മനാമ: സാമ്പത്തിക മേഖലയുടെ വളര്‍ച്ചയില്‍ ബാങ്കുകളുടെ പങ്ക് നിര്‍ണായകമാണെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ 2019-20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിനെ അധികരിച്ച് ചര്‍ച്ച നടന്നു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ അധ്യക്ഷനായ കോഒാഡിനേഷന്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് വിടാനും ഉചിതമായ നടപടി എടുക്കാനും തീരുമാനിച്ചു.
മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ പിഴവ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് നേട്ടമാണെന്നും വിലയിരുത്തി. ബഹ്റൈനിലെ ബാങ്കിങ് മേഖല 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഹബായി മാറാന്‍ സാധിക്കുമെന്ന പ്രതീക്ഷയും മന്ത്രിസഭ പങ്കുവെച്ചു. ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വലിയ ധനകാര്യ സ്ഥാപനങ്ങളെ മേഖലയിലേക്ക് ആകര്‍ഷിക്കാനും ബഹ്റൈന്‍ സാധിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള 'ബാസല്‍'സൂചികയില്‍ അറബ് മേഖലയില്‍ ബഹ്റൈന്‍ ഒന്നാം സ്ഥാനം നേടാനായത് അഭിമാനകരമാണെന്ന് കാബിനറ്റ് വിലയിരുത്തി. തീവ്രവാദ ഫണ്ടിങ്, കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല തുടങ്ങിയവക്കെതിരെ ശക്തമായ നടപടികളാണ് ബഹ്റൈന്‍ കൈക്കൊള്ളുന്നത്. അതിനാലാണ് ഇത്തരമൊരു മികവ് നേടാന്‍ സാധിച്ചതെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.
തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ യോഗം ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഫ്രാന്‍സിലെ നീസ് പട്ടണത്തിലുണ്ടായ തീവ്രവാദ ആക്രമണത്തെ കാബിനറ്റ് അപലപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിന് ഫ്രഞ്ച് ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
2021, 2022 കാലത്തേക്കുള്ള ദ്വിവര്‍ഷ ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതുമായി ബന്ധപ്പെട്ട നിയമകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെൻറിന് വിടാനും തീരുമാനിച്ചു. സര്‍ക്കാറിെൻറ ചെലവ് കുറക്കാനും വരവ് വര്‍ധിപ്പിക്കാനുമാണ് പ്രധാനമായും ബജറ്റ് ഊന്നുന്നത്. കൂടുതല്‍ പ്രയാസമുള്ള സ്വദേശികള്‍ക്ക് സബ്സിഡി നല്‍കാനും നിര്‍ദേശമുണ്ട്. കൂടുതല്‍ ഊര്‍ജസ്വലമായി സര്‍ക്കാറിെൻറ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ബജറ്റ് നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. എണ്ണയിതര വരുമാന സ്രോതസ്സുകള്‍ വര്‍ധിപ്പിക്കുന്നതിനും ശ്രമമുണ്ടാകും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കി പൗരന്മാരെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനും ഊന്നലുണ്ടാകും. 2021ല്‍ 2285 ദശലക്ഷം ദീനാറും 2022ല്‍ 2339 ദശലക്ഷം ദീനാറും വരവ് പ്രതീക്ഷിക്കുന്നുണ്ട്. എണ്ണ ബാരലിന് 45 ഡോളര്‍ എന്ന രീതിയിലാണ് കണക്കാക്കിയിട്ടുള്ളത്. ആവര്‍ത്തിത ചെലവ് 2021ല്‍ 3296 ദശലക്ഷം ദീനാറും 2022ല്‍ 3296 ദീനാറും കണക്കാക്കുന്നു. 2021ൽ പൊതുകടം 568 ദശലക്ഷം ദീനാറും 2022ല്‍ 388 ദശലക്ഷം ദീനാറുമാകുമെന്നാണ് പ്രതീക്ഷ. മൊത്തം ബജറ്റ് കമ്മി 2021ല്‍ 1276 ദശലക്ഷം ദീനാറും 2022ല്‍ 1145 ദീനാറും ആകുമെന്നാണ് കണക്കാക്കുന്നത്.
എണ്ണവില പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞിട്ടും 2019ല്‍ ലക്ഷ്യമിട്ട അത്രയും പൊതുകടം കുറക്കാന്‍ സാധിച്ചതായി ബജറ്റ് വ്യക്തമാക്കുന്നു. എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.