ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
1. ഇവിടെ ഒരു സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുന്നതിന് എന്തെങ്കിലും മുൻകരുതലുകൾ എടുക്കണമോ? പ്രത്യേകിച്ച് തൊഴിലാളികളെ സംബന്ധിച്ച്. ഞങ്ങളുടെ സ്ഥാപനം ഒരു വിദേശ കമ്പനിയുടെ ബ്രാഞ്ച് ഓഫിസാണ്. ഞങ്ങൾ കുറെ അധികം തൊഴിലാളികളുണ്ട് -ഒരു വായനക്കാരൻ
• തൊഴിൽ നിയമത്തിൽ ഇക്കാര്യത്തിന് പ്രത്യേക വ്യവസ്ഥയുണ്ട്. അതുപ്രകാരം ഒരു സ്ഥാപനം അടക്കുന്നതിന് ഒരു മാസം മുമ്പേ തൊഴിൽ മന്ത്രാലയത്തിന് നോട്ടീസ് നൽകണം. സ്ഥാപനം അടക്കുന്നതിനുള്ള വ്യക്തമായ കാരണങ്ങൾ മന്ത്രാലയത്തെ അറിയിച്ചിരിക്കണം. ഒരു മാസത്തെ നോട്ടീസ് സമയം കഴിയുമ്പോൾ തൊഴിലാളികൾക്ക് ഒരു മാസത്തെ നോട്ടീസ് നൽകി സ്ഥാപനത്തിന് തൊഴിൽ കരാറുകൾ റദ്ദ് ചെയ്യാൻ സാധിക്കും.
സാധാരണ തൊഴിൽ കരാർ റദ്ദ് ചെയ്യുമ്പോൾ നൽകേണ്ട എല്ലാ ആനുകൂല്യങ്ങളും തൊഴിലുടമ തൊഴിലാളികൾക്ക് നൽകണം. തൊഴിൽ മന്ത്രാലയത്തെ അറിയിച്ച് സ്ഥാപനം അടക്കുന്നതുകൊണ്ട് സ്ഥാപനത്തിന് ഒരു ആനുകൂല്യമുണ്ട്. അതായത് സാധാരണ നൽകുന്ന നഷ്ടപരിഹാരത്തിന്റെ പകുതി തൊഴിലാളികൾക്ക് നൽകിയാൽ മതി.
സാധാരണഗതിയിൽ ജോലി ചെയ്ത ഓരോ മാസത്തിനും രണ്ടു ദിവസത്തെ ശമ്പളം എന്ന നിരക്കിലാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇതിന്റെ പകുതി അതായത് ഒരു ദിവസത്തെ ശമ്പളം നഷ്ടപരിഹാരം നൽകിയാൽ മതി. തൊഴിൽ നിയമപ്രകാരം ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങൾക്കും പുറമെയാണ് നഷ്ടപരിഹാരം ലഭിക്കുന്നത്.
2. വിൽപത്രം ഇവിടെ എഴുതാൻ സാധിക്കുമോ. ആരുടെ മുന്നിലാണ് അത് ഒപ്പുവെക്കേണ്ടത്. ഇവിടത്തെ എംബസിയുടെ മുന്നിൽ വെച്ച് ഒപ്പുവെക്കാൻ സാധിക്കുമോ. അതോ നോട്ടറിയെ സമീപിക്കണോ. അങ്ങനെ ഒരു വിൽപത്രം ഉണ്ടെങ്കിൽ എന്റെ ഇവിടെയുള്ള ബാങ്ക് അക്കൗണ്ടും ആസ്തികളും എന്റെ കുടുംബത്തിന്റെ പേരിലേക്ക് മാറ്റാൻ കഴിയുമോ? -സന്തോഷ് റിഫ
• വിൽപത്രം ഇവിടെ എഴുതുന്നതിന് നിയമ തടസ്സങ്ങളൊന്നുമില്ല. രണ്ടു സാക്ഷികളുടെ മുന്നിലാണ് വിൽപത്രം ഒപ്പുവെക്കേണ്ടത്. ഇന്ത്യൻ എംബസിയിൽ കോൺസലിന്റെ മുന്നിൽവെച്ച് ഒപ്പുവെക്കുന്നതിന് തടസ്സമൊന്നുമില്ല. ഇന്ത്യൻ നിയമപ്രകാരം ഈ വിൽപത്രം നാട്ടിൽ കോടതി മുഖേന പ്രൊബേറ്റ് ചെയ്യണം. എന്നാൽ മാത്രമേ വിൽപത്രത്തിന് അംഗീകാരം ലഭിക്കൂ. ഇന്ത്യയിൽ അംഗീകാരം ലഭിച്ച വിൽപത്രം ഇവിടെ കോടതിയിൽ സമർപ്പിക്കണമെങ്കിൽ നാട്ടിലെ കോടതി ഉത്തരവിന്റെ കോപ്പി അപ്പോസ്റ്റിൽ ചെയ്തത് ഇവിടെ കൊണ്ടുവരണം.
വിൽപത്രം എഴുതിയതുകൊണ്ട് മാത്രം ഇവിടെയുള്ള ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ മറ്റ് ആസ്തികൾ കുടുംബത്തിന്റെ പേരിലേക്ക് മാറ്റാൻ സാധിക്കുകയില്ല. ബാക്കി നടപടികൾ എല്ലാം പൂർത്തിയായാൽ മാത്രമേ വിൽപത്ര പ്രകാരം കാര്യങ്ങൾ നടത്താൻ സാധിക്കൂ. വിൽപത്രം ഇവിടെയുള്ള ഒരു നോട്ടറി അറ്റസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രമേ ഇവിടെയുള്ള കോടതി സ്വീകരിക്കൂ. ഇവിടത്തെ കോടതി വിൽപത്രപ്രകാരം ഒരു ഓർഡർ നൽകിയാൽ മാത്രമേ വിൽപത്രപ്രകാരമുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.