പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും വിവിധ കാരണങ്ങളാൽ വർഷങ്ങൾക്കുശേഷം ബഹ്റൈനിലേക്ക് തിരിച്ചുവരുന്നവരുണ്ട്. കൂടുതൽ മെച്ചപ്പെട്ട അവസരം ലഭിക്കുക, സാമ്പത്തിക ബാധ്യതകൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടാകാം പലരും തിരിച്ചുവരുന്നത്. പുതിയ തൊഴിൽ വിസയിൽ ബഹ്റൈനിലേക്ക് തിരിച്ചുവരുന്നവർ ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കുഴപ്പത്തിലാകാൻ സാധ്യതയുണ്ട്. വിസ റദ്ദാക്കി തിരിച്ചുപോയവരുടെയും വിരലടയാളം ഉൾപ്പെടെ ബയോമെട്രിക് വിവരങ്ങൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി(എൽ.എം.ആർ.എ)യിൽ സൂക്ഷിച്ചിട്ടുണ്ടാകും. പലരും നാട്ടിലെത്തിയശേഷം പാസ്പോർട്ട് പുതുക്കുകയും ചെയ്തിട്ടുണ്ടാകും. ഇത്തരക്കാർ തൊഴിൽ വിസക്ക് അപേക്ഷിക്കുമ്പോൾ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കണം.
പുതിയ വിസക്ക് അപേക്ഷിക്കുമ്പോൾ മുമ്പ് ഏതെങ്കിലും പാസ്പോർട്ട് ഉണ്ടായിരുന്നോ എന്ന് എൽ.എം.ആർ.എ ചോദിക്കുന്നുണ്ട്. ആ സമയത്ത് 'ഉണ്ട്' എന്നാണ് ഉത്തരം നൽകുന്നതെങ്കിൽ പഴയ പാസ്പോർട്ട് വിവരങ്ങൾ രേഖപ്പെടുത്താൻ ആവശ്യപ്പെടും. ഇതുവഴി ബഹ്റൈനിലെ പഴയ സി.പി.ആർ നമ്പർ അപേക്ഷകന് ലഭിക്കും. എന്നാൽ, ഇല്ല എന്നാണ് ഉത്തരം നൽകുന്നതെങ്കിൽ പുതിയ സി.പി.ആർ നമ്പറായിരിക്കും ലഭിക്കുക.
പഴയ പാസ്പാസ്പോർട്ട് ഉള്ളകാര്യം മറച്ചുവെച്ച് വിസ എടുത്താൽ പുതിയ ഒരാളായിട്ടാണ് കമ്പ്യൂട്ടർ സംവിധാനം പരിഗണിക്കുക. എന്നാൽ, ഇവർ ബഹ്റൈൻ വിമാനത്താവളത്തിൽ എത്തിയശേഷം വിരലടയാളം രേഖപ്പെടുത്തുന്ന സമയത്ത് മുമ്പ് നൽകിയ ബയോമെട്രിക് വിവരങ്ങൾ അധികൃതർക്ക് ലഭ്യമാകും. ഒരേ ബയോമെട്രിക് അടയാളങ്ങളിൽ രണ്ടുപേർ എന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടാവുക.
ഇത്തരം സാഹചര്യങ്ങളിൽ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്താതെ യാത്രക്കാരനെ ബഹ്റൈനിൽ ഇറങ്ങാൻ അനുവദിക്കുമെങ്കിലും എൽ.എം.ആർ.എയിൽ പഴയ പാസ്പോർട്ട് വിവരങ്ങൾ നൽകി രേഖകൾ ക്രമപ്പെടുത്താൻ ആവശ്യപ്പെടും. ഇതിന് ഒരുമാസത്തിലധികം സമയമെടുക്കും. അതിനുശേഷമേ പുതിയ വിസ നിയമവിധേയമാക്കാൻ സാധിക്കൂ. അതിനാൽ, തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ പുതിയ സ്പോൺസറുടെ പക്കൽ പഴയ പാസ്പോർട്ട്, സി.പി.ആർ വിവരങ്ങളും നൽകണം. തൊഴിൽ വിസക്ക് അപേക്ഷിക്കുമ്പോൾ സ്പോൺസർ ഈ വിവരങ്ങൾ എൽ.എം.ആർ.എയിൽ നൽകണം. പഴയ സി.പി.ആർ നമ്പർ പുതുക്കി ലഭിക്കുന്നതുവഴി ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ മുമ്പുണ്ടായിരുന്ന മറ്റ് രേഖകളും നിയമവിധേയമാക്കാൻ സാധിക്കും.
നാട്ടിൽവെച്ച് പാസ്പോർട്ടിലെ ജനനത്തീയതി മാറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യം ബഹ്റൈൻ എമിഗ്രേഷനിൽ അപ്ഡേറ്റ് ചെയ്തതിനുശേഷമേ പുതിയ തൊഴിൽ വിസക്ക് അപേക്ഷിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം, വിമാനത്താവളത്തിൽനിന്ന് യാത്രക്കാരെ തിരിച്ചയക്കും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.