മനാമ: കോഴിക്കോട് ജില്ലയിലെ തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ രണ്ടര വർഷത്തോളമായി നടന്നുവരുന്ന സമരം പൊലീസിനെ ഉപയോഗിച്ച് അതിക്രൂരമായി അടിച്ചമർത്താനുള്ള ഹൈവേ അതോറിറ്റിയുടെ ശ്രമത്തെ ഗ്ലോബൽ തിക്കോടിയൻസ് ഫോറം ഗ്ലോബൽ കമ്മിറ്റി അപലപിച്ചു. സമരപ്പന്തൽ പൊളിച്ചുമാറ്റി സമരനേതാക്കളെയും നാട്ടുകാരെയും മർദിച്ച പൊലീസ് നടപടി അപലപനീയമാണ്.
ഒരു പ്രദേശത്തെ ആകമാനം പുറംലോകവുമായി ബന്ധപ്പെടാനാവാത്ത നിലയിൽ സഞ്ചാര സ്വാതന്ത്ര്യം പൂർണമായും നിഷേധിക്കുന്നതരത്തിലുള്ള റോഡ് വികസനവും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അധികാരികളെ ബോധ്യപ്പെടുത്തി സമാധാനപരമായ സമരപരിപാടികളുമായി പോർമുഖത്തുള്ള ആക്ഷൻ കമ്മിറ്റി പ്രവർത്തകർക്ക് അധികാരികൾ കൊടുത്ത ഉറപ്പ് ലംഘിക്കുന്ന തരത്തിലുള്ള കുറ്റകരമായ നടപടിയാണ് ഉണ്ടായിട്ടുള്ളതെന്ന് ഗ്ലോബൽ കമ്മിറ്റി വിലയിരുത്തി.
പ്രശ്ന പരിഹാരത്തിന് ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ജനവികാരം മാനിക്കുന്നതരത്തിലുള്ള നടപടികൾ ഉണ്ടാവണമെന്ന് ഹംസ കുന്നുമ്മൽ (ഗ്ലോബൽ ചെയർമാൻ), അഡ്വ. പ്രമോദ്കുമാർ (ഗ്ലോബൽ ജനറൽ സെക്രട്ടറി) എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.k
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.