ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം
• ഒരു തൊഴിലുടമയുടെ കൂടെ ജോലി ചെയ്തശേഷം മറ്റൊരു തൊഴിലുടമയുടെ കൂടെ ജോലി ചെയ്യാൻ മൊബിലിറ്റി ലഭിക്കും. കുറഞ്ഞത് ഒരുവർഷം നിലവിലെ തൊഴിലുടമയുടെ കൂടെ തൊഴിൽ ചെയ്താൽ മാത്രമേ മൊബിലിറ്റി പ്രകാരം വർക്ക് വിസ മാറാൻ സാധിക്കൂ. അതുപോലെ തൊഴിലാളിയുടെ പേരിൽ എൽ.എം.ആർ.എയിൽ ഒഫൻസ് ഒന്നും ഉണ്ടായിരിക്കാനും പാടില്ല.
മൊബിലിറ്റി പ്രകാരം പുതിയ വർക്ക് വിസക്ക് അപേക്ഷിക്കാൻ പുതിയ തൊഴിലുടമക്ക് തൊഴിലാളി സമർപ്പിക്കേണ്ട രേഖകൾ:
1. നിലവിലെ തൊഴിലുടമയുടെ സമ്മതപത്രം വേണം. അല്ലെങ്കിൽ എൽ.എം.ആർ.എയുടെ വെബ്സൈറ്റിൽ ഓൺലൈനിൽ മൊബിലിറ്റിക്ക് സമ്മതിക്കണം. ഈ രീതിയിൽ വിസ മാറാൻ പെട്ടെന്ന് സാധിക്കും. (പുതിയ തൊഴിലുടമക്ക് പുതിയ വർക്ക് വിസക്ക് അർഹതയുണ്ടെങ്കിലും പുതിയ തൊഴിലുടമയുടെ പേരിൽ ഒഫൻസ് ഒന്നുമില്ലെങ്കിലും)
2. മുകളിൽ പറഞ്ഞ രീതിയിലുള്ള രേഖയില്ലെങ്കിൽ നിലവിലെ തൊഴിൽ കരാർ റദ്ദ് ചെയ്തതിന്റെ രേഖകൾ സമർപ്പിക്കണം.
(തൊഴിലുടമക്ക് നിശ്ചിത സമയപരിധിക്കു മുമ്പ് നോട്ടീസ് അയക്കണം. രജിസ്ട്രേഡ് വിത്ത് അക്നോളജ്മെന്റ് കാർഡ് ( പിങ്ക് കാർഡ്) വെച്ചാണ് നോട്ടീസ് അയക്കേണ്ടത്. തൊഴിൽ കരാറിൽ പറയുന്നപ്രകാരം തൊഴിൽ കരാർ അവസാനിപ്പിക്കാൻ നോട്ടീസ് കൊടുക്കണം. ഈ നോട്ടീസിന്റെ കാലാവധി കഴിഞ്ഞാൽ മാത്രമേ പുതിയ വിസ ലഭിക്കുകയുള്ളൂ. തൊഴിൽ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസ് വ്യവസ്ഥകൾ സാധാരണ തൊഴിൽ കരാറിൽ ഉണ്ടായിരിക്കും. ഇത് ഒരു മാസം മുതൽ മൂന്നു മാസം വരെയാണ് സാധാരണ കാണുന്നത്. കരാറിൽ ഇതുസംബന്ധിച്ച് ഒന്നും പറയുന്നില്ലെങ്കിൽ മൂന്നു മാസത്തെ നോട്ടീസ് കൊടുക്കണം.
ചിലപ്പോൾ തൊഴിൽ കരാർ റദ്ദാക്കിയാലുള്ള നഷ്ടപരിഹാരത്തെപ്പറ്റി എഴുതിയിട്ടുണ്ടാകും. ഇത് പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലുടമക്ക് നോട്ടീസ് അയക്കുന്നത് സി. ആറിലുള്ള വിലാസത്തിലായിരിക്കണം. പി.ഒ ബോക്സ് അഡ്രസിൽ അയക്കരുത്. പിങ്ക് കാർഡ് തൊഴിലുടമ ഒപ്പിട്ട് പോസ്റ്റ് ഓഫിസ് വഴി തൊഴിലാളിക്ക് തിരിച്ചുലഭിക്കും. ഇതിന് കുറെ സമയമെടുക്കും. അയച്ച കവർ തിരിച്ചുവരുകയാണെങ്കിൽ അത് തുറക്കാതെ കൊടുത്താലും മതി.)
3. നിലവിലുള്ള തൊഴിൽ കരാറിന്റെ കോപ്പി. ഇത് നോട്ടീസ് കാലാവധി തെളിയിക്കാൻ വേണ്ടിയാണ്.
4. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്പോർട്ട് കോപ്പി
5. സി.പി.ആർ കോപ്പി
6. പുതിയ കരാറിന്റെ കോപ്പി
7. ഫാമിലി ഉണ്ടെങ്കിൽ അവരുടെ പാസ്പോർട്ട് + സി. ആർ കോപ്പികൾ
8. മറ്റ് അധികാരികളുടെ അംഗീകാരം വേണ്ടതുണ്ടെങ്കിൽ അതും വെക്കണം. (ഉദാ. ഡോക്ടർമാർ, നഴ്സുമാർ)
മുകളിൽ പറഞ്ഞ രേഖകൾ സഹിതം പുതിയ തൊഴിലുടമ എൽ.എം.ആർ.എയിൽ മൊബിലിറ്റിക്ക് അപേക്ഷിച്ചാൽ പുതിയ വിസ ലഭിക്കും. മൊബിലിറ്റിക്ക് അംഗീകാരം ലഭിക്കുന്നതുവരെ നിലവിലുള്ള തൊഴിൽ ചെയ്യണം. പുതിയ വിസ അംഗീകരിച്ചാൽ പുതിയ തൊഴിലുടമ അതിന്റെ ഫീസ് 30 ദിവസത്തിനകം കൊടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.