മനാമ: വോളിബാളിൽ നഷ്ടമായ പെരുമ കേരളം വീണ്ടെടുക്കാനുള്ള സാധ്യതയാണ് തെളിഞ്ഞുകാണുന്നതെന്ന് മുൻ ദേശീയ വോളിബാൾ താരം സി.സി. അബ്ബാസ്. ഇപ്പോൾ ധാരാളം പ്രാദേശിക ടൂർണമെന്റുകൾ കേരളത്തിലുണ്ട്. അതിലൂടെ മികച്ച താരങ്ങൾ വളർന്നുവരുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കെ.സി.എ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റിന്റെ റഫറി എന്ന നിലയിൽ ബഹ്റൈനിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
1992ൽ ഫെഡറേഷൻ കപ്പ് നേടിയ ടൈറ്റാനിയം തിരുവനന്തപുരം ടീമിലംഗമായിരുന്നു അബ്ബാസ്. ആന്ധ്രയിൽ നടന്ന മത്സരത്തിൽ റെയിൽവേസിനെയാണ് അന്ന് ഫൈനലിൽ തോൽപിച്ചത്. ക്യാപ്റ്റനെന്ന നിലയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് ഇന്റർ വാഴ്സിറ്റി കിരീടം നേടിക്കൊടുക്കാനും അബ്ബാസിന് കഴിഞ്ഞു. 1985ൽ ബാംഗ്ലൂരിൽവെച്ചായിരുന്നു ആ നേട്ടം.
വോളിബാളിന്റെ സുവർണ കാലഘട്ടത്തിലാണ് അബ്ബാസ് കളിച്ചിരുന്നത്. അന്ന് പ്രശസ്ത താരങ്ങളായിരുന്ന ഡാനിക്കുട്ടി ഡേവിഡ്, സിറിയക് ഈപ്പൻ, ജിമ്മി ജോർജിന്റെ സഹോദരനായ സെബാസ്റ്റ്യൻ ജോർജ് എന്നിവർ ടൈറ്റാനിയത്തിലുണ്ടായിരുന്നു.
ജിമ്മി ജോർജ് അപകടത്തിൽ മരിക്കുന്നതിനുമുമ്പ് ഒരുപക്ഷേ അവസാനമായി കേരളത്തിൽ കളിച്ച മത്സരത്തിൽ അദ്ദേഹത്തിന്റെ എതിർടീമിൽ അബ്ബാസുമുണ്ടായിരുന്നു. പേരാവൂരിൽ നടന്ന സൗഹൃദമത്സരത്തിൽ ജിമ്മി ജോർജ് അംഗമായ ജോർജ് ബ്രദേഴ്സ് ടീമിനെ നേരിട്ടത് അബ്ബാസ് അംഗമായ കേരള സെലക്ടഡ് സിക്സ് ടീമായിരുന്നു. മനോഹരമായ കേളീശൈലിയായിരുന്നു ജിമ്മി ജോർജിന്റെ പ്രത്യേകത. ഉയരത്തിൽ ചാടി തകർപ്പൻ സ്മാഷുതിർക്കുന്ന അദ്ദേഹം സെക്കൻഡുകൾ വായുവിൽ തങ്ങിനിൽക്കുന്ന പ്രതീതി ജനിപ്പിച്ചിരുന്നു. അന്നത്തെ എല്ലാ പ്രധാന ടൂർണമെന്റുകളിലും ടൈറ്റാനിയത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തു. ടൈറ്റാനിയം, പ്രീമിയർ ടയേഴ്സ്, കെ.എസ്.ആർ.ടി.സി, ഏജീസ് ഓഫിസ്, കൊച്ചിൻ ഷിപ്പ് യാർഡ്, കൊച്ചിൻ പോർട്ട് അടക്കം അന്നുണ്ടായിരുന്ന ടീമുകളൊന്നും ഇന്ന് നിലവിലില്ല. ക്രിക്കറ്റ് ആവേശം പുതിയ തലമുറയെ ഗ്രസിച്ചപ്പോഴാണ് ഗ്രാമങ്ങളിലെ യുവാക്കളുടെ ആവേശമായിരുന്ന വോളിബാളിന് കാഴ്ചക്കാർ കുറഞ്ഞത്. പുതിയ പോയന്റ് സംവിധാനവും വോളിബാളിന്റെ ജനപ്രീതി കുറക്കാനിടയാക്കി. എന്നിരുന്നാലും ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽനിന്ന് ധാരാളം യുവ കളിക്കാർ വളർന്നുവരുന്നുണ്ട്.
വടകര ഐ.പി.എം അക്കാദമിയിൽനിന്ന് വളർന്നുവന്ന താരമാണ് ഇന്ത്യൻ ടീമിലെത്തിയ മുജീബ്. ഗൾഫ് രാജ്യങ്ങളിൽ വോളിബാളിന് ധാരാളം ആരാധകരുണ്ടെന്നുള്ളത് സന്തോഷകരമാണ്. 2001ൽ ബഹ്റൈനിൽ ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിൽ കളിച്ചിരുന്നു എന്നും അബ്ബാസ് പറഞ്ഞു. അന്ന് കിരീടം നേടിയ ജി.ഡി.എൻ ടീമിൽ അംഗമായിരുന്നു. 1986ൽ സ്പോർട്സ് ക്വോട്ടയിലാണ് ടൈറ്റാനിയത്തിൽ ചേർന്നത്. 2002ൽ വി.ആർ.എസ് എടുത്തു. ഇതിനുശേഷം കുറെക്കാലം ദുബൈയിൽ ജോലി നോക്കി. ഇപ്പോൾ സ്വദേശമായ വടകരയിലെ വീട്ടിലാണ് അബ്ബാസ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.