മനാമ: കൊതുക് പെരുകുന്നത് സംബന്ധിച്ച പരാതികൾ വ്യാപകമായി ലഭിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും പൗരന്മാരും താമസക്കാരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം.
കൊതുകുനശീകരണത്തിന് സത്വര നടപടികൾ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. സാമിയ ബഹ്റാം വ്യക്തമാക്കി. പ്രാണികളും കൊതുകുകളും ചില പ്രദേശങ്ങളിൽ വ്യാപിക്കുന്നതായി പൊതുജനങ്ങളിൽനിന്നും പരാതിയുയർന്നതിനെ തുടർന്നാണ് വിവിധ ഗവർണറേറ്റുകളിൽ പരിശോധനകൾ നടത്തി കൊതുക് പെരുകുന്നയിടങ്ങളിൽ നിവാരണ നടപടികൾ സ്വീകരിച്ചത്. കൊതുകും പ്രാണി ശല്യവും എല്ലാ സമയത്തുമുണ്ടാകാറുണ്ട്.
എന്നാൽ, മഴയുണ്ടാകുന്ന വേളയിൽ അവ വർധിക്കും. മഴയുടെ ഫലമായി പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണം. ചൂട് കൂടുന്നതോടെ ഇവയുടെ ശല്യം ഗണ്യമായി കുറയുകയും ചെയ്യും. മുനിസിപ്പൽ, കാർഷിക മന്ത്രാലയവുമായി സഹകരിച്ച് കൊതുക് നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അവർ കൂട്ടിച്ചേർത്തു. സ്മോക്ക് സ്പ്രേയും കീടനാശിനി സ്പ്രേയറുകളും ഉപയോഗിക്കുന്നുണ്ട്.
രാജ്യത്തുടനീളം കൊതുക് പെരുകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കീടനാശിനികൾ തളിക്കുന്നുണ്ട്. മഴവെള്ളം കെട്ടിക്കിടക്കുന്ന വലിയ കുളങ്ങളടക്കമുള്ള പ്രദേശങ്ങളിലേക്ക് കീട നിയന്ത്രണ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.
കൊതുക് ശല്യം സംബന്ധിച്ച പരാതികൾ നൽകാനോ, കൂടുതൽ വിവരങ്ങൾക്കോ 80008100 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കാം. നിർദേശങ്ങളും പരാതികളും തവാസുൽ ആപ് വഴിയും അയക്കാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
*വീടുകളിലെ വാട്ടർ ടാങ്കുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
-കൊതുകുശല്യമുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ നീളൻ കൈയുള്ള വസ്ത്രങ്ങൾ ധരിക്കുക
*ആവശ്യമെങ്കിൽ കൊതുകിനെ തുരത്താൻ കീടനാശിനികൾ ഉപയോഗിക്കുക
*വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക
*ജനാലകളിൽ കൊതുകുവലകൾ ഉപയോഗിക്കുക
*കാറിന്റെ ടയറുകൾ, ചെടിച്ചട്ടികൾ, നീന്തൽക്കുളങ്ങൾ, വാട്ടർ ബാരലുകൾ, ജലധാരകൾ, ജലസംഭരണികൾ, ചവറ്റുകുട്ടകൾ എന്നിവയിൽ കൊതുകുകൾ പെരുകാൻ സാധ്യതയുണ്ട്.
*ഡ്രെയിനേജ് ഹോൾസ് നല്ലതുപോലെ അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.