മനാമ: പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ലംഘനങ്ങൾക്കുള്ള ശിക്ഷസമ്പ്രദായത്തിൽ മാറ്റം വേണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. വലിയ സ്ഥാപനങ്ങൾ നടത്തുന്ന ലംഘനങ്ങൾക്ക് കൂടുതൽ ശിക്ഷ വേണമെന്നാണ് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗം ബസ്സെമ അൽ മുബാറക്കിന്റെ നേതൃത്വത്തിലുള്ള അഞ്ച് പാർലമെന്റ് അംഗങ്ങളുടെ ആവശ്യം. നിലവിൽ വർക്ക് പെർമിറ്റ് ലംഘനങ്ങൾക്കുള്ള ശിക്ഷനിരക്ക് ഏത് കുറ്റമായാലും 1000 ദീനാറാണ്. ഇതിനുപകരം ലംഘനത്തിന്റെ തോതനുസരിച്ച് 100 ദീനാർ മുതൽ 1000 ദീനാർ വരെ ആക്കണമെന്നാണ് ആവശ്യം.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് 1000 ദീനാർ ശിക്ഷ വരുന്നത് അവരെ ബാധിക്കുന്നുണ്ട്. 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമ ഭേദഗതിയനുസരിച്ച് പിഴ ചുമത്തുന്നതിനുമുമ്പ് വാക്കാലുള്ളതും രേഖാമൂലവുമായ മുന്നറിയിപ്പ് നൽകണം. നിർമാണ മേഖലയിലാണ് പ്രവാസി തൊഴിലാളികൾ ഏറെയും ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വർക്ക് പെർമിറ്റ് ലംഘനങ്ങൾ ഏറെയും നടക്കുന്നതും അവിടെയാണ്. നിയമ ലംഘനങ്ങളുടെ തീവ്രത അനുസരിച്ച് പിഴ നിശ്ചയിക്കണം. മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാൽ കൂടുതൽ ശിക്ഷകൾ നൽകുകയും വേണമെന്നും എം.പിമാർ ചൂണ്ടിക്കാണിക്കുന്നു. ക്രമരഹിതമായ പ്രവാസി തൊഴിലാളികൾകളെ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന നടക്കുന്നുണ്ട്.
നാല് ഗവർണറേറ്റുകളിൽ ലേബർ ഇൻസ്പെക്ടർമാർ കാമ്പയിനുകളും സന്ദർശനങ്ങളും നടത്തുന്നു. ശരിയായ തൊഴിൽ പെർമിറ്റുകളില്ലാതെ വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നതിനെതിരെ കർശന നടപടിയാണ് രാജ്യം സ്വീകരിച്ചുവരുന്നത്.
ടൂറിസ്റ്റ് വിസകളിൽ വന്നതിനുശേഷം ജോലി ചെയ്യുക, തൊഴിൽ തേടുക എന്നിവയെ രാജ്യം വിലക്കിയിട്ടുണ്ട്. തൊഴിലാളികൾ കമ്പനികൾ നൽകുന്ന ശരിയായ വർക്ക് പെർമിറ്റിലാണ് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.