മനസ്സിൽ കർണികാരങ്ങൾ വിടർത്തി വീണ്ടും ഒരു വിഷു

സമൃദ്ധിയുടെയും ഐശ്വര്യത്തിെന്‍റയും സാഹോദര്യത്തിെന്‍റയും വിളംബരമോതി, മനസ്സിൽ കർണികാരങ്ങൾ വിടർത്തി വീണ്ടും ഒരു വിഷു സമാഗതമായി. മലയാളക്കരയെ മാത്രമല്ല, ഭൂമുഖത്തെയാകെ വലയംചെയ്ത കൊറോണ മഹാമാരിയിൽനിന്ന് മനുഷ്യകുലം പതിയെപ്പതിയെ മോചിതമായി സൗഹൃദാന്തരീക്ഷം പുലരുന്ന വേളയിലാണ് വീണ്ടും ആഘോഷങ്ങളുടെ ആരവമുയരുന്നത്.

വിഷു മാത്രമല്ല, റമദാനും ഈസ്റ്ററും ഒരുമിച്ച് സമാഗതമായിരിക്കുന്ന ഏപ്രിൽ വിശ്വാസികൾക്കെല്ലാം അക്ഷരാർഥത്തിൽ പുണ്യങ്ങളുടെ പൂക്കാലം തന്നെ. ഓണം പൂക്കളുടെ ഉത്സവമാണെങ്കിൽ വിഷു ഫലസമൃദ്ധിയുടെ ഉത്സവമാണ്. വിഷു കേരളീയർ ആഘോഷിച്ചുവരുന്നത് കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടാണെന്ന് കരുതുന്നതാവും കൂടുതൽ ശരി. നെൽകൃഷിയുമായാണ് ഇതിന് ഏറെ ബന്ധം. ധനു, മകരം, കുംഭം മാസങ്ങൾ നമ്മുടെ നാട്ടിൽ വേലകളുടെയും പൂരങ്ങളുടെയും കാലമാണ്. അതുകഴിഞ്ഞ് കർഷകർ വീണ്ടും പാടത്തേക്കിറങ്ങുകയാണ്. വിത്തും കൈക്കോട്ടും പാടി വിഷുപ്പക്ഷി കർഷകരെ വയലിലേക്ക് ക്ഷണിക്കുന്നു എന്നാണ് സങ്കല്പം. കർഷകന് അതോടെ അധ്വാനത്തിെന്‍റ നാളുകൾ തുടങ്ങുകയായി. സമൃദ്ധിയുടെ ഒരു വർഷം കൂടി ലഭിക്കട്ടെ എന്ന ശുഭാശംസയും പ്രതീക്ഷയുമാണ് ഈ ആഘോഷത്തിനു പിന്നിലുള്ളത്.

വിഷുവിെന്‍റ പ്രധാന അനുഷ്ഠാനമാണ് കണിക്കാഴ്ച. പറമ്പിൽ വിളയുന്ന ഫലങ്ങളെല്ലാം നിറച്ചു വെച്ച് കാണുന്ന സമൃദ്ധിയുടെ കണിക്കാഴ്ച വരുംകാലത്തിലേക്കുള്ള നല്ല ശകുനമാണ്. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിച്ചുപോന്ന കർഷകജനതയുടെ വിശ്വാസവും ഗ്രാമ മനസ്സിെന്‍റ നിഷ്കളങ്കതയുമാണ് ഇതിൽ തെളിയുന്നത്.

'ചിരിച്ചു വശത്താക്കി, തോപ്പാകെ ചതിയൻ മഴു...

വീടില്ലാത്ത വിഷുപ്പക്ഷി, ഏതോ ദേശാന്തരത്തിലായി...

എന്ന് കേരളീയ ഗ്രാമങ്ങളുടെ സൗന്ദര്യമത്രയും കാൽപ്പനിക കവി പി. കുഞ്ഞിരാമൻ നായർ തെല്ലു രോഷത്തോടെ പാടിയിട്ടുണ്ടല്ലോ. നാണ്യവിളകൾ നടാനും മണിമന്ദിരങ്ങൾ പണിയാനും വേണ്ടി നെൽപാടങ്ങളത്രയും നികത്തിക്കഴിഞ്ഞു. കാർഷിക സംസ്കൃതി ഇന്ന് ഭൂരിഭാഗത്തിനും പഴങ്കഥയാണ്. എങ്കിലും വിഷുവിെന്‍റ ആഘോഷങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മങ്ങലേറ്റിട്ടില്ല.

കണികണ്ടു കഴിഞ്ഞാൽ വീട്ടിലെ മുതിർന്നവരെല്ലാം കുട്ടികൾക്ക് കൈനീട്ടം തരും. കാലുറുപ്പികയോ എട്ടണയോ മറ്റോ ആവും കൈനീട്ടം. ഈ കൈനീട്ടമാണ് വിഷുക്കാലത്തിെന്‍റ ഏറ്റവും മനോഹരമായ ഓർമ. രാവിലത്തെ ആഘോഷങ്ങൾ കഴിഞ്ഞാൽ ഉച്ചക്ക് സമൃദ്ധമായ സദ്യ. വിഷുവിന് ഓരോ നാട്ടിലും ഓരോ സമ്പ്രദായത്തിലാണ് സദ്യ. മിക്ക പ്രദേശങ്ങളിലും ധാന്യങ്ങളും പച്ചക്കറികളും മാത്രമായിരിക്കും സദ്യവട്ടത്തിനായി ഉപയോഗിക്കുന്നത്. വിഷുവിന് മത്സ്യ മാംസവും കൂട്ടി ഊണുകഴിക്കുന്ന പ്രദേശങ്ങളുമുണ്ട്.

ജ്യോതിശാസ്ത്രപ്രകാരവും ഒട്ടേറെ പ്രാധാന്യമുള്ള ദിനം കൂടിയാണ് വിഷു. വർഷാരംഭമാണ് വിഷു. തുലാം ഒന്നും മേടം ഒന്നുമാണ് വർഷാരംഭങ്ങൾ. സൂര്യൻ മീനം രാശിയിൽനിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. തൊട്ടടുത്ത ദിവസമാണ് വിഷു. ദിനരാത്രങ്ങൾ സമയ ദൈർഘ്യത്തിലായിരിക്കും. സൂര്യൻ ഭൂമധ്യരേഖയുടെ നേർമുകളിലായിരിക്കും അന്ന്. സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണ് എന്നർഥം.

വരുംവർഷങ്ങൾ ആധിയും വ്യാധിയും വിട്ടൊഴിഞ്ഞ് സന്തോഷത്തിെന്‍റയും സമാധാനത്തിെന്‍റയും സമൃദ്ധിയുടേതുമാകട്ടെ എന്ന പ്രാർഥനയോടെ, വിഷുദിനാശംസകൾ...

Tags:    
News Summary - Vishu celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.