മനാമ: ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായ കാസർകോട് പൊവ്വൽ സ്വദേശി സിനാെൻറ ചികിത്സക്കായി സുമനസ്സുകളുടെ സഹായത്തോടെ സ്വരൂപിച്ചത് 25,55,726 രൂപ. കഴിഞ്ഞ ദിവസം ചേർന്ന സിനാന് റിലീഫ് കമ്മിറ്റി സമാപന യോഗത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. കെ.എം.സി.സി ഓഫിസില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു യോഗം. സിനാന് റിലീഫ് കമ്മിറ്റി ചെയര്മാന് ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജില്ല പ്രസിഡൻറ് അഷ്റഫ് മഞ്ചേശ്വരം യോഗം ഉദ്ഘാടനം ചെയ്തു.
കാസർകോട് ജില്ലയിൽ പൊവ്വൽ സ്വദേശിയായ സിനാൻ ഏറെ സ്വപ്നങ്ങളുമായാണ് ബഹ്റൈനിലെത്തിയത്. രോഗികളായ മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു സിനാൻ. 24കാരനായ സിനാൻ സെൻട്രൽ മാർക്കറ്റിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് വിധി വില്ലനായത്.
ജോലിക്കിടെ വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ സിനാനെ കാത്തിരുന്നത് അത്ര ശുഭകരമായ വാർത്തയായിരുന്നില്ല. ഗുരുതര ആരോഗ്യ പ്രശ്നമാണെന്നും നാട്ടിലെത്തി വിദഗ്ധ പരിശോധനക്ക് വിധേയമാകണമെന്നും ബഹ്റൈനിൽ ചികിത്സിച്ച ഡോക്ടർമാർ നിർദേശിച്ചു. നാട്ടിലെത്തിയശേഷം നടത്തിയ പരിശോധനയിൽ രണ്ടു വൃക്കകളുടെയും സ്ഥിതി അതിഗുരുതരമാണെന്നും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മാത്രമേ ജീവൻ രക്ഷിക്കാനാവൂ എന്നും ഡോക്ടർമാർ വ്യക്തമാക്കി. തുടർന്ന് സിനാെൻറ ചികിത്സക്കും മറ്റും ആവശ്യമായ തുക സ്വരൂപിക്കാൻ ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനാൻ റിലീഫ് കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു.
കെ.എം.സി.സി സൗത്ത് സോണ്‍ പ്രസിഡൻറ് റഷീദ് ആറ്റൂര്‍, കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് അഷ്റഫ് അഴിയൂർ, അഷ്റഫ് പെര്‍ള, ബാവ പുത്തൂര്‍, ടി.കെ. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. 25,55,726 രൂപ കമ്മിറ്റിക്ക് സ്വരൂപിക്കാന്‍ കഴിഞ്ഞുവെന്നും ഇതിനുവേണ്ടി സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജോയൻറ് കണ്‍വീനര്‍ റിയാസ് പട്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിനാൻ കമ്മിറ്റി കോഒാഡിനേറ്റർമാരായ റഫീഖ് കാമ്പസ്, മമ്മു മല്ലം, സത്താർ ഉപ്പള, അബ്ദുല്ല പുത്തൂർ, ഇബ്രാഹിം ചാല, മുൻ ജില്ല പ്രസിഡൻറ് ഹമീദ് പുത്തൂർ, മണ്ഡലം കമ്മിറ്റി ഭാരവാഹി അലി ബമ്പ്രാണ തുടങ്ങിയവർ സംബന്ധിച്ചു. ജോയൻറ് കണ്‍വീനര്‍ റിയാസ് സ്വാഗതവും ജില്ല ട്രഷറര്‍ കുഞ്ഞാമു ബെദിര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.