ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
•തൊഴിൽ പരാതികൾ എൽ.എം.ആർ.എ സെഹ്ല ഓഫിസിൽ സ്വീകരിക്കുമെന്ന് കേട്ടു. അത് ശരിയാണോ?
-സജീവൻ
• എൽ.എം.ആർ.എയുടെ ഒരു പ്രതിനിധി വാക്കാൽ നൽകിയ വിവരമനുസരിച്ച് തൊഴിൽതർക്കങ്ങളെല്ലാം സെഹ്ല ഓഫിസിൽ കൈകാര്യം ചെയ്യും. പരാതികൾ എന്തെങ്കിലുമുണ്ടെങ്കിൽ തൊഴിലാളിയുടെ പക്കലുള്ള രേഖകളെല്ലാമായി സെഹ്ല ഓഫിസിൽ പോകണം. അവിടെ പരാതികൾ കൈകാര്യം ചെയ്യാൻ കോടതി നിയമിച്ച പ്രത്യേക ടീം ഉണ്ട്. പരാതികളെല്ലാം തുടക്കംമുതൽ ജഡ്ജ്മെന്‍റ് ലഭിക്കുന്നതുവരെ അവർതന്നെ കൈകാര്യം ചെയ്യും. ഏതെങ്കിലും രേഖകൾ ഇംഗ്ലീഷിലാണെങ്കിൽ അറബി പരിഭാഷ നടത്താനുള്ള സൗകര്യവും അവിടെയുണ്ട്.
പരാതി നൽകുന്നതിന് ബഹ്റൈനി അഭിഭാഷകന്റെയോ പവർ ഓഫ് അറ്റോണിയുടെയോ ആവശ്യമില്ല. തൊഴിൽ കരാർ, തൊഴിലുടമയുടെ സി.പി.ആർ കോപ്പി, തൊഴിലാളിയുടെ സി.പി.ആർ, പാസ്പോർട്ട് കോപ്പി തുടങ്ങി ആവശ്യമായ രേഖകളെല്ലാം സമർപ്പിച്ചാൽ മതിയാകും.
തൊഴിൽ പരാതികൾ നൽകുന്നതിന് കോടതി ഫീസ് ഇല്ല. പക്ഷേ, പരാതി തള്ളിയാൽ തൊഴിലാളി കോടതി ഫീസ് നൽകേണ്ടിവരും. ന്യായമായ പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന കാര്യവും മറക്കരുത്.
ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ:
1. തൊഴിൽ വിസ ഇല്ലാതെ ജോലിചെയ്യാൻ പാടില്ല.
2. വിസയുടെ കാലാവധി കഴിഞ്ഞാൽ ജോലിയിൽ തുടരാൻ പാടില്ല. വിസയുടെയും പാസ്പോർട്ടിന്റെയും കാലാവധി കൃത്യമായി എല്ലാ തൊഴിലാളിയും അറിഞ്ഞിരിക്കണം. തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞ് ജോലിയിൽ തുടരാൻ തൊഴിലുടമ പറഞ്ഞാൽ ആ വിവരം എൽ.എം.ആർ.എയുടെ കാൾ സെന്‍റർ നമ്പറിൽ അറിയിക്കണം.
3. ശമ്പളം ലഭിക്കുന്നില്ലെങ്കിൽ ഉടനെ എൽ.എം.ആർ.എ കാൾസെന്‍ററിൽ അറിയിക്കണം. പരാതി നൽകിയ വ്യക്തി ആരെന്ന് വെളിപ്പെടുത്താതെ ഉദ്യോഗസ്ഥർ ആ കമ്പനിയിൽ പരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കും.
4. പാസ്പോർട്ട് തൊഴിലുടമയുടെ പക്കൽനിന്ന് തിരികെ ലഭിക്കുന്നില്ലെങ്കിൽ പൊലീസിൽ പരാതി നൽകാം. വിസ കാലാവധി കഴിഞ്ഞതാണെങ്കിൽ പൊലീസിൽ പരാതി നൽകുന്നത് എംബസിയുടെ സഹായത്തോടെ വേണം. വിസയുടെ കാലാവധി കഴിഞ്ഞ് പരാതി നൽകാൻ പോയാൽ പൊലീസ് അറസ്റ്റ് ചെയ്യും. അതുകൊണ്ടാണ് എംബസി മുഖേന പരാതി നൽകണമെന്ന് പറയുന്നത്. എൽ.എം.ആർ.എയുടെ സഹായം ഇക്കാര്യത്തിൽ ലഭിക്കും.
വിസയുടെ കാലാവധിയും എൽ.എം.ആർ.എ കാൾ സെന്‍ററിൽനിന്ന് അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.