മനാമ: സയൻസ് ഇന്ത്യ ഫോറം വിജ്ഞാന ഭാരതിയുടെയും ബഹ്റൈൻ ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്ര പ്രതിഭ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ തേർഡ് സെക്രട്ടറി ഇജാസ് അസ്ലം ഫലപ്രഖ്യാപനം നടത്തി.
മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ ശാസ്ത്ര പ്രതിഭ പരീക്ഷ നടന്നത്. ബഹ്റൈനിലെ എട്ടു സ്കൂളുകളിൽനിന്ന് 11,500 കുട്ടികൾ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 1759 കുട്ടികൾ രണ്ടാംഘട്ട പരീക്ഷക്ക് യോഗ്യത നേടി. അതിൽനിന്ന് 88 കുട്ടികളാണ് അവസാന ഘട്ട പരീക്ഷക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽനിന്ന് ഓരോ ഗ്രേഡിലെയും ഏറ്റവും ഉയർന്ന മാർക്ക് നേടിയ രണ്ടുകുട്ടികളെ വീതം ശാസ്ത്ര പ്രതിഭയായി പ്രഖ്യാപിച്ചു. 128 കുട്ടികൾ എ പ്ലസ് ഗ്രേഡും 186 കുട്ടികൾ എ ഗ്രേഡും കരസ്ഥമാക്കി.
എംബസി ഹാളിൽ നടന്ന ഫലപ്രഖ്യാപന ചടങ്ങിൽ സയൻസ് ഇന്ത്യ ഫോറം പ്രസിഡൻറ് ഡോ. വിനോദ് മണിക്കര, ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ്, ഉപദേശക ബോർഡ് ചെയർമാൻ ഡോ. രവിവാര്യർ, മെംബർ ഡോ. ബാബു രാമചന്ദ്രൻ, പി.ആർ.ഒ അനിലാൽ എന്നിവർ സംബന്ധിച്ചു.
ശാസ്ത്ര പ്രതിഭകൾക്ക് ഇന്ത്യയിലെ വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കാനും മുതിർന്ന ശാസ്ത്രജ്ഞരുമായി സംവദിക്കാനുമുള്ള അവസരം ഒരുക്കുമെന്ന് സയൻസ് ഇന്ത്യ ഫോറം പ്രസിഡൻറ് ഡോ. വിനോദ് മാനിക്കര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.