മനാമ: ലോകമെമ്പാടുമുള്ള മലയാളികളെ സമ്പൂർണ മലയാള സാക്ഷരരാക്കാൻ കേരള സാംസ്കാരിക വകുപ്പിന്റെ പദ്ധതി. ‘വിശ്വമലയാളം’ എന്ന് പേരിട്ടിരിക്കുന്ന സമ്പൂർണ സാക്ഷരത പദ്ധതി മലയാളം മിഷൻ പ്രവർത്തിക്കുന്ന എല്ലാ വിദേശ രാജ്യങ്ങളിലും നടപ്പാക്കും.
പദ്ധതിയുടെ ആഗോളതല ഉദ്ഘാടനം 12ന് വൈകീട്ട് 4.30ന് ബഹ്റൈൻ കേരള സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് രൂപവത്കരിക്കുന്ന മലയാളം ക്ലബുകളുടെ ഔദ്യോഗിക ഉദ്ഘാടനം 12ന് യു.എ.ഇയിലെ അജ്മാൻ ഇന്ത്യൻ സ്കൂളിൽ മന്ത്രി നിർവഹിക്കുന്നുണ്ട്. അമ്പതോളം വിദേശരാജ്യങ്ങളിൽ ഇപ്പോൾ മലയാളം മിഷന്റെ പ്രവർത്തനമുണ്ട്.
വിദേശത്ത് ജനിച്ചുവളരുന്ന പലർക്കും മലയാളം എഴുതാനും വായിക്കാനുമറിയില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മലയാളം മിഷൻ പ്രവർത്തനങ്ങളുടെ തുടക്കം. ബഹ്റൈനിലാണ് ആദ്യമായി ഇന്ത്യക്കു പുറത്ത് പഠനകേന്ദ്രം ആരംഭിച്ചത്. 2011ലായിരുന്നു അത്. അതിനുശേഷം നാലു വർഷങ്ങൾക്കുശേഷം മറ്റു ജി.സി.സി രാജ്യങ്ങളിലും പഠനകേന്ദ്രങ്ങൾ തുടങ്ങി. ഒരു വർഷത്തിനുള്ളിൽ എല്ലാ പ്രവാസി മലയാളികളെയും സാക്ഷരരാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എൻ. സതീഷ് പറഞ്ഞു.
നിലവിൽ ബഹ്റൈനിൽ മലയാളം മിഷന് എട്ടു പഠനകേന്ദ്രങ്ങളുണ്ട്. കേരള സമാജം, ശ്രീനാരായണ കൾചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ, ബഹ്റൈൻ പ്രതിഭ, ഫ്രൻഡ്സ് അസോസിയേഷൻ ദിശ സെന്റർ, പ്രവാസി ഗൈഡൻസ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കേരള സമാജത്തിൽ തന്നെ ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി 7.30 മുതൽ 9.30 വരെയാണ് ക്ലാസുകൾ. മലയാളം മിഷന്റെ പരിശീലനം സിദ്ധിച്ച നൂറിലധികം അധ്യാപകർ ബഹ്റൈനിലുണ്ട്. ഇവർക്ക് മിഷന്റെ ഐഡന്റിറ്റി കാർഡടക്കം ലഭ്യമാക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ എത്ര മലയാളികളുണ്ടെന്നതു സംബന്ധിച്ച് വ്യക്തമായ ചിത്രം മലയാളം മിഷനില്ല. അതുകൊണ്ട് തന്നെ മലയാളി സംഘടനകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ സന്നദ്ധപ്രവർത്തകരെ ചേർത്ത് സാക്ഷരതയജ്ഞത്തിന് സമാനമായ ഒരുവർഷത്തെ തീവ്രയത്ന പരിപാടിയാണ് ഉദ്ദേശിക്കുന്നത്. ഓൺലൈനായും ഓഫ്ലൈനായും ക്ലാസുകൾ ഉണ്ടായിരിക്കും. ഒരു വർഷത്തിനുശേഷം ആഗോള മലയാള സാക്ഷരത പ്രഖ്യാപനവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.