മനാമ: പൂർണമായോ ഭാഗികമായോ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളും കമ്പനികളും വാണിജ്യ രജിസ്ട്രേഷന് (സി.ആർ) കൂടുതൽ ഫീസ് അടക്കേണ്ടി വന്നേക്കും. ജലാൽ കാധേമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് പ്രവാസികൾക്ക് സ്വദേശികളേക്കാൾ കൂടുതൽ ഫീസ് ഏർപ്പെടുത്തുന്ന വിധത്തിൽ 2015ലെ വാണിജ്യ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതികൾ അവതരിപ്പിച്ചത്.
കൂടുതൽ പ്രാദേശിക സംരംഭകർക്ക് അവസരം നൽകാനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും പണം ഇവിടെത്തന്നെ വിനിമയം ചെയ്യപ്പെടാനും ഇതിടയാക്കുമെന്നാണ് എം.പിമാരുടെ അഭിപ്രായം. നിലവിൽ, ഒരു സി.ആർ രജിസ്ട്രേഷനോ പുതുക്കുന്നതിനോ 50 ദീനാറാണ് ഫീസ്. ഓരോ മൂന്ന് വാണിജ്യ പ്രവർത്തനങ്ങൾക്കും പ്രതിവർഷം 100 ദീനാർ ഈടാക്കുന്നു. ഇതിൽ സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ല.
നിർദിഷ്ട ഭേദഗതികൾ പ്രകാരം, ബഹ്റൈനികളുടെ പൂർണ ഉടമസ്ഥതയിലുള്ള ബിസിനസുകളും കമ്പനികളും ഓരോ വാണിജ്യ പ്രവർത്തനത്തിനും 10 ദീനാർ മാത്രമെ നൽകേണ്ടതുള്ളൂ. മാത്രമല്ല ആദ്യ മൂന്ന് വാണിജ്യ ആക്ടിവിറ്റികൾ സൗജന്യമായിരിക്കും. ഭേദഗതികൾ വിദേശ ബിസിനസുകൾക്കോ കമ്പനികൾക്കോ എതിരല്ലെന്നാണ് എം.പിമാരുടെ അഭിപ്രായം.
ബഹ്റൈനിലെ നിരക്കുകൾ മേഖലയിലെ മറ്റേതൊരു രാജ്യത്തെക്കാളും കുറഞ്ഞതാണെന്നും ജലാൽ കാധേം പറയുന്നു. സ്വദേശികൾക്കായി നിർദേശിച്ച പുതിയ നിരക്കുകൾ രാജ്യത്ത് കൂടുതൽ ദേശീയ ബിസിനസുകളും കമ്പനികളും സൃഷ്ടിക്കപ്പെടുന്നതിനിടയാകും. പണപ്പെരുപ്പവും വർധിച്ചുവരുന്ന ചെലവുകളും മൂലമുണ്ടാകുന്ന സ്തംഭനാവസ്ഥയെ നിയന്ത്രിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകുമെന്നും എം.പിമാർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിലവിൽ 83,877 സജീവ വാണിജ്യ രജിസ്ട്രേഷനുകളുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു വെളിപ്പെടുത്തി.
ഇതിൽ 35 ശതമാനം പൂർണമായോ ഭാഗികമായോ പ്രവാസികളുടെ ഉടമസ്ഥതയിലാണ്.
2022 ഡിസംബർ മുതൽ 2,911 ജനറൽ സി.ആറുകൾ പ്രവർത്തനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജീവ സി. ആറുകളിൽ 54,725 (65 ശതമാനം) പൂർണമായും ബഹ്റൈനികളുടെ ഉടമസ്ഥതയിലാണ്, 13,372 (16 ശതമാനം) പൂർണമായും പ്രവാസികളുടെ ഉടമസ്ഥതയിലാണ്. 15,730 (19 ശതമാനം) സ്വദേശി- പ്രവാസി സംയുക്ത സംരംഭങ്ങളാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.