കഴിഞ്ഞദിവസം പ്രിയ കൂട്ടുകാരൻ സുഹൈൽ നാട്ടിൽനിന്ന് ഫോണിലൂടെ അറിയിച്ച വയനാടൻ വിവരങ്ങളാണ് ഈ എഴുത്തിന് പ്രേരകം. എന്റെ നാട്ടിലെ സാന്ത്വനം പാലിയേറ്റീവ് കെയർ തെന്നലയുടെ മുൻ സഹകാര്യ ദർശിയും വളന്റിയറുമായ സുഹൈൽ വാളക്കുളം, മലപ്പുറം വെസ്റ്റ് ജില്ല സാന്ത്വനം ടീമിന്റെ വയനാട് ദൗത്യവുമായി അവിടെ ചെന്നനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് ഫോണിലൂടെ പങ്കുവെച്ചത്.
താൽക്കാലിക മോർച്ചറിയായി പ്രവർത്തിക്കുന്ന വയനാട് മേപ്പാടിയിലെ എം.സി ഓഡിറ്റോറിയത്തിലാണ് അദ്ദേഹത്തിന് സേവനം ചെയ്യാൻ സാന്ത്വനം ജില്ല ടീം നിശ്ചയിച്ചു നൽകിയത്. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളാണ് അവിടെ സൂക്ഷിച്ചിട്ടുള്ളത്.
ഉറ്റവരെ തേടി വാവിട്ട് കരഞ്ഞ് വരുന്നവർക്ക് മുമ്പിൽ ഫ്രീസറിൽനിന്ന് തുണി മാറ്റി സുഹൈലിനും സഹപ്രവർത്തകർക്കുമെല്ലാം കാണിച്ചു കൊടുക്കാൻ പറ്റുന്നത് പാതി മുഖമുള്ളതോ ഉടൽ മാത്രമുള്ളതോ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവയൊക്കെയാണ്. മുഴുവൻ ശരീരഭാഗങ്ങളുള്ള മൃതദേഹങ്ങൾ ആ ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചതിൽ വളരെ കുറവാണത്രെ!
പ്രിയപ്പെട്ടവരുടെ ബോഡി തിരിച്ചറിയാൻ ഓടിവരുന്ന പലരും ഈ അവസ്ഥ കണ്ട് ബോധരഹിതരായി വീഴുന്നു. ബോധമുള്ളവർക്കും തിരിച്ചറിയാൻ പാകത്തിലുള്ള അവസ്ഥയിലല്ല ബോഡികൾ ഉള്ളതെന്ന് പറഞ്ഞല്ലോ. പിന്നെ നരച്ച താടി, ശരീരത്തിലെ മറ്റു ചില മായാത്ത പാടുകൾ എന്നിവവെച്ച് ചിലർ തിരിച്ചറിഞ്ഞുവത്രെ. അവിടത്തെ മറ്റു പല രംഗങ്ങൾ എഴുതാൻ പറ്റാത്തവിധം ഭീകരമാണ്.
ഒരു അമ്മയുടെ ബോഡിക്ക് അയൽവാസികളായ രണ്ട് കുടുംബങ്ങൾ അവകാശം ഉന്നയിച്ചു. അവസാനം പൊലീസ് സ്റ്റേഷൻ മുഖാന്തരം ഡി.എൻ.എ ടെസ്റ്റിലൂടെ കാര്യങ്ങൾ തീരുമാനിക്കാൻ വെച്ചുവത്രെ. ഭാര്യയെയും ഉമ്മയെയും നഷ്ടപ്പെട്ട ഒരു സഹോദരനും പെങ്ങൾമാരും അവിടെയെത്തി തിരിച്ചറിയൽ പരിശോധന നടത്തിയത് സുഹൈൽ പറയുന്നത് കേട്ട് നന്നായി വിഷമിച്ചുപോയി.
അടുത്തിടെ കല്യാണം കഴിഞ്ഞ ആ സഹോദരൻ ഒരു ബോഡി കണ്ട് ഉറപ്പിച്ചു പറയുന്നത് ഇത് ഭാര്യയുടെതാണ്. കാരണം ആ കൈവിരലിൽ കല്യാണത്തിന്റെ മോതിരം ഇപ്പോഴുമുണ്ട്..., അതേസമയം അവന്റെ പെങ്ങൾമാർ പറയുന്നത് അത് ഉമ്മയുടെ ബോഡിയാണ്. ഈ മോതിരം മരുമകൾ ഉമ്മാക്ക് ഇടാൻ കൊടുത്ത വിവരം അവർക്കറിയാമെന്നാണ്.
ഉറ്റവരെ നഷ്ടപ്പെട്ട് തിരിച്ചറിയാനോ നല്ലൊരു അന്തിമോപചാരം നൽകാനോ കഴിയാതെ പോകുന്ന ഒട്ടേറെ മനുഷ്യരുടെ വിഷമങ്ങൾ സുഹൈലും കൂട്ടുകാരും കണ്ടനുഭവിച്ചത് ഹൃദയവേദനയോടെ പങ്കുവെച്ചു. നമുക്ക് പ്രാർഥിക്കാം മരിച്ചുപോയവർക്കുവേണ്ടി, ബന്ധുക്കളെയും കൂടപ്പിറപ്പുകളെയും നഷ്ടപ്പെട്ടവർക്ക് ക്ഷമ കിട്ടാൻ വേണ്ടി, ഒപ്പം ഇങ്ങനെയുള്ള ഭൂമിയിൽ കാലുകൾ വിറക്കാതെ മനസ്സ് തകരാതെ കരളുറപ്പോടെ സേവനം ചെയ്യുന്ന സുഹൈലിനെപോലെയുള്ള സന്നദ്ധ കൂട്ടുകാർക്കുവേണ്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.