മനാമ: വിദേശത്തു നിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള നിബന്ധനകൾ തിങ്കളാഴ്ച മുതൽ പുതുക്കി. ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഞായറാഴ്ച മുതൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ തുടരും.

ബഹ്‌റൈൻ പൗരന്മാർക്കും റസിഡൻസ് വിസ ഉള്ളവർക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് വരുന്ന ജി.സി.സി പൗരന്മാർക്കും കഴിഞ്ഞ ഉത്തരവിൽ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ പുതിയ ഉത്തരവിൽ അവരെ ഒഴിവാക്കിയിട്ടുണ്ട്. 

യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന വ്യവസ്ഥയിലും മാറ്റമില്ല. അതേസമയം, ബഹ്‌റൈനിൽ എത്തിയ ശേഷമുള്ള കോവിഡ് പരിശോധനയുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇന്നു മുതൽ വിമാനത്താവളത്തിൽ വെച്ചും തുടർന്ന് പത്താം ദിവസവും കോവിഡ് പരിശോധന നടത്തണം. ഇതുവരെ അഞ്ചാം ദിവസവും പരിശോധന നടത്തേണ്ടിയിരുന്നു. 

ക്വറൻറീൻ വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല. താമസ സ്ഥലത്തോ അല്ലെങ്കിൽ എൻ.എച്ച്.ആർ.എയുടെ അംഗീകാരമുള്ള ഹോട്ടലിലോ ആണ് 10 ദിവസം ക്വറൻറീനിൽ കഴിയേണ്ടത്. 

റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരും 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വിമാനത്താവളത്തിലും തുടർന്ന് പത്താം ദിവസവും കോവിഡ് ടെസ്റ്റ്‌, 10 ദിവസത്തെ ക്വറൻറീൻ എന്നീ വ്യവസ്ഥകൾ പാലിക്കണം.

എന്നാൽ, ബഹ്‌റൈനിൽ നിന്ന് ലഭിച്ച വാക്‌സിൻ സർട്ടിഫിക്കേറ്റ് അല്ലെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പരസ്പരം അംഗീകരിക്കാൻ സമ്മതിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് എന്നിവയുമായി വരുന്നവർക്ക് ക്വറൻറീനും പി.സി.ആർ ടെസ്റ്റും ആവശ്യമില്ല.

അമേരിക്ക, യു.കെ, യൂറോപ്യൻ യൂണിയൻ, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വാക്‌സിൻ സർട്ടിഫിക്കേറ്റുമായി വരുന്നവർക്ക് ക്വറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - Travel conditions to Bahrain have been renewed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.