അങ്ങേയറ്റം ആശങ്കയിലും പ്രതിസന്ധിയിലുമാണ് പ്രവാസികൾ കടന്നുപോകുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്ന് ഇനിയും മോചിതരാകാൻ കഴിഞ്ഞിട്ടില്ല. പലർക്കും തൊഴിൽ നഷ്ടമായി. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകാൻ പലരും നിർബന്ധിതരായി. ഇവിടെ തുടരുന്നവർക്കാണെങ്കിൽ ശമ്പളം കുറഞ്ഞു. എല്ലാത്തരത്തിലും മനോസംഘർഷത്തിെൻറ നാളുകളാണ് പ്രവാസികൾക്ക്.
പ്രതിസന്ധിയിൽ തളരുന്ന പ്രവാസിയെ ചേർത്തുപിടിക്കേണ്ട നമ്മുടെ സർക്കാറുകളിൽനിന്ന് യഥാർഥത്തിൽ ലഭിക്കുന്നത് എന്താണ്?. പ്രവാസിയെ ഒരു അന്യനെപ്പോലെ കണ്ട് അകറ്റിനിർത്തുന്ന സമീപനമാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തുടർന്നുപോരുന്നത്.
കോവിഡ് ടെസ്റ്റിെൻറ കാര്യത്തിലായായും ക്വാറൻറീൻ വിഷയത്തിലായാലും യാത്രാ സൗകര്യത്തിലായാലും പ്രവാസിവിരുദ്ധ നയങ്ങളാണ് സർക്കാറുകൾ സ്വീകരിക്കുന്നത്. നാട്ടിലെത്തിയാൽ ആശ്വാസമായല്ലോ എന്ന ചിന്തയോടെ തിരിച്ചുപോകുന്നവർക്ക് ആശങ്ക കൂട്ടുന്ന നടപടികളാണുള്ളത്.പ്രവാസികളെ ദ്രോഹിച്ച രണ്ട് സർക്കാറുകളാണ് ഭരിക്കുന്നത്. വിവേചനം ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ല. എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയമാണിത്.
പ്രവാസികൾ തിരിച്ചെത്തുന്നത് തടയുക എന്ന സമീപനമാണ് സർക്കാറുകൾക്ക് എന്ന് തോന്നിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. കോവിഡ് ടെസ്റ്റുകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന മനുഷ്യത്വരഹിതമായ നിബന്ധനകൾ ഇതാണ് തെളിയിക്കുന്നത്. കുഞ്ഞുങ്ങൾക്കുപോലും ഇളവില്ലാതെ നടപ്പാക്കിയ വ്യവസ്ഥകൾ സൃഷ്ടിച്ച വെല്ലുവിളികൾ ചെറുതല്ല. യാത്ര പുറപ്പെടുംമുമ്പ് 72 മണിക്കൂറിനുള്ളിലും നാട്ടിലെത്തിയാൽ വിമാനത്താവളത്തിലും കോവിഡ് ടെസ്റ്റ് നടത്താനുള്ള തത്രപ്പാടിലാണ് പ്രവാസികൾ.
കോവിഡ് നെഗറ്റിവ് ആയാലും നാട്ടിൽ ക്വാറൻറീൻ വ്യവസ്ഥകളിൽ ഇളവുമില്ല. പി.വി. അൻവർ നാട്ടിലെത്തിയപ്പോൾ ഒരു നയവും പ്രവാസികൾക്ക് മറ്റൊരു നയവുമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. സാധാരണ പ്രവാസികളോടുള്ള ഇൗ വിവേചനം അംഗീകരിക്കാനാവില്ല.
പ്രവാസികൾ ഏറ്റവുമധികം പ്രയാസം അനുഭവിക്കുന്നത് യാത്രാ വിഷയത്തിലാണ്. കോവിഡ് കാലത്ത് ഉയർന്നനിരക്ക് നൽകി യാത്രചെയ്യേണ്ട അവസ്ഥയിലാണ് പ്രവാസികൾ. ബജറ്റ് എയർലൈനുകളിലും താങ്ങാനാവാത്ത നിരക്കാണ് ഇൗടാക്കുന്നത്. ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനിയായ എയർഇന്ത്യ എക്സ്പ്രസ് പ്രവാസികളോട് കരുണ കാണിക്കാത്ത നയമാണ് സ്വീകരിക്കുന്നത്. ഇൗ വിഷയത്തിൽ ഒേട്ടറെ നിവേദനങ്ങളും പരാതികളും അയച്ചെങ്കിലും അനുകൂല നിലപാടുമാത്രം ഉണ്ടാകുന്നില്ല. പ്രവാസികളോട് എന്തുമാകാം എന്ന ചിന്തയാണ് സർക്കാറുകളെ നയിക്കുന്നത്.
