മനാമ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ആഘോഷമായ വിഷു പടിവാതിൽക്കലെത്തിനിൽക്കെ ആഘോഷത്തിനൊരുങ്ങുകയാണ് പ്രവാസികളും. നാട്ടിലേതുപോലെതന്നെ കണിയൊരുക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. സ്വര്‍ണവും വാല്‍ക്കണ്ണാടിയും ശ്രീകൃഷ്ണ വിഗ്രഹവും വെക്കുന്ന കണിയില്‍ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയും ഉണ്ടാകും. കാര്ഷികോത്സവമായതിനാല് കാര്‍ഷിക വിഭവങ്ങളും കണിയില്‍ വെക്കും.
കണിവെള്ളരിയുൾപ്പെടെയുള്ള പച്ചക്കറികളും മറ്റും ധാരാളമായി മാർക്കറ്റിലെത്തിക്കഴിഞ്ഞു. ഒപ്പം ചക്കയുൾപ്പെടെയുള്ള നാടൻ വിഭവങ്ങളും ലഭ്യമാണ്. പക്ഷേ, കണിയൊരുക്കാനുള്ള കണിക്കൊന്ന പൂവുകൾ ഇത്തവണ അത്ര വ്യാപകമല്ല. കഴിഞ്ഞവർഷമൊക്കെ ബഹ്റൈനിൽ കണിക്കൊന്ന വ്യാപകമായി പൂത്തിരുന്നു. മഞ്ഞനിറത്തിൽ കൊന്ന പൂത്തുലഞ്ഞുനിൽക്കുന്ന ദൃശ്യങ്ങൾ മലയാളികളുടെ മനസ്സിനെ കുളിർപ്പിച്ചിരുന്നു.
സ്വദേശികളുടെ വീടുകളിലും വ്യാപകമായി കൊന്ന മരങ്ങളുണ്ട്. എന്നാൽ, ഇക്കുറി വിഷുവിന് അപൂർവം കൊന്നമരങ്ങൾ മാത്രമേ പൂവിട്ടിട്ടുള്ളൂ. പൂവിട്ട മരങ്ങളിലാകട്ടെ പൂവുകൾ കുറവുമാണ്. ചൂടു കൂടാത്തതാണ് കാരണം. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് കൊന്ന കണ്ടുവരുന്നത്. അന്തരീക്ഷതാപനില 33 ഡിഗ്രിയിൽ കൂടിയാൽ മാത്രമേ കൊന്ന പൂവിടാറുള്ളൂ.
പുഷ്പിക്കലിനെ സഹായിക്കുന്ന ഹോർമോണുകൾ ഉണ്ടാകണമെങ്കിൽ ഈ താപനിലയുണ്ടാകണം. കേരളത്തിലും കാലാവസ്ഥ വ്യതിയാനം മൂലം കൊന്നയുൾപ്പെടെ മരങ്ങൾ വിഷുക്കാലത്ത് പൂവിടാതെയിരിക്കാറുണ്ട്. ഇത്തവണ പക്ഷേ നാട്ടിൽ വിഷുക്കാലത്ത് കൊന്നപ്പൂവുകൾ വ്യാപകമാണ്. വിഷുവിന്റെ അടുത്തദിവസങ്ങളിൽ കേരളത്തിൽനിന്ന് കൊന്നപ്പൂവ് മാർക്കറ്റിലെത്തുമെന്ന വിശ്വാസത്തിലാണ് പ്രവാസികൾ. വിഷുസദ്യ പാക്കേജുകളുമായി നിരവധി ഹോട്ടലുകൾ രംഗത്തുണ്ട്.
ഓർഡർ ചെയ്യുന്നവർക്ക് വീടുകളിലെത്തിച്ചുകൊടുക്കാനും ക്രമീകരണമുണ്ട്. ഇത്തവണ വിഷു വാരാന്ത അവധിദിവസമായ ശനിയാഴ്ച ആയതിനാൽ ആഘോഷം പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.
വിഷുവിനോടനുബന്ധിച്ച് ബഹ്റൈനിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. സെഗയ കൊച്ചു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശനിയാഴ്ച വെളുപ്പിന് നാലിന് വിഷുക്കണിയൊരുക്കും. തുടർന്ന് പതിവുപൂജകളും ഉണ്ടാകുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
അറാദ് അയ്യപ്പക്ഷേത്രം, കാനൂ ഗാർഡൻ അയ്യപ്പക്ഷേത്രം, സനാബിസ് ഗുരുവായൂരപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക വിഷുപൂജ നടക്കും.
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിഷുദിനത്തിൽ പൂജകൾ നടക്കും. രാവിലെ 4.30ന് നട തുറക്കും. 5.15ന് വിഷുക്കണി ദർശനം നടക്കും. 21നും 22നും വിവിധ കലാപരിപാടികളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.