മനാമ: 50 ടണ്ണിലധികം വെടിയുണ്ടകളും റോക്കറ്റുകൾക്കുവേണ്ട സാമഗ്രികളും കടത്തുകയായിരുന്ന മത്സ്യബന്ധന ട്രോളർ ഇറാനിൽനിന്ന് യമനിലേക്കുള്ള സമുദ്രപാതയിൽ പിടികൂടിയതായി യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽപട അറിയിച്ചു. യു.എസ്.എസ് ലൂയിസ് ബി പുള്ളർ എന്ന കപ്പലിൽനിന്നുള്ള നാവികസേനാംഗങ്ങളാണ് ഡിസംബർ ഒന്നിന് ഒമാൻ ഉൾക്കടലിൽ അനധികൃത കപ്പൽ കണ്ടെത്തിയത്. ബഹ്റൈൻ ആസ്ഥാനമായ യു.എസ് അഞ്ചാം കപ്പൽപട ഒരു മാസത്തിനുള്ളിൽ പിടികൂടുന്ന രണ്ടാമത്തെ പ്രധാന ആയുധശേഖരമാണിത്.
ദശലക്ഷത്തിലധികം 7.62 എം.എം വെടിയുണ്ടകളും 25,000 12.7 എം.എം വെടിയുണ്ടകളും റോക്കറ്റുകൾക്ക് ഉപയോഗിക്കുന്ന 7,000ത്തോളം ഫ്യൂസുകളും റോക്കറ്റിൽനിന്നുള്ള ഗ്രനേഡുകൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന 2,100 കിലോഗ്രാം പ്രൊപ്പല്ലന്റുമാണ് പിടിച്ചെടുത്തത്.
ഇറാൻ നിയമവിരുദ്ധമായി ആയുധ കൈമാറ്റം നടത്തുന്നത് തുടരുന്നുവെന്നാണ് ഈ സംഭവം കാണിക്കുന്നതെന്ന് യു.എസ് നാവിക സേനയുടെ സെൻട്രൽ കമാൻഡർ വൈസ് അഡ്മിൻ ബ്രാഡ് കൂപ്പർ പറഞ്ഞു. മേഖലയിലെ അപകടകരവും നിരുത്തരവാദപരവുമായ സമുദ്ര പ്രവർത്തനങ്ങൾ തടയുന്നതിൽ യു.എസ് നാവികസേന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യമനിലെ ഹൂതികൾക്ക് ആയുധങ്ങൾ നേരിട്ടോ അല്ലാതെയോ വിതരണം ചെയ്യുന്നതോ വിൽപന നടത്തുന്നതോ കൈമാറ്റം ചെയ്യുന്നതോ യു.എൻ. സുരക്ഷ കൗൺസിൽ പ്രമേയം 2216ന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണ്. നവംബർ എട്ടിന് ഇറാനിൽനിന്ന് യമനിലേക്ക് അനധികൃതമായി ആയുധങ്ങൾ എത്തിക്കാൻ ശ്രമിച്ച മത്സ്യബന്ധന കപ്പൽ യു.എസ്. അഞ്ചാം കപ്പൽപട പിടികൂടിയിരുന്നു. നാവികസേനയുടെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഒരാഴ്ച നീണ്ട തിരച്ചിലിൽ റോക്കറ്റുകൾ നിർമിക്കാനുപയോഗിക്കുന്ന 70 ടണ്ണിലധികം അമോണിയം പെർക്ലോറേറ്റും സ്ഫോടകവസ്തുക്കളും മിസൈൽ ഇന്ധനവും 100 ടണ്ണിലധികം യൂറിയയും കണ്ടെത്തിയിരുന്നു. വളമായി ഉപയോഗിക്കുന്ന യൂറിയ സ്ഫോടക വസ്തുക്കൾ നിർമിക്കാനും ഉപയോഗിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.