മനാമ: വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ (ഡബ്ല്യു.ബി.എ.എഫ്) ആഗോള സമ്മേളനം നവംബർ 19, 20 ദിവസങ്ങളിൽ നടക്കും. ബഹ്റൈൻ ബേ ഫോർ സീസൺ ഹോട്ടലിലാണ് സമ്മേളനം. ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം നടക്കുക.
ജി.സി.സിയിൽ വെച്ച് ആദ്യമായി നടക്കുന്ന സമ്മേളനത്തിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘മൊബിലൈസിങ് സയൻസ് ആൻഡ് ടെക്നോളജി പാർക്സ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ ആഗോള പ്രമേയം.
ഏഞ്ചൽ ഇൻവെസ്റ്റേഴ്സ്, ആഗോള സ്റ്റാർട്ടപ് സംരംഭകർ, ചെറുകിട വ്യവസായ സംരംഭകർ, സാമ്പത്തിക ധനകാര്യ വിദഗ്ധന്മാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. നാല് സെഷനുകളിലായി 32 വിദഗ്ധർ സംസാരിക്കും.
സംരംഭകത്വത്തിൽ വനിത നേതൃത്വം, ശാസ്ത്ര സാങ്കേതിക വിദ്യ, സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം ദിശാസൂചകമാകും. നിക്ഷേപ തന്ത്രങ്ങൾ, സംരംഭകത്വത്തിലെ സുസ്ഥിരത, സ്റ്റാർട്ടപ്പുകൾക്ക് മികച്ച ഫണ്ടിങ് ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ നാല് പ്രത്യേക ശിൽപ ശാലകളുമുണ്ടാകും.
മൂലധനസമാഹരണം സംബന്ധിച്ച് ലോകമെമ്പാടുമുള്ള 100 സ്റ്റാർട്ടപ്പുകൾ പ്രമുഖ ആഗോള നിക്ഷേപകരുടെ പാനലിന് മുമ്പാകെ നൂതനമായ പരിഹാരങ്ങൾ അവതരിപ്പിക്കും. മൂലധനം ആകർഷിക്കാനും സ്റ്റാർട്ടപ്പുകൾക്ക് അവരുടെ പ്രവർത്തനങ്ങളുടെ ദിശ നിർണയിക്കാനും ഈ സെഷൻ വളരെ സഹായകമാകും.
ലോകമെമ്പാടും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സാമ്പത്തിക ഫോറം ആണ് ഡബ്ല്യു.ബി.എ.എഫ്. ജി 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ അനുബന്ധ പങ്കാളിയാണ്. നെതർലൻഡ് രാജ്ഞി ‘ക്വീൻ മാക്സിമ’ ആണ് ഫോറത്തിന്റെ അന്താരാഷ്ട്ര ചെയർപേഴ്സൻ.
നവംബർ 19ന് രാവിലെ ഒമ്പതിന് ഡബ്ല്യു.ബി.എ.എഫ് ഡയറക്ടർ ബോർഡ് ചെയർമാൻ ബൈ ബാർസ് അൽതുന്താസിന്റെ അധ്യക്ഷതയിൽ തുടങ്ങുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യക്കു പുറമെ അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ, റഷ്യ, ചൈന, ആസ്ട്രേലിയ, ജർമനി, സ്വീഡൻ, ജപ്പാൻ, ഫിലിപ്പീൻസ്, സൗത്ത് കൊറിയ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലൻഡ്, ഗൾഫ് രാഷ്ട്രങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, മെക്സിക്കോ, ഇറാൻ, തുർക്കിയ എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
സൗദി അറേബ്യയിലെ കനേഡിയൻ അംബാസഡർ ജീൻ ഫിലിപ് ലിന്റോ പ്രത്യേക പ്രതിനിധിയാണ്. ഇന്ത്യയിൽ നിന്നുള്ള ഡബ്ല്യു.ബി.എഫ് പ്രതിനിധിയും യു.എ.ഇ കൺട്രി ചെയറും ആയ സെനറ്റർ ഹാരിസ് എം. കോവൂർ സമ്മേളനത്തിന്റെ ‘സ്റ്റാർട്ടപ് റൗണ്ട് ടേബ്ൾ സെഷനി’ൽ സംസാരിക്കും.
ആഗോള സ്റ്റാർട്ടപ് ഇക്കോ സിസ്റ്റത്തിൽ ബഹ്റൈന്റെ അടയാളപ്പെടുത്തലായി സമ്മേളനം മാറും. എണ്ണയിതര മേഖലയിൽ സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് സമ്മേളനം ഗതിവേഗം കൂട്ടും.
നൂതന സാമ്പത്തിക പ്രവണതകൾ, സ്റ്റാർട്ടപ് രംഗത്തെ ആധുനിക കാഴ്ചപ്പാടുകൾ എന്നിവക്ക് അനുസൃതമായി നയങ്ങൾ രൂപവത്കരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ അടയാളപ്പെടുത്തുന്നതാണ് സമ്മേളനത്തിന്റെ ആതിഥേയത്വം. സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യവുമായി ആഗോള സാമ്പത്തികരംഗത്ത് രാജ്യത്തിന്റെ പദവി ശക്തിപ്പെടാനും സമ്മേളനം ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.