ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം
സ്റ്റുഡന്റ് വിസ ലഭിക്കുന്നത് ഇവിടെയുള്ള ഏതെങ്കിലും യൂനിവേഴ്സിറ്റിയിലോ ഇൻസ്റ്റിറ്റ്യൂട്ടിലോ ഏതെങ്കിലും കോഴ്സിന് അഡ്മിഷൻ ലഭിച്ചാൽ മാത്രമാണ്. പിതാവ് ഇവിടെയുള്ളതുകൊണ്ട് ഏത് യൂനിവേഴ്സിറ്റി/ ഇൻസ്റ്റിറ്റ്യൂട്ടിൽ ആണോ അഡ്മിഷൻ ലഭിച്ചത് അവിടെനിന്ന് കത്ത് വാങ്ങണം. പിതാവിന്റെ കമ്പനി മുഖേന വിസക്ക് അപേക്ഷ നൽകാൻ സാധിക്കും. കോഴ്സിന് അഡ്മിഷൻ എടുക്കുന്നതിനുമുമ്പേ വിസ ലഭിക്കാനുള്ള കത്ത് ആ യൂനിവേഴ്സിറ്റി/ ഇൻസ്റ്റിറ്റ്യൂട്ട് തരുമോ എന്ന് ചോദിച്ചറിയണം.
അതുപോലെ വിദേശരാജ്യത്ത് പഠിക്കാൻ പോകുന്നത് പോലെ ഇവിടെ യൂനിവേഴ്സിറ്റി അഡ്മിഷൻ ലഭിച്ചാൽ യൂനിവേഴ്സിറ്റിതന്നെ കോഴ്സ് കാലത്തേക്കുള്ള സ്റ്റുഡന്റ് വിസ തരും. ഇവിടെ വന്നു താമസിച്ച് പഠിക്കുവാൻ സാധിക്കും. ഇതിന്റെ പൂർണവിവരം ഏത് സ്ഥാപനത്തിലാണോ പഠിക്കാൻ ഉദ്ദേശിക്കുന്നത് അവിടെനിന്ന് ലഭിക്കും.
സാധാരണ വിസക്ക് അപേക്ഷ നൽകുന്നതുപോലെ കുറഞ്ഞത് ആറുമാസത്തെ വാലിഡിറ്റിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. ഇവിടെ സി.പി.ആർ ഉണ്ടെങ്കിൽ അതിന്റെ കോപ്പിയും വേണം. പിതാവിന്റെ സ്ഥാപനം മുഖേന അപേക്ഷ നൽകുകയാണെങ്കിൽ പിതാവിന്റെ രേഖകൾ മുഴുവൻ അവർ സമർപ്പിക്കും. കോഴ്സിന്റെ കാലദൈർഘ്യം അനുസരിച്ചാണ് സ്റ്റുഡന്റ് വിസ ലഭിക്കുന്നത്.
പിതാവിന്റെ ഡിപ്പൻഡന്റ് ആയിട്ട് വേണമെങ്കിലും മക്കൾക്ക് ഇവിടെ വരുവാൻ സാധിക്കും. ആ വിസ 24 വയസ്സ് വരെ എൽ. എം.ആർ.എ മുഖേന ലഭിക്കും. അത് കഴിഞ്ഞാൽ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽനിന്ന് ലഭിക്കും. സാധാരണ ഫാമിലി/ ഡിപ്പൻഡന്റ് വിസ ലഭിക്കാൻ 400 ദിനാർ ബേസിക് സാലറി മതി.
24 വയസ്സ് കഴിഞ്ഞ മക്കളുടെ വിസ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് മുഖേന ലഭിക്കണമെങ്കിൽ കുറഞ്ഞത് 1000 ദീനാർ ശമ്പളമുണ്ടായിരിക്കണം. ഈ തുക GOSI യിൽ കാണിച്ചിരിക്കണം. അതുപോലെ പെൺമക്കളുടെ വിസക്ക് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും വിവാഹിത അല്ലെന്നുള്ള രേഖകളും നൽകണം. ഒരു അഫിഡവിറ്റ് നൽകിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.