മനാമ: മനുഷ്യാവകാശ സംരക്ഷണത്തിന് സുപ്രധാന പരിഗണന നൽകുന്ന രാജ്യമാണ് ബഹ്റൈനെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. മൊറോക്കോയിൽ നടന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ (യു.എൻ.എച്ച്.ആർ.സി) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യ, ആഫ്രിക്കൻ സഹകരണ, വിദേശകാര്യ മന്ത്രി നാസർ ബൗറിറ്റയുടെ ക്ഷണത്തെതുടർന്നാണ് യു.എൻ മനുഷ്യാവകാശ കൗൺസിൽ (യു.എൻ.എച്ച്.ആർ.സി) റിട്രീറ്റിൽ വിദേശകാര്യ മന്ത്രി പങ്കെടുത്തത്.
നിയമം, നീതി, സമത്വം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനമില്ലെന്ന് ഉറപ്പാക്കുന്നതിനും രാജ്യം പ്രത്യേകം ശ്രദ്ധിക്കുന്നു. എല്ലാ വ്യക്തികൾക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് രാജ്യത്തിന്റെ സമീപനം.മനുഷ്യാവകാശങ്ങൾ, സഹവർത്തിത്വം, ആഗോള ഐക്യദാർഢ്യം എന്നിവയെക്കുറിച്ചുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സമഗ്രമായ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നയിക്കുന്ന ഗവൺമെന്റിന്റെ എല്ലാ പിന്തുണയും ഈ കാര്യത്തിൽ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീൻ പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കണമെന്ന രാജ്യത്തിന്റെ ആവശ്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സമ്മേളനത്തിൽ യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വോൾക്കർ ടർക്ക്, മനുഷ്യാവകാശ കൗൺസിൽ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.