ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?എന്റെ ഭർത്താവ് എട്ട് വർഷമായി ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. 800 ദീനാർ സാലറി സമ്മതിച്ചാണ് ജോലിയിൽ പ്രവേശിച്ചത്. നാല് വർഷം കൃത്യമായി ശമ്പളം ബാങ്കിൽ തന്നിരുന്നു. പിന്നീട് 400 ദീനാറാണ് നൽകിയിരുന്നത്. ഇപ്പോൾ അതുപോലും കൃത്യമായി കിട്ടുന്നില്ല.
ഇതുവരെ ലീവ് സാലറി, ഒന്നും തന്നിട്ടില്ല. ടിക്കറ്റ് ഒരു തവണ മാത്രമേ തന്നിട്ടുള്ളൂ. പിന്നെ സ്വന്തം ടിക്കറ്റ് എടുത്താണ് നാട്ടിൽ പോകാറുള്ളത്. അടുത്ത ഫെബ്രുവരി വരെ വിസ അടിച്ചിട്ടുണ്ട്. ഇപ്പോൾ 59 വയസ്സ് കഴിഞ്ഞു. വേറെ ജോലിക്ക് ശ്രമിക്കുന്നുണ്ട്. വേറെ ജോലി കിട്ടിയാൽ എങ്ങനെ വിസ മാറാൻ കഴിയും? ഇതുവരെ കിട്ടാനുള്ള സാലറി, ലീവ് സാലറി, ഇൻഡമ്നിറ്റി ഒക്കെ എങ്ങനെ വാങ്ങിക്കും -ലക്ഷ്മി
⊿ഇപ്പോഴത്തെ വിസ തീരുന്ന സമയത്ത് ജോലി മാറുന്നതായിരിക്കും നല്ലത്. വിസ പുതുക്കരുതെന്ന് വിസ തീരുന്നതിന് ഒരുമാസം മുമ്പ് കമ്പനിക്ക് നോട്ടീസ് എഴുതിനൽകണം. അതുപോലെ എൽ.എം.ആർ.എയിൽ വിസ പുതുക്കരുത് എന്ന മൊബിലിറ്റി നൽകണം. മൊബിലിറ്റി നൽകിയാൽ പിന്നെ കമ്പനിക്ക് വിസ പുതുക്കാൻ സാധിക്കുകയില്ല. വിസ കാലാവധി കഴിഞ്ഞ് പോകുന്ന സമയം മാത്രമേ, ആനുകൂല്യങ്ങൾ ചോദിക്കാൻ സാധിക്കുകയുള്ളൂ.
തരുന്നില്ലെങ്കിൽ എൽ.എം.ആർ.എയിൽ പരാതി നൽകുക. അല്ലാതെ വേറെ മാർഗമൊന്നുമില്ല. വിസ ഇവിടെ മാറാതെ നാട്ടിൽ തിരികെപ്പോവുകയാണെങ്കിൽ ഒരു ബഹ്റൈനി അഭിഭാഷകന് പവർ ഓഫ് അറ്റോണി കൊടുക്കണം. അദ്ദേഹം ലേബർ കോടതിയിൽ കേസ് നൽകി ആനുകൂല്യങ്ങൾ വാങ്ങിക്കും. അതുപോലെ മൂന്നുമാസത്തിൽ കൂടുതൽ ശമ്പളം കുടിശ്ശികയാണെങ്കിൽ എൽ.എം.ആർ.എയിൽ പരാതി നൽകി ജോലി മാറുവാൻ സാധിക്കും.
● ● ●
?അനന്തരാവകാശികൾ ആരൊക്കെയാണെന്ന് തെളിയിക്കുന്ന രേഖ ഇവിടെ നിന്ന് ശരിയാക്കാൻ സാധിക്കുമോ? അതിന് ഏത് അതോറിറ്റിയെയാണ് സമീപിക്കേണ്ടത്? അത് ഇന്ത്യൻ എംബസി തരുമോ? അതോ വേറെ ഏതെങ്കിലും അതോറിറ്റിയാണോ നൽകുന്നത് -ജേക്കബ്
⊿സാധാരണ അനന്തരാവകാശ രേഖ നൽകുന്നത് നാട്ടിൽനിന്നാണ്. ഇവിടെ നിന്നും അത് ചില സാഹചര്യങ്ങളിൽ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് ലഭിക്കും. അത് കോടതി അംഗീകരിക്കുകയും ചെയ്യും. രണ്ട് രീതിയിൽ ചെയ്യാം.
1. ഏത് മതത്തിലാണോ വിശ്വസിക്കുന്നത്, ആ മതത്തിലെ പ്രീസ്റ്റിന് അല്ലെങ്കിൽ പൂജാരിക്ക് ആരൊക്കെയാണ് അനന്തരാവകാശികളെന്ന് സാക്ഷ്യപ്പെടുത്താം. പ്രീസ്റ്റ്/പൂജാരി സോഷ്യൽ ഡെവലപ്മെന്റ് മിനിസ്ട്രി അംഗീകരിച്ച വ്യക്തിയായിരിക്കണം. അതുപോലെ നോട്ടറി ഓഫിസിലും അദ്ദേഹം പേര് രജിസ്റ്റർ ചെയ്തിരിക്കണം. ആരാധനാലയങ്ങളിൽനിന്ന് ലഭിക്കുന്ന അഫിഡവിറ്റ് സർട്ടിഫിക്കറ്റ് ഒരു നോട്ടറി അറ്റസ്റ്റ് ചെയ്താൽ മാത്രമേ കോടതി അംഗീകരിക്കുകയുള്ളൂ.
2. ഇതല്ലാതെ ഇവിടുത്തെ ഒരു നോട്ടറിയുടെ മുന്നിൽ രണ്ട് സാക്ഷികൾ സഹിതം പോയാലും ആരാണ് അനന്തരാവകാശിയെന്ന് സാക്ഷ്യപ്പെടുത്താൻ സാധിക്കും.
ഇവിടെനിന്ന് ലഭിക്കുന്ന മറ്റു രേഖകളൊന്നുംതന്നെ കോടതി അംഗീകരിക്കുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.