കഴിഞ്ഞ 45 വർഷമായി തുടരുന്ന ഇടതുപക്ഷ സമിതി വില്യാപ്പള്ളിക്ക് സമ്മാനിച്ചത് വികസനം മുരടിച്ച പഞ്ചായത്ത് എന്ന ബഹുമതിയാണ്. തൊട്ടടുത്തുള്ള എ ഗ്രേഡ് പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോൾ വികസനത്തിെൻറയും പുരോഗതിയുടെയും കാര്യത്തിൽ എത്രയോ പിറകിലാണ് വില്യാപ്പള്ളി പഞ്ചായത്ത്.
നിരവധി കായികതാരങ്ങളെ സംഭാവന ചെയ്ത വില്യാപ്പള്ളിക്ക് നല്ലൊരു കളിസ്ഥലം എന്നത് സ്വപ്നമാണ്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച മിനി സ്റ്റേഡിയം പൂർണതയിൽ എത്താതെ അതേപടി നിൽക്കുന്നു.തൊട്ടടുത്തുള്ള പഞ്ചായത്തിൽ ഇൻഡോർ സ്റ്റേഡിയം വരെ വന്നുകഴിഞ്ഞു. വിവിധ പ്രദേശത്തുള്ളവർ ആശ്രയിച്ചിരുന്ന പേരുകേട്ട വില്യാപ്പള്ളി അങ്ങാടി ഇന്ന് വളരെ പിന്നിലായി നിൽക്കുന്നത് നേർക്കാഴ്ചയാണ്.
45 വർഷങ്ങൾക്കു മുമ്പ് മുസ്ലിം ലീഗ് നേതാവ് കെ.കെ. അബ്ദുല്ല ഹാജി നിർമിച്ച പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽതന്നെയാണ് ഇന്നും ഒരു മാറ്റവുമില്ലാതെ പ്രവർത്തിക്കുന്നത്.കേരള സർക്കാറിെൻറ ശുചിത്വ അവാർഡ് സ്വീകരിച്ച പഞ്ചായത്താണ് വില്യാപ്പള്ളി എന്നത് കൗതുകകരമാണ്. അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന ഷോപ്പിങ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യവും മത്സ്യ മാർക്കറ്റ് പൊളിഞ്ഞുവീണതിനെത്തുടർന്ന് ഓട്ടോ സ്റ്റാൻഡിൽ നടത്തുന്ന മത്സ്യവിൽപനയും അവാർഡ് നൽകുന്ന സമിതിയുടെ കണ്ണിൽപ്പെടാതെ മറച്ചുവെച്ചതിന് ഭരണസമിതിക്ക് മറ്റൊരു അവാർഡ് നൽകണമെന്നാണ് നാട്ടുകാർ അടക്കം പറയുന്നത്.
ഇടവഴികൾ ടാർ ചെയ്ത്, തെരുവുവിളക്കുകൾ പ്രകാശിക്കുന്നത് കാണുക എന്നത് വില്യാപ്പള്ളിക്കാരുടെ സ്വപ്നമാണ്. കൂരിരുട്ടിൽ തപ്പിത്തടയാനാണ് വില്യാപ്പള്ളിക്കാരുടെ വിധിയെന്നു തോന്നുന്നു. അത് മാറ്റിയെഴുതണം. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, പ്രകാശിക്കാത്ത തെരുവുവിളക്കുകൾ, കുടിവെള്ള പ്രശ്നം എന്നിവക്ക് പരിഹാരം അനിവാര്യമാണ്.
പഞ്ചായത്ത് ഭരണ സമിതിയുടെ തെറ്റായ ഭരണം അവസാനിപ്പിക്കാൻ ഈ വർഷം വില്യാപ്പള്ളിയിലെ വോട്ടർമാർ തീരുമാനിച്ചു. കോവിഡ് ഭീതിയിലായിരുന്ന പ്രവാസികൾ നാടണയാൻ മുന്നോട്ട് വന്നപ്പോൾ പല തടസ്സങ്ങൾ സൃഷ്ടിച്ച ഇടതുപക്ഷത്തിെൻറ സമീപനത്തിനെതിരെ പ്രവാസികൾക്ക് പ്രതികരിക്കാൻ കിട്ടിയ ആദ്യത്തെ അവസരമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കാണും.
ഇത് പ്രവാസികൾക്കു വേണ്ടി ശബ്ദിച്ച ഐക്യജനാധിപത്യ മുന്നണിക്ക് വോട്ടായി മാറും. മാറ്റത്തിനുള്ള തരംഗം പഞ്ചായത്തിെൻറ എല്ലാ ഭാഗങ്ങളിലും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.