രാഷ്ട്രീയ വിരോധങ്ങളുടെ പേരിൽ തേജോവധം ചെയ്യൽ സമൂഹമാധ്യമങ്ങളിൽ അരങ്ങുവാഴുകയാണ്. പല വ്യാജ നിർമിതികളും വിഡിയോ മോർഫിങ്ങും ഫേക്ക് എഡിറ്റിങ്ങുകളുംമൂലം ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാൻ ഏറെ പാടുപെടേണ്ട ഗതികേടിലാണ് സമൂഹമാധ്യമ ഉപഭോക്താക്കൾ. അടുത്തിടെ ലോകകപ്പ് ക്രിക്കറ്റ് വിജയികളായ ആസ്ട്രേലിയൻ ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രോഫികൾ സമ്മാനിക്കുന്ന വിഡിയോ ദൃശ്യങ്ങളെ വളരെ തെറ്റായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനോട് യോജിക്കാനാനാകില്ല. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ രാജ്യത്തിന്റെ യശസ്സിനെയാണ് ചോദ്യം ചെയ്യുന്നത്. രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ആ പദവിയെ ബഹുമാനിക്കാനും ലോക രാജ്യങ്ങൾക്ക് മുന്നിൽ നമ്മുടെ രാഷ്ട്രസ്നേഹം കാണിക്കാനും ഓരോ പൗരനുമാകണം.
അതുപോലെതന്നെ പറയാൻ അറയ്ക്കുന്ന അശ്ലീല പ്രയോഗങ്ങളാണ് ചില മാധ്യമങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമന്റുകളിൽ നിറയുന്നത്. വിരോധങ്ങളും വിദ്വേഷങ്ങളും രാഷ്ട്രീയ മേഖലകളിൽ മുൻ കാലങ്ങളിലും പതിവ് കാഴ്ചകളായിരുന്നെങ്കിലും അതിലെല്ലാംതന്നെ മാന്യത നിലകൊണ്ടിരുന്നു. ഇന്ന് മാന്യതയുടെ സകല സീമകളും കടന്നുള്ള അധിക്ഷേപങ്ങളാണ് പലരും നേരിട്ടും ഫേക്ക് ഐ.ഡികളിലൂടെയും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ളവരുടെ ബാഹുല്യം സൈബർ കുറ്റാന്വേഷകർക്കുവരെ തലവേദനയാകുന്നു.
മതവും ജാതിയും വംശവും വരെ അതിക്ഷേപങ്ങളുടെ വാക്കുകളായി മാറുന്നു. സമാധാനപരമായ പല മേഖലകൾക്കും ഭീഷണിയായി മാറുകയാണ് സമൂഹമാധ്യമങ്ങളിലെ ഇത്തരം പരാമർശങ്ങൾ. വ്യക്തിഹത്യകളും എന്തും പറയാൻ ലൈസൻസുള്ള ഇടമാണ് സമൂഹമാധ്യമം എന്ന ധാർഷ്ട്യവും ഈ ഇടം മലീമസമാക്കിക്കൊണ്ടിരിക്കുന്നു. ഈ ദുഷ്ചെയ്തികൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണർന്നേ തീരൂ.
കാസിം പാടത്തകായിൽ
ഏകദേശം 2800 വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ ദ്വീപിലെ ഏറ്റവും വലിയ ഡ്രോയിങ് മത്സരമായ ഐ.സി.ആർ.എഫിന്റെ സ്പെക്ട്രയും ഇന്ത്യൻ സ്കൂളിന്റെ സ്പോർട്സ് ഡേയും ഒരുദിവസം ഇന്ത്യൻ സ്കൂളിൽവെച്ച് നടത്തിയത് അനുചിതമായിപ്പോയി. രാവിലെ എട്ടിന് തുടങ്ങിയ വാഹനക്കുരുക്ക് 11.45 വരെ നീണ്ടു. പലരും വിദ്യാർഥികളെ സമയമായിട്ടും എത്തിക്കാൻ പറ്റാതെ സിഗ്നലിൽ ഇറക്കിവിടുകയായിരുന്നു. വിദ്യാർഥികളെ തിരികെ കൊണ്ടുപോകാനും ഗതാഗതക്കുരുക്കുമൂലം വളരെ ബുദ്ധിമുട്ടി. ജുമുഅ നമസ്കാരത്തിന് പോകാൻ പലർക്കും വണ്ടികൾ എടുക്കുവാൻ കഴിഞ്ഞില്ല. വാഹനങ്ങൾ നിയന്ത്രിക്കാൻ വളന്റിയേഴ്സും ഉണ്ടായിരുന്നില്ല. ഇത്തരം വലിയ പരിപാടികൾ നടത്തുമ്പോൾ സംഘാടകർ ഇതുകൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.
അബ്ദുൽ സഹീർ - ഈസ്റ്റ് റിഫ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.