോകും. സംഘത്തിലുള്ള വടകര സ്വദേശി ടി.കെ. പ്രവീണും തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫയും രാത്രി 9.30ന് മുംബൈയിൽനിന്ന് കണ്ണൂരിലേക്ക് തിരിക്കും.
കോവിഡ് പരിശോധന ഉൾപ്പെടെ നടപടികൾ പൂർത്തീകരിച്ചാണ് സംഘം ഏദനിൽനിന്ന് യാത്ര തിരിച്ചത്. മലയാളികൾക്ക് പുറമെ, ഏഴ് മഹാരാഷ്ട്ര സ്വദേശികളും രണ്ട് തമിഴ്നാട്ടുകാരും യു.പി, ബംഗാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള ഒാരോരുത്തരുമാണ് സംഘത്തിലുള്ളത്.
10 മാസത്തോളം ഹൂതി വിമതരുടെ തടവിലായിരുന്ന ഇന്ത്യക്കാരെ നവംബർ 28നാണ് മോചിപ്പിച്ചത്. തുടർന്ന് ഇന്ത്യൻ എംബസി അധികൃതരുടെ മേൽനോട്ടത്തിൽ യമൻ തലസ്ഥാനമായ സൻആയിലെ ഒരു ഹോട്ടലിലാണ് സംഘം കഴിഞ്ഞത്.
17 വർഷമായി ഒമാൻ െഎലൻഡ് ബ്രിഡ്ജ് ട്രേഡിങ് ആൻഡ് ട്രാൻസ്പോർട്ട് ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനാണ് പ്രവീൺ. ഇൗ കമ്പനിയുടെ കീഴിലെ അൽ റാഹിയ, ദാന -6, ഫരീദ എന്നീ ചെറുകപ്പലുകൾ ഫെബ്രുവരി മൂന്നിനാണ് ഒമാനിലെ മസീറ എന്ന ദ്വീപിൽനിന്ന് സൗദിയിലെ യാംബൂ പോർട്ടിലേക്ക് പുറപ്പെട്ടത്.
എന്നാൽ, കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന ദാന -6 എന്ന കപ്പൽ മുങ്ങി. തുടർന്ന് ഇതിലെ ജീവനക്കാരും അൽ റാഹിയയിലായിരുന്നു യാത്ര. വീണ്ടും കാലാവസ്ഥ മോശമായതിനാൽ ദ്വീപിൽ കപ്പൽ നങ്കൂരമിട്ടു. ഇവിടെ വെച്ചാണ്, നാല് മത്സ്യബന്ധന ബോട്ടുകളിൽ ആയുധങ്ങളുമായി എത്തിയ ഹൂതി വിമതർ ഇവരെ തട്ടിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.