മനാമ: നവംബർ ഒമ്പതുമുതൽ 11 വരെ നടക്കുന്ന ബഹ്റൈൻ ഇന്റർനാഷണൽ എയർഷോയുടെ ആറാം പതിപ്പിന് ഫാമിലി ഏരിയ ടിക്കറ്റുകൾ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. ഫാൺബറോ ഇന്റർനാഷനലുമായി സഹകരിച്ച് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയവും റോയൽ ബഹ്റൈൻ എയർഫോഴ്സും ചേർന്നാണ് എയർ ഷോ സംഘടിപ്പിക്കുന്നത്. മൂന്നുദിവസത്തെ പരിപാടിയിൽ ഫാമിലി ഏരിയ സോൺ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ പ്രവർത്തിക്കും. എയർഷോക്കൊപ്പം വിവിധ പരിപാടികൾ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരമുണ്ട്.
സാമൂഹികക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ബഹ്റൈനിലെ വൈവിധ്യമാർന്ന പ്രാദേശിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന പൈതൃക ഗ്രാമം, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് ഭക്ഷ്യമേള, ബഹ്റൈനിലെ നാടൻ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവയുമുണ്ടാകും.
ആകാശത്ത് വിവിധ വിമാനങ്ങൾ കാഴ്ചവെക്കുന്ന അമ്പരപ്പിക്കുന്ന പ്രകടനങ്ങൾ കുടുംബങ്ങൾക്കുള്ള വിനോദമേഖലയിൽ ഇരുന്ന് ആസ്വദിക്കാൻ കഴിയും. അതേസമയം, എയർക്രാഫ്റ്റ് എക്സിബിഷൻ ഏരിയയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. യു.കെ റോയൽ എയർഫോഴ്സ് എയ്റോബാറ്റിക് ടീം, റെഡ് ആരോസ്, ഗ്ലോബൽ സ്റ്റാർ ഡേ തുടങ്ങിയ ലോകമെമ്പാടുമുള്ള ടീമുകളെ അടുത്തുകാണാൻ സന്ദർശകർക്ക് അവസരം ലഭിക്കും. ഫാമിലി ഏരിയയിൽ കുട്ടികൾക്കായി ഫെയ്സ് പെയിന്റിങ്, മത്സരങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗെയിമുകൾ തുടങ്ങിയ വൈവിധ്യമാർന്ന വിനോദ പരിപാടികളുമുണ്ടായിരിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ക്ലെവർ പ്ലേയുടെയും സഹകരണത്തോടെ എട്ടിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ശിൽപശാലകളും നടക്കും.
ഫാമിലി ഏരിയയിൽ 12 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിദിനം അഞ്ചു ദീനാറാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ വെബ്സൈറ്റ് മുഖേനയും ബഹ്റൈൻ പോസ്റ്റ്
ഔട്ട്ലെറ്റുകളിലൂടെയും സഖീറിലെ എയർഷോ വേദിയിൽനിന്ന് നേരിട്ടും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.