മനാമ (ബഹ്റൈൻ): വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട തനിക്ക് വാഗ്ദാനം ചെയ്ത വിദ്യാഭ്യാസ സഹായം തന്നെപ്പോലെ അനാഥനായ കൂട്ടുകാരൻ സഞ്ജിത് യൂസഫിനുംകൂടി പങ്കുവെച്ചോട്ടെയെന്ന് ഹാനി. കൂട്ടുകാരന്റെ പ്ലസ് ടു വരെയുള്ള പഠനച്ചെലവുകൾ കൂടി ഏറ്റെടുക്കാൻ തയാറാണെന്ന് ഹാനിയുടെ വിദ്യാഭ്യാസച്ചെലവുകൾക്കായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ബഹ്റൈൻ പ്രവാസി ഡേവിസ് മാത്യു ഉടൻ അറിയിക്കുകയും ചെയ്തു.
സ്വാർഥത ലവലേശമില്ലാത്ത ആ സ്നേഹവായ്പിനു മുന്നിൽ താൻ ശിരസ്സു നമിച്ചുപോയെന്നും ഡേവിസ് മാത്യു പറഞ്ഞു. ഉമ്മുമ്മയൊഴികെ കുടുംബാംഗങ്ങളെയെല്ലാം മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ട 15കാരൻ മുഹമ്മദ് ഹാനിയുടെ വാർത്ത മാധ്യമങ്ങളിലൂടെയറിഞ്ഞാണ് ഡേവിസ് മാത്യു പഠനച്ചെലവുകൾ ഏറ്റെടുത്തത്. ചളിക്കുണ്ടിലാണ്ട ഉമ്മുമ്മയെ രക്ഷപ്പെടുത്തിയത് ഹാനിയായിരുന്നു. കൺമുന്നിൽ കുടുംബാംഗങ്ങളെല്ലാം ഒലിച്ചുപോകുന്നത് കാണേണ്ടിവന്ന ഹാനിക്ക് ഇരിങ്ങാലക്കുട സ്വദേശിയും 44 വർഷമായി ബഹ്റൈൻ പ്രവാസിയുമായ ഡേവിസ് മാത്യുവിന്റെ കാരുണ്യം ഏറെ സഹായകമായിരുന്നു.
അതിനുശേഷം എല്ലാദിവസവും ഹാനി ഡേവിസിനെ വിളിക്കും. ഹൃദയവികാരങ്ങൾ പങ്കുവെക്കും. ശ്വാസകോശത്തിൽ ചളി കയറിയ ഉമ്മുമ്മ ചികിത്സയിലാണ്. ഉമ്മുമ്മയുടെ ആരോഗ്യ വിശേഷങ്ങളോടൊപ്പം തന്റെ നാടിനുണ്ടായ ദുരവസ്ഥയും ഹാനി വിവരിക്കും. അനാഥരാക്കപ്പെട്ട തന്റെ കളിക്കൂട്ടുകാരുടെയും അയൽവാസികളുടെയും വിഷമങ്ങൾ പങ്കുവെക്കും. ഡേവിസിന്റെ മക്കളും പലപ്പോഴും സംഭാഷണങ്ങളിൽ പങ്കുചേരും. അങ്ങനെയൊരു അവസരത്തിലാണ് തന്റെ ഉറ്റ കൂട്ടുകാരനും വെള്ളാർമല സ്കൂളിൽ സഹപാഠിയുമായിരുന്ന സഞ്ജിത്തും സമാനമായ അവസ്ഥ നേരിടുകയാണെന്ന് ഹാനി പറഞ്ഞത്. അവന്റെ പഠനത്തിനായി തനിക്ക് വാഗ്ദാനം ചെയ്ത തുകയുടെ പകുതി ചെലവഴിക്കാമോ എന്നായിരുന്നു ചോദ്യം. വീണ്ടുമൊന്നുകൂടി ആലോചിക്കാതെ ഡേവിസ് ശരിയെന്ന് പറഞ്ഞു.
ഹാനിക്കുവേണ്ടി നീക്കിവെച്ച തുകയിൽനിന്നല്ല, അതിനായി വേറെ തുക കണ്ടെത്താനാണ് ഡേവിസിന്റെ തീരുമാനം. വയനാട് ദുരിതബാധിത പ്രദേശത്തെ ഒമ്പത് വിദ്യാർഥികളുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്യാനുള്ള ആലോചനയിലാണ് മൈഗ്രന്റ് ഇന്ത്യൻ കാത്തലിക് അസോസിയേഷൻ (മിക്ക) ഭാരവാഹികളും ഡേവിസ് മാത്യുവും. സഫ്രിയ പാലസിൽ ഗാർഡൻ ലാൻഡ്സ്കേപ് മാനേജറായി ജോലി ചെയ്യുന്ന ഡേവിസ് മാത്യു തൊമ്മാന എന്ന ഡേവിസ് ഇരിങ്ങാലക്കുട പുല്ലൂർ ഊരകം സ്വദേശിയാണ്. ഭാര്യ റോസ്ലി രണ്ടുവർഷം മുമ്പാണ് മരിച്ചത്. ഭാര്യയുടെ സ്മരണ നിലനിർത്താനായി നാട്ടിൽ കുടിവെള്ള പദ്ധതിക്കായി ഡേവിസ് ഭൂമി വിട്ടുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.