പ്രവാസിക്ക് വോട്ടവകാശം അനുവദിച്ചാൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ, ഇക്കാര്യത്തിൽ ആർജവത്തോടെയുള്ള നടപടികൾക്ക് സർക്കാർ തയ്യായാറാകുന്നില്ല. പ്രവാസികളുടെ വോട്ടവകാശത്തെക്കുറിച്ച് കാലങ്ങളായി സംസാരിക്കുന്നതാണ്. പ്രവാസി സംഘടനകളും കൂട്ടായ്മകളും ഇതിനുവേണ്ടി നിരവധി ശ്രമങ്ങൾ നടത്തി. അടുത്തകാലത്തും പ്രവാസികൾക്ക് വോട്ട് അനുവദിക്കുന്നതിനുള്ള നീക്കങ്ങളുണ്ടായി. എന്നാൽ, ഗൾഫ് പ്രവാസികളെ തഴയുന്നതരത്തിലുള്ള നിർദേശങ്ങളാണ് ഉയർന്നുവന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികളുടെ ഭാഗത്തുനിന്നുണ്ടാകണം.
ലോക്ഡൗണിൽ കുടുങ്ങിയ പ്രവാസികൾക്ക് സഹായമായി നൽകുമെന്ന് നോർക്ക പ്രഖ്യാപിച്ച 5000 രൂപ ഇനിയും കിട്ടാത്ത നിരവധി പേരുണ്ട്. നിസ്സാര കാരണങ്ങളുടെ പേരിൽ പലരുടെയും അപേക്ഷ നിരസിച്ചു. പ്രവാസികളാണ് നാടിനെ താങ്ങിനിർത്തുന്നതെന്ന് നാഴികക്ക് നാൽപതുവട്ടം പറയുന്ന സർക്കാർ യഥാർഥത്തിൽ അവരെ ദ്രോഹിക്കുകയാണ്. ജോലിയും വരുമാനവുമില്ലാതെ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് 5000 രൂപയെങ്കിലും വിവേചനമില്ലാതെ കൊടുക്കാൻ തയാറാകാത്ത സർക്കാറിനെതിരെയുള്ള പ്രതിഷേധമാകണം ഇത്തവണത്തെ വോെട്ടടുപ്പ്.
ജോലി നഷ്ടപ്പെട്ടും മറ്റ് കാരണങ്ങളാലും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം വലിയൊരു ചോദ്യചിഹ്നമാണ്. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങാകേണ്ടത് സംസ്ഥാന സർക്കാറാണ്. എന്നാൽ, അഴിമതിയിലും സ്വർണക്കടത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സർക്കാർ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് വിലകൽപിക്കുന്നില്ല. വിവിധ മേഖലകളിലെ പ്രവാസികളുടെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ് അതിനനുസൃതമായ തൊഴിൽമേഖലകൾ അവർക്ക് ഒരുക്കിക്കൊടുക്കാൻ പുതിയ സർക്കാറിെൻറ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം.
കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ ആരംഭിച്ചതാണ് സംസ്ഥാന സർക്കാറിെൻറ പ്രവാസിദ്രോഹ നിലപാട്. കോവിഡ് ടെസ്റ്റ് നെഗറ്റിവ് ആകുന്നവരെ മാത്രമേ നാട്ടിലേക്ക് വരാൻ അനുവദിക്കൂ എന്ന് ആദ്യം പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാറാണ്. പ്രവാസലോകത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ മാത്രമാണ് തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറായത്.
ക്വാറൻറീൻ ചെലവ് പ്രവാസികൾതന്നെ വഹിക്കണമെന്ന് പറഞ്ഞ സർക്കാറാണിത്. സർക്കാറിെൻറ ഇത്തരം നിഷേധാത്മക നിലപാടുകൾക്കെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി രംഗത്തെത്തിയാൽ മാത്രമേ രക്ഷയുള്ളൂ. അതിനുള്ള അവസരമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചിരിക്കുന്നത്. സർക്കാറിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ പ്രവാസികളും അവരുടെ കുടുംബങ്ങളും ഇൗ അവസരം ഉപയോഗിക്കുമെന്ന് ഉറപ്പാണ്.
(കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.